എഴുതാന്‍ പ്രായമുണ്ടോ?

0
എഴുതാന്‍ പ്രായമുണ്ടോ? പലരുടെയും ധാരണ കൃത്യമായ ഒരു കാലത്ത് മാത്രമേ എഴുതാന്‍ കഴിയൂ എന്നാണ്. അത് മിക്കവാറും യൗവനകാലവുമായിരിക്കും. കാരണം നമ്മുടെ പല എഴുത്തുകാരും പ്രായമേറെയായപ്പോള്‍ നിശ്ശബ്ദതയിലേക്ക് മടങ്ങുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. യൗവനത്തില്‍ സര്‍ഗ്ഗശക്തി മുഴുവന്‍ പ്രകടമാക്കിയതിന് ശേഷം നിശ്ശബ്ദതയിലേക്ക് മടങ്ങിയവര്‍. എന്നാല്‍ ചിലരുണ്ട് ചെറുപ്പത്തില്‍ അധികമൊന്നും എഴുതാതിരിക്കുകയും പ്രായമായപ്പോള്‍ എഴുതിതുടങ്ങുകയും ചെയ്തവര്‍. അത്തരക്കാര്‍ പലരുമുണ്ടാവാം. എന്നാല്‍ അതേക്കുറിച്ച് പറയുമ്പോള്‍ എന്റെ ഓര്‍മ്മയിലേക്ക് വരുന്നത് ഒരാളാണ്. എന്റെ ജീവിതവുമായി വളരെയധികം ചേര്‍ന്നുനിന്നിരുന്ന വ്യക്തി.ഒരുപക്ഷേ നിങ്ങളില്‍ ചിലരെങ്കിലും ആ പേര് കേട്ടിട്ടുണ്ടാവാം. കാരണം നമ്മുടെ  ക്രൈസ്തവസാഹിത്യത്തിന് ആറേഴ് പുസ്തകങ്ങള്‍ ആ വ്യക്തി സംഭവന ചെയ്തിട്ടുണ്ട്. വയലറ്റ് ചീക്കു എന്നാണ് പേര്. ഞാന്‍ ് സ്‌നേഹപൂര്‍വ്വം  അമ്മച്ചി എന്നാണ് വിളിക്കാറുണ്ടായിരുന്നത്.   നസ്രത്തിലെ ഓക്കുമരവും നസ്രത്തിലെ വാടാമലരും  അമ്മച്ചിയുടെ  അത്യാവശ്യം പോപ്പുലറായ പുസ്തകങ്ങളാണ്.  യൗസേപ്പിതാവിനെയും മാതാവിനെയും കുറിച്ചാണ് ആ പുസ്തകങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്.  പറഞ്ഞുവന്നത് അമ്മച്ചി തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് എഴുതിതുടങ്ങിയത് എന്നാണ്. മക്കളുടെ ഉത്തരവാദിത്തം തീര്‍ന്നു. ഭര്‍ത്താവ് മരിച്ചുപോയി. തികച്ചും ഏകാന്തതയില്‍ എറണാകുളത്തെ ഒരു വീട്ടില്‍ കഴിഞ്ഞുകൂടൂമ്പോള്‍ ദൈവമനുഷ്യന്റെ സ്‌നേഹഗീത വായിച്ചപ്പോള്‍ ഉണ്ടായ പ്രചോദനത്തില്‍ എഴുതിത്തുടങ്ങിയതാണ്. പക്ഷേ ആരെയെങ്കിലും കാണിക്കാനോ പ്രസിദ്ധീകരണത്തിലേക്ക് അയ്ക്കാനോ ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ്  ഒരുപരിചയക്കാരന്‍ വഴി എനിക്ക് ആ ലേഖനം അയക്കുന്നത്. അന്ന് ഞാനൊരു മാധ്യമസ്ഥാപനത്തില്‍  ജോലി ചെയ്യുന്ന സമയമാണ്. അമ്മച്ചിയുടെ പരിചയക്കാരന്‍ എന്റെ സുഹൃത്തായതുകൊണ്ട് അയാള്‍ വഴിയാണ് അമ്മച്ചി എഴുതിയ ആദ്യത്തെ ലേഖനം എന്റെ കയ്യില്‍ കിട്ടിയത്. അന്ന് എനിക്ക് ഈ വയലറ്റ് ചീക്കു ആരാണെന്ന് അറിയില്ല. ദിവസം തോറും ഡസ്‌ക്കിലെത്തുന്ന മാറ്ററുകള്‍ക്കിടയില്‍ ഒന്ന്..