ക്ഷണം

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -3

ക്ഷണിക്കപ്പെട്ട എത്രയോ ഇടങ്ങളിലാണ് നാം പോകാതിരിക്കുക. പോകാൻ ആഗ്രഹിച്ച എത്രയോ ഇടങ്ങളിലാണ് നാം ക്ഷണിക്കപ്പെടാതിരിക്കുക. ആഗ്രഹിച്ച ഇടങ്ങളിൽ ക്ഷണിക്കപ്പെടാതിരിക്കുന്നതും ഇഷ്ടമില്ലാത്ത ഇടങ്ങളിൽ പോകേണ്ടിവരുന്നു എന്നുള്ളതും ഇന്നു സാധാരണമാണ്.

യേശുവിനെ ഒരു ഫരിസേയൻ ഭക്ഷണത്തിനായി ക്ഷണിക്കുന്നതും യേശു ക്ഷണം സ്വീകരിച്ചു ഭക്ഷണം കഴിക്കാനായി അവന്റെ ഭവനത്തിലെത്തുന്നതും നാം വായിക്കുന്നു. ഫരിസേയനാണെന്നും ഒരു പക്ഷേ സ്വന്തം ആഢ്യത്വം പ്രദർശിപ്പിക്കാനും മറ്റുള്ളവരുടെ മുൻപിൽ പ്രശസ്തനാകാനും ആയിരിക്കാം ആ ഫരിസേയൻ യേശുവിനെ ക്ഷണിച്ചത്. പക്ഷേ യേശു അതൊന്നും ഗൗനിക്കാതെ അവന്റെ ഭവനത്തിൽ പ്രവേശിക്കുന്നു, അവനോടൊപ്പം ഭക്ഷണത്തിനിരിക്കുന്നു.

ഈശോ തന്റെ മുൻപിൽ ക്ഷണവുമായി എത്തിയ ആരെയും നിരാശപ്പെടുത്തിയില്ല. സക്കേവൂസും മറിയവും, മർത്തയും, പത്രോസും, ജയ്‌റോസുമെല്ലാം ഇന്നത്തെ ഫരിസേയനെപ്പോലെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചവരാണ്. ക്ഷണിക്കുക എന്നത് യേശുവിനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവന്റെ ഉത്തരവാദിത്വമാണ്.

എന്റെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക്, ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക്, ശാന്തമാകാത്ത അവസ്ഥകളിലേക്ക് ഞാനും ക്രിസ്തുവിനെ ക്ഷണിക്കേണ്ടിയിരിക്കുന്നു.. ഇനിയെങ്കിലും…
ശുഭരാത്രി

🖋

️Fr Sijo Kannampuzha OM