തമ്പുരാനു വേണ്ടി പൂവിടുക

0

അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട്‌ അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച്‌ അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത്‌ അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു.അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ !”(മര്‍ക്കോ. 11 : 13-14)

ക്രിസ്തു കഠിനഹൃദയനാണ് എന്നൊക്കെ നമ്മെ ചിന്തിപ്പിച്ചേക്കാവുന്ന വചനം ആണിത്.
എന്തുകൊണ്ട് അത്തിമരം ശാപമേറ്റു? ഉത്തരം ലളിതമാണ് – മുൻപിൽ വന്നുനിന്നത് സ്രഷ്ടാവായ ദൈവമാണ്; ഋതു ഏതുമാകട്ടെ, പതിവ് എന്തുമാകട്ടെ, ഉടയോൻ മുന്നിൽ നിൽക്കുമ്പോൾ ഒരു ഫലത്തെ പ്രസവിക്കാൻ എന്തുകൊണ്ട് മരത്തിന്റെ ഗർഭപാത്രം ശ്രമിച്ചില്ല? പഴുത്ത ഒരു ഫലം കൊടുക്കാൻ ആയില്ലെങ്കിലും അവനോടുള്ള വികാരവായ്‌പിൽ ഒന്നു പൂവിട്ടെങ്കിലും മുഖം പ്രസന്നമാക്കിയില്ല?

തമ്പുരാനുവേണ്ടി പൂവിടേണ്ടത് നിന്റെ ഔദാര്യമല്ല, കടമയായിരുന്നു സുഹൃത്തേ.. 
Lord Byron എന്ന ബ്രിട്ടീഷ് ചിന്തകൻ കാനായിലെ പച്ചവെള്ളം വീഞ്ഞായതിനെ ഇങ്ങനെ നിർവചിച്ചു. “The Water met it’s  master and blushed .. “സ്രഷ്ടാവിനെ കണ്ടപ്പോൾ വെള്ളത്തിന്റെ മുഖം ചുവന്നുപോയെന്ന് .. ! 

നിന്നെ കണ്ടുമുട്ടുന്ന എന്റെ പച്ചയായ ജീവിതസാഹചര്യങ്ങളിലൊന്നും എന്റെ മുഖം ചുവന്നില്ലല്ലോ ദൈവമേ.. !!ഇതുവരെയും നിനക്കുവേണ്ടി എന്റെ നന്മയുടെ ഗർഭപാത്രങ്ങളിൽ ജീവന്റെ കണികകൾ ഉണർന്നില്ലല്ലോ  ദൈവമേ .. 

തന്പുരാന് വേണ്ടി പൂവിടാന്‍ ഒരു ദിനം കൂടി..

 കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവ്വം..

ഫാ. അജോ രാമച്ചനാട്ട്