വെറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുമ്പോള്‍…

0


    കുരിശിന്റെ വഴിയിൽ ഈശോയോടു അസൂയ  തോന്നിയ ഒരേ ഒരു രംഗം ‘വെറോനിക്ക ഈശോയുടെ തിരുമുഖം  തുടയ്ക്കുന്ന രംഗമാണ്’.

വയസ്സ്  മുപ്പത്തഞ്ചും നാല്പതുമൊക്കെയായി ഇതുവരെ ആരും എന്റെ മുഖം തുടച്ചു തന്ന ഒരു ഓർമപോലുമില്ല ജീവിതത്തിൽ.  പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അവൾ ഈശോയുടെ മുഖം  തുടയ്ക്കാൻ വന്നത് എന്ന്.       സ്വന്തം ജീവിത പങ്കാളിയുടെ മുഖം  പോലും തുടയ്ക്കാൻ മടികാണിച്ചിരുന്ന ഒരു സംസ്കാരത്തിൽ ഇവൾക്ക് എങ്ങനെ ധൈര്യം വന്നു എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

സ്ത്രീ സമത്വത്തിനു പേരുകേട്ട നമ്മുടെ നാട്ടിൽ പോലും സ്ത്രീകൾ വിരളമായേ ശബ്‍ദമുയർത്താറുള്ളൂ.  എന്നിട്ടാണ് ഒരു സ്ത്രീയായും , മൃഗമായും  എന്നെ ജനിപ്പിക്കാതിരുന്നതിന് ദൈവമേ നന്ദി ! എന്ന് പറഞ്ഞു പുരുഷന്മാർ ഉറക്കത്തിൽനിന്നും ഉണർന്നിരുന്ന നാട്ടിൽ എങ്ങനെ വെറോനിക്ക ഇങ്ങനെയായി. അതിനുള്ള ഉത്തരം കണ്ടെത്തുന്നത് ക്രിസ്തുവിന്റെ പേഴ്സനാലിറ്റിയിൽ നിന്നുമാണ്.   

  ക്രിസ്തുവിന്റെ മുഖം  വെറോനിക്ക തുടക്കാനുള്ള  ആദ്യ കാരണം ക്രിസ്തു എല്ലാവരെയും ഒരുപോലെ സ്നേഹിച്ചിരുന്നു എന്നതാണ്. നീ സ്ത്രീയാണ് ,  നീ മാറിനിൽക്ക്  എന്ന് ക്രിസ്തു ഒരു സ്ത്രീയോടും പറഞ്ഞിട്ടില്ല. മാറ്റി നിർത്താത്ത  സ്നേഹം  ക്രിസ്തു സൂക്ഷിച്ചത് കൊണ്ടാണ് അവൾ അവന്റെ മുഖം തുടക്കാൻ വന്നത്.

സ്നേഹം വ്യവസ്ഥകളോടെ ആവുന്നു എന്നതാണ് ഇന്നിന്റെ സങ്കടം. പലതും നോക്കി സ്നേഹിക്കുന്നത് കൊണ്ടാണ് നമ്മെയൊന്നും ആരും മൈൻഡ് പോലും ചെയ്യാത്തത്.    ക്രിസ്തുവിന്റെ തിരുമുഖം  അവൾ തുടക്കാനുള്ള രണ്ടാമത്തെ കാരണം ; ക്രിസ്തുവിന്റെ സ്നേഹം തേടിചെല്ലലായതു കൊണ്ടാണ്.

യാക്കോബിന്റെ കിണറ്റിൻ കരയിൽ അവൻ വന്നിരുന്നത് കാറ്റു കൊള്ളാനോ ,  ശുദ്ധജലം കുടിക്കാനോ ആയിരുന്നില്ല.  ആ സമരിയക്കാരിയെ തേടാനും കണ്ടെത്താനുമുള്ള ക്രിസ്തുവിന്റെ  ശ്രമമായിരുന്നെന്നു ആർക്കാണ് മനസ്സിലാകാത്തത്.  കല്ലെറിയാൻ കൊണ്ട് വന്നവളോടും അവൻ പ്രദർശിപ്പിച്ചത്  അവളുടെ  ഹൃദയത്തിലേക്ക്  തേടിച്ചെല്ലുന്ന സ്നേഹം തന്നെയായിരുന്നു.