ഏതോ ഒരു എഴുത്തുകാരി. വായിച്ചുനോക്കിയപ്പോള്‍ അതൊട്ടും പ്രസിദ്ധീകരണ യോഗ്യവുമായിരുന്നില്ല. എട്ടുപത്തു പേജില്‍ ദൈവമനുഷ്യന്റെ സ്‌നേഹഗീത പകര്‍ത്തിവച്ചിരിക്കുന്നു. പിന്നെയൊരു ദിവസം മറുപടി അറിയാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു അത് പറ്റില്ല എന്ന്. പക്ഷേ  ആ പ്രായത്തെ മാനിച്ച് ഞാന്‍  വേറെയെന്തെങ്കിലുമൊക്കെ എഴുതാന്‍ ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം ആശയങ്ങള്‍ വരത്തക്ക രീതിയില്‍. എന്തായാലും ആ വാക്ക് അമ്മച്ചിക്ക് വലിയ പ്രചോദനമായി. അധികം വൈകാതെ എന്റെ പേരില്‍ അമ്മച്ചിയുടെ ലേഖനങ്ങള്‍ വന്നുതുടങ്ങി. നല്ല രീതിയില്‍ എഡിറ്റിങ് നടത്തി ടൈറ്റിലൊക്കെ മാറ്റി വച്ചു ഞാന്‍ അത് കൊടുത്തുതുടങ്ങി. അമ്മച്ചിയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായിരുന്നു. അവിടെ നിന്ന് തുടങ്ങിയ ആത്മബന്ധം അമ്മച്ചി മരിക്കും വരെ തുടര്‍ന്നുപോന്നിരുന്നു. അതിനിടയിലായിരുന്നു ആറേഴ് പുസ്തകങ്ങള്‍ എഴുതിയത്. ഇനിയും എഴുതാന്‍ ഒരുപാട് ബാക്കിവച്ചിട്ട് അമ്മച്ചി നാലുവര്‍ഷം മുമ്പ് കാന്‍സര്‍ മൂലം മരണമടയുമ്പോള്‍ എണ്‍പതിനടുത്ത പ്രായമുണ്ടായിരുന്നു. ഏതാണ്ട്  ആറേഴ് വര്‍ഷം കൊണ്ടായിരുന്നു അമ്മച്ചി എഴുതിയത് മുഴുവന്‍. പറയാന്‍ ഉദ്ദേശിച്ചത് മറ്റൊന്നുമല്ല.എഴുതാന്‍  വാസനയുണ്ടെങ്കില്‍, ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ എഴുതുക തന്നെ ചെയ്യും. ചില അനുകൂലസാഹചര്യങ്ങളും ശ്രമങ്ങളും ആഗ്രഹങ്ങളും അതിനുണ്ടാവണമെന്ന് മാത്രം.  എഴുതാന്‍ പ്രായം കുറവായിരിക്കണം എന്നൊന്നുമില്ല. ഇന്ന പ്രായത്തിലേ എഴുതാവൂ എന്നുമില്ല. കാലം തെറ്റിയും ഇപ്പോള്‍ മഴ പെയ്യാറില്ലേ അതുപോലെ ഏതു കാലത്തും എപ്പോള്‍ വേണമെങ്കിലും എഴുത്തു വരാം.  മഴ കാത്ത് മണ്ണില്‍ കിടക്കുന്ന വിത്തുപോലെയാണ് എഴുത്ത്. അനുകൂല സാഹചര്യത്തില്‍ അത് പുറത്തേക്ക് വരികയും ഫലം തരുകയും ചെയ്യും.
വിനായക് നിര്‍മ്മല്‍