ഈശോ വസിക്കേണ്ട വീട്

0


   

ഈശോ വസിക്കും കുടുംബം
ഈശോ നാഥനായ് വാഴും കുടുംബം
ഈശോയിലെന്നും ജീവിതം കാണും
വ്യക്തികൾ പണിയും കുടുംബം”

മുൻകാലങ്ങളിലെ ഒട്ടുമിക്ക ധ്യാനങ്ങളിലും മുടങ്ങാതെ ആലപിക്കപ്പെട്ടിട്ടുള്ള ഒരു ഗാനമാണിത്. ഈ ഗാനം മനസിലാക്കാൻ യാതൊരുവിധത്തിലുമുള്ള വിശദീകരണങ്ങളും ആവശ്യമില്ലായെന്നതും ശ്രദ്ദേയമാണ്. കാരണം ഈ ഗാനം പങ്കുവയ്ക്കുന്ന ആശയം അത്രയും വ്യക്തവും ലളിതവും  സുന്ദരവുമാണ്. ഒരു ക്രൈസ്ത കുടുംബം എപ്രകാരമാണ് എന്നതിന്റെ നേർചിത്രമാണിത് എന്നും പറയാം. അതിനാൽ വിവാഹമെന്ന വിശുദ്ധ കൂദാശയാൽ സഭയിൽ സ്ഥാപിതമാകുന്ന ഓരോ കുടുംബവും പ്രസ്തുത ഗാനം പറയുന്നതുപോലെ ആയിരുന്നെങ്കിൽ എന്നത് നിത്യേനയുള്ള എന്റെ പ്രാർത്ഥന കൂടിയാണ്. എത്ര വലിയ ആത്മീയതയാണിവിടെ വെളിവാക്കപ്പെടുന്നത്. എത്ര വലിയ നന്മയുടെ കവാടമാണിവിടെ തുറക്കപ്പെടുന്നത്.

ഞാൻ പൗരോഹിത്യം സ്വീകരിച്ച ദിവസം പ്രാർത്ഥനാപൂർവ്വം പാടി ഓർമ്മിപ്പിച്ച ഒരു ഗാനത്തിന്റെ ആദ്യവരി ഇങ്ങനെയാണ്, “എത്ര സമുന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ടസ്ഥാനം” അൾത്താരമുൻപിൽ നിന്നും കേൾക്കുന്ന ഈ വാക്കുകൾ പൗരോഹിത്യ ജീവിതത്തിന് നൽകുന്ന ആത്മീയ കരുത്ത് വളരെ ഉന്നതമാണ്. ഇതുപോലെതന്നെ, വിവാഹമെന്ന കൂദാശയിലൂടെ അൾത്താര മുന്നിൽ നിന്നും ഏറെ സമുന്നതവും വിശിഷ്ടവുമായ സ്ഥാനമാണ് തങ്ങളും ഏറ്റെടുത്തിരിക്കുന്നതെന്നും, അതിനാലാണ്, വിവാഹദിനം മുതൽ മരണം തങ്ങളെ വേർപെടുത്തുവോളം ഞങ്ങൾ ഒന്നാണ്  എന്ന ഏറ്റുപറച്ചിൽ പ്രാർത്ഥനയോടെ നടത്താനും പുതിയ കുടുംബത്തിന്റെ ആദ്യ ചുവട് വയ്പ് ആരംഭിക്കുന്നതിനും വിവാഹിതർക്ക് സാധിക്കുന്നത് എന്നാണ് എന്റെ ബോധ്യം.

കാലികമായി വന്നു ചേരുന്ന മാറ്റങ്ങൾ സഭയിലും സമൂഹത്തിലും ഏറെ സ്വാധീനം ചെലുത്താറുണ്ട് എന്ന് നമുക്കറിയാം. എന്നാലീ മാറ്റങ്ങൾ ഏറെ ശിഥിലമാക്കുന്നത് കുടുംബങ്ങളേയും കുടുംബ ബന്ധങ്ങളേയുമാണ് എന്ന് അനുദിനമെന്നോണം നമ്മുടെ കൺമുൻപിലെത്തുന്ന വാർത്തകളിലൂടെ നിസ്സംശയം പറയാനാകും. ഈശോ വസിക്കും കുടുംബമെന്നും ഈശോ നാഥനായ് വാഴും കുടുംബമെന്നും
ഈശോയിലെന്നും ജീവിതം കാണുന്ന
വ്യക്തികൾ പണിയുന്ന കുടുംബമെന്നും എന്നത് വെറും മിഥ്യാധാരണയാണ് എന്നരീതിയിലേക്ക് വിവാഹമെന്ന കൂദാശയിലൂടെ രൂപപ്പെട്ട കുടുംബങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു എന്നത് വേദനയേകുന്ന ചിന്തയാണ്. എന്താണിതിന് കാരണം, എവിടെയാണിതിന് പരിഹാരമുള്ളത് എന്നൊക്കെ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കുറേയേറെപ്പേർ ഇപ്പോഴും അവശേഷിക്കുന്നു എന്നത് പ്രത്യാശ പകരുന്നു.

സഭാ തലവനായ ഫ്രാൻസീസ് മാർപ്പാപ്പ പലവേളകളിലായി ആവർത്തിച്ച ഒരു കാര്യമാണ് പിശാചിനെ  വെറുമൊരു മിത്തായോ, ഒരു ചിഹ്നമായോ, സംഭാഷണ ശൈലിയായോ മാത്രം കാണരുത് എന്നത്. എന്തെന്നാൽ പിശാച് ഒരു യാഥാർത്ഥ്യമാണ്. പലരുമിത് തിരിച്ചറിയുന്നില്ല, തിരിച്ചറിയുന്നവരിൽ ചിലർ തിരുത്താനും തയ്യാറാകുന്നില്ല. നമ്മുടെ ഇന്നത്തെ ജീവിതത്തിൽ വളരെയധികം ശ്രദ്ധയും ജാഗ്രതയും ചെലുത്തേണ്ട ഒരു വസ്തുതയാണ് ഇതിലൂടെ മാർപ്പാപ്പാ പങ്കുവയ്ക്കുന്നത്.

പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ ഇപ്രകാരം പറയുന്നുണ്ട്: “നിങ്ങളുടെ ശത്രുവായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന്‌ അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.” (1 പത്രോ 5:8) പത്രോസ് ശ്ലീഹാ അന്ന് പറഞ്ഞ ശത്രുവായ പിശാച് ഒരു പരിധിവരെ വിഴുങ്ങിയിരിക്കുന്നത് നമ്മുടെ കുടുംബങ്ങളെയാണ് എന്നത് ശരിയല്ലേ? നമ്മുടെ ചുറ്റുപാടുകളിൽ, ചിലപ്പോൾ നമ്മുടേതുൾപ്പെടെ എത്രയോ അധികം കുടുംബങ്ങളാണ് വിവിധങ്ങളായ രീതികളിൽ ശിഥിലമായിരിക്കുന്നത്, അതിൽത്തന്നെ കുറേയധികം കുടുംബങ്ങൾ വിവാഹമെന്ന വിശുദ്ധ കൂദാശയാൽ രൂപപ്പെട്ടവയാണെന്നും അറിയുമ്പോഴാണ് പത്രോസ് ശ്ലീഹായുടെ വാക്കുകൾ സത്യമാണല്ലോ എന്ന യാഥാർത്ഥ്യം മനസിലാക്കുക.

നമ്മുടേതും നമുക്ക് പരിചിതവുമായ കുടുംബങ്ങളിലേക്കും ഒന്ന് മിഴിപായിച്ചാൽത്തന്നെ അതിനുള്ളിലെ പല പ്രശ്നങ്ങളും വ്യക്തമായി കാണാനാകും എന്നതുറപ്പാണ്. വിശുദ്ധമായ അൾത്താരയുടെ മുൻപിൽ നിന്നും വിവാഹമെന്ന വിശുദ്ധ കൂദാശ വിശുദ്ധിയോടെ സ്വീകരിച്ച് വിശുദ്ധിയിലേക്ക് ഒന്നിച്ച് യാത്ര തുടങ്ങിയതിനാലാണ് 
ഗാർഹിക സഭയെന്ന വിശേഷണത്തിന് ക്രൈസ്തവ കുടുംബങ്ങൾ അർഹരായത്. അത്തരം കുടുംബങ്ങളിൽ ഈശോ പിറക്കും, അവിടെ ഈശോ വസിക്കുകയും ചെയ്യും. എന്നാൽ ഇന്ന് ഈ വിശേഷണം  മിക്ക കുടുംബങ്ങളോടും ചേർത്ത് പറയാനാവില്ല എന്നതും സങ്കടകരമായ കാര്യം തന്നെയാണ്.

സുവിശേഷത്തിൽ ഈശോയുടെ വചനം നാമിപ്രകാരം വായിക്കുന്നുണ്ട്: “വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌.
വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌.” (മത്താ 5: 29-30) ഈ വചനത്തിന്റെ പൂർത്തികരണം എന്ന് പറയാവുന്ന ഒരു വചനം അപ്പസ്തോല പ്രവർത്തനത്തിൽ കാണുന്നുണ്ട്. പൗലോസ് ശ്ലീഹ എഫേസോസിൽ പ്രസംഗിച്ചതിന് ശേഷം സംഭവിച്ച കാര്യമാണവിടെ വിവരിക്കുന്നത്. “ക്‌ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്‌ഥച്ചുരുളുകള്‍ കൊണ്ടുവന്ന്‌ എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു.”(അപ്പ. പ്രവ 19:19)

എന്താണ് എന്റെ വ്യക്തി ജീവിതത്തെയും കുടുംബജീവിതത്തേയും പാപത്തിലേക്ക് തള്ളിവിടുന്നതും സമൂലമായി വിഴുങ്ങിക്കളയുവാൻ തക്കവിധം ശക്തിയോടെ വന്നു ചേർന്നിരിക്കുന്ന തിന്മയെന്ന് കണ്ടെത്തുക വളരെ പ്രധാനമായ കാര്യമാണ്. കണ്ടെത്തിക്കഴിയുമ്പോൾ, എഫേസോസിൽ ക്ഷുദ്രപ്രയോഗം നടത്തിയിരുന്നവർ ചെയ്തതുപോലെ പാപഹേതുവായവയെ നശിപ്പിച്ച് കളയുക. ഇതല്ലാതെ മറ്റ് വഴികളില്ല. അപ്പോൾ ഈശോ ഓർമ്മിപ്പിച്ചതു പോലെ, രണ്ടോ മൂന്നോപേർ അവന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ അവരുടെ മധ്യേ അവനുണ്ടാകും. നമ്മേ സംബന്ധിച്ച് ഇപ്രകാരം നാം ഒരുമിച്ച് കൂടുന്ന/കൂടേണ്ട പ്രധാനഇടം കുടുംബമാണ്. അപ്പോൾ അവിടെ ഈശോ വീണ്ടും നാഥനായി തിരികെയെത്തും, സന്തോഷവും സമാധാനവും എല്ലാവരിലും നിറയുകയും നമ്മുടെ പരസ്പര ബന്ധങ്ങൾക്ക് ഒരു ആത്മീയതലം കൈവരികയും ചെയ്യും.

പോൾ കൊട്ടാരം കപ്പൂച്ചിൻ