അങ്ങനെ അവൻ സ്നേഹം പ്രകടിപ്പിച്ചതുകൊണ്ടാണ് ഒരു പാപിനിയായ  സ്ത്രീ അവന്റെ കാൽ കഴുകി ചുംബിച്ചതും മറ്റൊരുവൾ തിരുമുഖം  തുടച്ചതും.    പലപ്പോഴും നാം ഉച്ചയായിട്ടും പണിക്ക്  പോകാതെ ഇരിക്കുന്ന തൊഴിലാളികളെ പോലെയാണ്. ഈ നാട്ടിൽ തൊഴിൽ ഇല്ലെന്ന ധാരണ ബംഗാളികൾ തിരുത്തിയത് തൊഴിൽ തേടി വന്നത് കൊണ്ടല്ലേ. 

സ്നേഹം കുഴിച്ചുമൂടി ഇരുന്നു എത്രകാലം കഴിഞ്ഞു കൂടും നമ്മൾ.  സ്നേഹം പ്രകടിപ്പിക്കാൻ  താല്പര്യം നാമോരോരുത്തരും ബോധപൂർവ്വം  കൈക്കൊള്ളണം.  അവനും അവളും സ്നേഹിക്കാൻ എന്നെ തേടി വരട്ടെ എന്ന് പറഞ്ഞിരുന്നത് കൊണ്ട് നമുക്ക് എന്ത് മേന്മയുണ്ടായി.  ആരും മുഖം  തുടച്ചില്ലെന്ന് മാത്രമല്ല   ഒരു തൂവാല പോലും തന്നില്ലാലോ.

കൽക്കട്ടയിലെ പുഴുവരിച്ചവർ മദറിനെ  തേടി വരികയല്ല ചെയ്തത് പിന്നെയോ മദർ അങ്ങോട്ട് സ്നേഹം പകുത്തു നൽകാൻ പോവുകയാണ് ഉണ്ടായത് .        ക്രിസ്തുവിനു ശിഷ്യർ വിരുന്നു കൊടുക്കുകയായിരുന്നില്ല. ക്രിസ്തു അവർക്ക് പെസഹ  വിരുന്നൊരുക്കുകയാണ് ചെയ്തത്. ചില  സ്നേഹങ്ങൾ തേടി നമുക്കും പോകേണ്ടതുണ്ട് സുഹൃത്തേ.അവൾ അവന്റെ തിരുമുഖം  തുടയ്ക്കാൻ പോയതിന്റെ മൂന്നാമത്തെ കാരണം , അവന്റെ മുന്നിൽ ചെല്ലുന്നവർക്കെല്ലാം  അവൻ ഒരു അത്ഭുതം പ്രവർത്തിക്കുമെന്ന ബോധ്യവും , വിശ്വാസവും ഉണ്ടായിരുന്നത് കൊണ്ടാണ്. 

     ചുരുക്കി പറഞ്ഞാൽ ക്രിസ്തു ചില്ലറക്കാരനല്ലെന്നു അവൾക്ക്  അറിയാമായിരുന്നു. ക്രിസ്തുവിനെ , നീ അറിഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ അടുത്ത് ചെല്ലും ; അത്ഭുതം സ്വന്തമാക്കും എന്നതിന്റെ തെളിവാണ് അവൾക്കു ലഭിച്ച അത്ഭുതം.

അവന്റെ തിരുമുഖം  ആ തൂവാലയിൽ പതിഞ്ഞത് നിസ്സാരമല്ല.  അവൻ അത്ഭുതം ചെയ്യുന്നവനാണെന്ന വിശ്വാസം  ഇല്ലാത്തവർ അവന്റെ സമീപത്തേക്കു പോലും പോയില്ല. നമ്മളും ആ വെറോനിക്കയെ പോലെ അവന്റെ അടുത്ത് ചെന്നാൽ  നമുക്കും അത്ഭുതം കണ്മുന്നിൽ കാണാനാകും.    

 പ്രിയ വായനക്കാരാ , നമുക്ക് ക്രിസ്തുവിനെ പോലെ സ്നേഹിച്ചു തുടങ്ങാം.  അപ്പോൾ അവനെ പരിചരിക്കാൻ വന്നത് പോലെ നമ്മെ പരിചരിക്കാനും ദൈവം ദൂതരെ അയക്കും.

ഫാ. സ്റ്റാഴ്സണ്‍ കളളിക്കാടന്‍