യേശു വിളിച്ചതിനു മുൻപും ശേഷവും

0

 
ടന്നുപോകുന്ന കർത്താവിനെ നോക്കി നിലവിളിച്ച ബർതിമേയൂസിനോട് (1)നിശബ്ദനായി (2)ഇരിക്കാൻ പറഞ്ഞുകൊണ്ട് പലരും (3)ശകാരിച്ചു. എന്നാൽ ക്രിസ്തു അവനെ അടുത്തേക്ക് വിളിച്ചപ്പോൾ അതേജനം അവനോട് പറഞ്ഞു “(1)ധൈര്യമായിരിക്കൂ, (2)എഴുന്നേൽക്കുക, (3)യേശു നിന്നെ വിളിക്കുന്നു”.  ഇത് സംഭവിക്കുന്നതു ഏതാനും നിമിഷങ്ങൾക്കുള്ളിലാണ്.

ശകാരിച്ചവർ തന്നെയാണ് ബർതിമേയൂസിനോട്  യേശു നിന്നെ വിളിക്കുന്നു എന്ന സദ്‌വാർത്ത അറിയിക്കുന്നത്. നിശ്ശബ്ദരാകാൻ പറഞ്ഞവരാണ്  ധൈര്യമായിരിക്കാൻ പ്രേരിപ്പിക്കുന്നത്. ഇരിക്കാൻ പറഞ്ഞവരാണ് ഇപ്പോൾ എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നത്.

ബർതിമേയൂസിൻ്റെ ജീവിതം രണ്ട്‌ ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു, യേശു വിളിക്കുന്നതിന്‌ മുൻപും അതിനു ശേഷവും. യേശു വിളിക്കുന്നതിന്‌ മുൻപ്, യേശു പരിഗണിക്കുന്നതിന് മുൻപ്, അവൻ്റെ ജീവിതം ആർക്കും പഴി പറയാവുന്ന, ആർക്കും നിശ്ശബ്ദനാക്കാൻ ആകുന്ന, ഒരു വിലയുമില്ലാത്ത പഴയ നാണയത്തുട്ട് പോലെയായിരുന്നു.

ഇന്നതിനു മാറ്റം വന്നിരിക്കുന്നു. ഇന്നവൻ, പരിഗണിയ്ക്കപ്പെടുന്നുണ്ട്. ഇന്നവന് വിലയുണ്ട്, ഇന്നവനെ എല്ലാവരും ബഹുമാനിക്കുന്നുണ്ട്. കാരണം അവൻ കർത്താവിനാൽ പരിഗണിക്കപ്പെട്ടവനാണ്. കർത്താവിനാൽ അടുത്തേക്ക് വിളിക്കപ്പെട്ടവനാണ്. 

ആത്യന്തികമായി നിനക്ക് വില ലഭിക്കുന്നത് നീ കർത്താവിനു വിലയുള്ളവനാകുമ്പോഴാണ്. നിൻ്റെ മൂല്യം വർദ്ധിക്കുന്നത് നീ കർത്താവിൻ്റേതാകുമ്പോഴാണ്. ഇന്ന് നിനക്ക് ലഭിക്കുന്ന ബഹുമാനവും വിലയും ദൈവം നല്കുന്നതാണോ? ആരെല്ലാം ബഹുമാനിച്ചാലും എന്തെല്ലാം പ്രശസ്തിപത്രങ്ങൾ ലഭിച്ചാലും നീ ക്രിസ്തുവിനു ബഹുമാന്യനല്ലെങ്കിൽ എന്തുണ്ട് പ്രയോജനം? 

നിൻ്റെ ജീവിതം രണ്ടു ഭാഗങ്ങളായി  മാറിയിട്ടില്ലേ? കർത്താവിൻ്റെ വിളിക്ക് കാതോർക്കാനും അതുവഴി ഒരു നവീകരണത്തിലേക്ക് വരുവാനും നീ പരിശ്രമിച്ചോ? അതോ ഇനിയും നീ കർത്താവിന്റെ വിളിയോട് സഹകരിക്കുന്നില്ലേ? നീ ദൈവത്തിൻ്റെ മകനാണ്/മകളാണ്. ആ സ്ഥാനം നഷ്ടപ്പെടാൻ ഇടവരുത്തരുത്.

ഓർക്കുമല്ലോ

ശുഭരാത്രി

Fr. Sijo Kannampuzha OM