മനുഷ്യൻ = കടക്കാരൻ

0

പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50) ധ്യാനം -14

ഏറ്റവും സ്വതന്ത്രനായ മനുഷ്യനാര്? യാതൊരുവിധത്തിലുമുള്ള കടമകളും കടപ്പാടുകളും ഇല്ലാതെ ജീവിക്കാൻ കഴിയുന്നവനാണ് ഏറ്റവും സ്വതന്ത്രൻ. അങ്ങനെയെങ്കിൽ സ്വാഭാവികമായി ഭൂമിയിൽ സ്വതന്ത്രരായി ആരുമില്ല. ഏറ്റവും വലിയ ധനികനായവനുപോലും മാനുഷീകമായ, ധാർമ്മീകമായ, മതപരമായ കടമകൾ ഉണ്ടായിരിക്കും. പണം ഒരാളെയും സ്വാതന്ത്രനാക്കുന്നുമില്ല. സ്വന്തം ചോര നൽകി, നൊന്തുപ്രസവിച്ച അമ്മയോടുള്ള കടപ്പാട് തീർക്കാനാകുമോ? നെഞ്ചിലെ ചൂട് തന്നു വളർത്തിയ അപ്പച്ചനോടുള്ള കടപ്പാട് മറക്കാനാകുമോ? ഒരേതലയിണയിലുറങ്ങിയ സഹോദരസ്നേഹങ്ങളോട് എങ്ങിനെ കടങ്ങൾ തീർക്കും? അതുവരെ സ്വന്തമായതെല്ലാം ഉപേക്ഷിച്ചു നിന്നോടുകൂടിയ സഖിയോട് കടപ്പാടുകൾ മാത്രമാണോ ഉള്ളത്? പെട്ടെന്നെത്തിയ മഴയിൽ കുടയിൽ കയറ്റിയ സഹപാഠി മുതൽ, നിനക്ക് ജോലികിട്ടാനായി, സ്വന്തം നാണയകുടുക്ക പൊട്ടിച്ച് അപ്ലിക്കേഷൻ ഫോം വാങ്ങാൻ പണം തന്ന ചങ്ങാതിവരെ എത്രയോ പേരോടാണ് നിന്റെ ഈ ജീവിതം കടപ്പെട്ടിരിക്കുക.

എന്റെ ജീവിതത്തിൽ ഈ കടങ്ങളൊന്നും എനിക്ക് വീട്ടാനാകില്ല. എന്റെ പണമോ, പ്രശസ്തിയോ, കഴിവുകളോ ഒന്നും കടങ്ങൾ ഇല്ലാതാക്കുന്നില്ല. ഈ കടങ്ങളൊന്നും നിനക്ക് വീട്ടാനാകില്ലെന്നു ചുരുക്കം.

വി.ഗ്രന്ഥവായനയിൽ ‘വീട്ടാൻ നിർവാഹമില്ലാത്തതുകൊണ്ട്’ കടം വാങ്ങിയവർക്ക് ഉത്തമർണ്ണൻ കടം ഇളവുചെയ്തുകൊടുത്തു എന്ന് നാം വായിക്കുന്നു. എത്ര അദ്ധ്വാനിച്ചാലും എന്തെല്ലാം പണയം വച്ചാലും എന്തെല്ലാം വിറ്റ് നൽകിയാലും ആ കടങ്ങൾ വീട്ടാൻ ആ പാവങ്ങൾക്ക് സാധിക്കില്ലെന്ന് ഉത്തമർണ്ണൻ മനസ്സിലാക്കുന്നു. ആരും ശുപാർശചെയ്യാൻ ഇല്ലാതിരുന്നിട്ടും ആ മനുഷ്യൻ കടങ്ങൾ ഇളച്ചുകൊടുക്കുകയാണ്.

മനസ്സ് ശാന്തമാക്കി ചിന്തിച്ചാൽ എന്റെ ചുറ്റിലുമുള്ളവർ എന്റെ കടങ്ങൾ ഇളച്ചുതന്നവരാണ്‌. എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സൗഹൃദങ്ങൾ, ജീവിതപങ്കാളി ഇവരെല്ലാം എന്നും എന്റെ കടങ്ങൾ എഴുതിതള്ളുന്നവർ.

ഇപ്പോൾ നീ ആസ്വദിക്കുന്ന ജീവിതം ഒത്തിരിപേരുടെ ഔദാര്യമാണ്- ചുറ്റുമുള്ളവർ നിനക്ക് തിരിച്ചുനല്കാൻ കഴിയില്ല എന്നറിഞ്ഞു, ഇളച്ചുനല്കിയതാണ് നിന്റെ കടങ്ങൾ. എല്ലാറ്റിനുമുപരിയായി നിന്റെ കടങ്ങളെല്ലാം മറന്നുപേക്ഷിച്ചുകൊണ്ടു ഇളവുകളുടെ തമ്പുരാനും. നമുക്ക് എളിമയുള്ളവരാകാം.

ശുഭരാത്രി

Fr Sijo Kannampuzha OM