വലുത് പാരമ്പര്യമോ?

0

അവന്‍ മറുപടി പറഞ്ഞു: നിങ്ങളുടെ പാരമ്പര്യത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌? (മത്തായി 15:3)

ഏകദേശം മുന്നൂറു വർഷങ്ങൾക്കുമുൻപ് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആലപ്പുഴയിലെ ചേർത്തലയിൽ നിന്നുള്ള നങ്ങേലിയെ ഓർമ്മയുണ്ടോ? മുലക്കരം പിരിക്കാനായി വന്ന പ്രവൃത്തിയാരുടെ മുന്നിൽ നഷ്ടപ്പെട്ട മാനത്തിന്‍െറയും അനുഭവിച്ച യാതനകളുടെയും വൈകാരിഗാഗ്നിയിൽ കത്തിച്ചുവെച്ച വിളക്കിനുമുൻപിൽ വാഴയിലയിൽ സ്വന്തം മാറ് മുറിച്ചുവച്ചു മരിച്ചുവീണ നങ്ങേലി. അവളുടെ ഭർത്താവ് കണ്ടപ്പനും അവളുടെ ചിതയിൽ ചാടി മരിച്ചെന്നാണ് ഐതിഹ്യം.

ചേർത്തലയിൽ മാത്രമല്ല, മനുഷ്യൻ എന്നെല്ലാം, എവിടെയെല്ലാം അപരനെ ഒരു ഉപഭോഗവസ്തുവായി കണ്ടുവോ അവിടെയെല്ലാം നങ്ങേലിമാരും കണ്ടപ്പൻമാരും കഴുവിലേറ്റപ്പെടുന്നുണ്ട്, ജാതിയുടെയും, വർണ്ണത്തിന്‍െറയും, മതത്തിന്‍െറയും അവസാനം പാരമ്പര്യത്തിന്‍െറയും പേരിൽ വരെ. ഇളങ്കോ അടികൾ രചിച്ച തമിൾ ഇതിഹാസമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയും അന്യായമായി പാണ്ട്യരാജാവ് തന്‍െറ ഭർത്താവിനെ വധിച്ചതിൽ മുലപറിച്ചെറിഞ്ഞു പ്രതിഷേധിച്ചതായി കഥയുണ്ട്.

ഉടയവൻ നൽകിയ കല്പനകൾ ഏറ്റവും മുകളിലായി അവനെ സ്നേഹിക്കാനും, സ്വന്തം പോലെ സഹോദരനെ സ്നേഹിക്കാനുമാണ്. പക്ഷേ മനുഷ്യൻ അവന്‍െറ സ്വാർത്ഥലാഭത്തിനായി, പേരിനും, പ്രശസ്തിക്കും, സുഖങ്ങൾക്കുമായി ഈ കല്പനകളെല്ലാം കാറ്റിൽപറത്തി. പലപ്പോഴും അതിനവർ കണ്ടെത്തിയ എളുപ്പവഴി ‘പാരമ്പര്യ’മായിരുന്നു. പാരമ്പര്യത്തിന്‍െറ പേരിൽ ആരാധന പോലും നിഷേധിക്കപ്പെട്ട ചരിത്രം മനുഷ്യർക്കുണ്ട്. ഇന്നും ദളിതർക്ക് പ്രത്യേക സെമിത്തേരിയുള്ള നമ്മുടെ സഭയുടെ പാരമ്പര്യത്തെക്കുറിച്ച് എന്തുപറയേണ്ടൂ.

മുലക്കരം, മീശക്കാഴ്ച, മേനിപ്പൊന്ന് ഇതെല്ലാം പാവപ്പെട്ടവരും അധഃസ്ഥിതരും ജാതിയുടെയും പാരമ്പര്യത്തിന്‍െറയും പേരിൽ അനുഭവിച്ചുവന്ന ചില അനീതികളായിരുന്നു. ഇന്നും മനസ്സിരുത്തിചിന്തിച്ചാൽ എത്രയോ ഭാരങ്ങളാണ് പാരമ്പര്യത്തിന്‍െറ പേരിൽ നാം ചുമന്നുകൊണ്ടിരിക്കുന്നത്.

മാതാപിതാക്കളെ ബഹുമാനിക്കുകയെന്ന കല്പന, ഭണ്‌ഡാരത്തിൽ നിക്ഷേപിക്കുന്ന ഏതാനും നാണയത്തുട്ടുകളുടെ കിലുക്കത്തിൽ ബോധപൂർവ്വം  മറക്കാൻ ശ്രമിച്ച യഹൂദരെ നിശിതമായി വിമർശിച്ച യേശു നമ്മുടെ തിരുന്നാൾ, ആഘോഷ, കല്ല്യാണ, ജൂബിലി, തിരുപ്പട്ട പാരമ്പര്യങ്ങളെക്കുറിച്ച് എന്തുപറയുമോ ആവോ?

പാരമ്പര്യം ദൈവത്തിനു മുകളിലല്ല. കല്പനകൾക്കും മുകളിലല്ല. അത് മനുഷ്യനും മുകളിലല്ല. മനുഷ്യനെ മനുഷ്യനായി കാണാൻ അനുവദിക്കാത്ത, എല്ലാവരെയും ദൈവമക്കളായി കാണാൻ സമ്മതിക്കാത്ത, എന്‍െറ ആത്മാവിനെ ദൈവത്തെ തേടാൻ സ്വാതന്ത്ര്യം നൽകാത്ത  പാരമ്പര്യമൊന്നും ദൈവം ആഗ്രഹിക്കുന്നവയല്ല. പരമ്പരയായി സിദ്ധിക്കുന്നതാണ് പാരമ്പര്യം. എൻ്റെ അടുത്ത തലമുറയ്ക്ക് നൽകാനായി എന്താണ് ഞാൻ സൂക്ഷിച്ചുവച്ചിരിക്കുന്നത്?

ശുഭരാത്രി

Fr Sijo Kannampuzha OM