ജോസഫിന്റെ ക്രിസ്മസ്

0

ഒരു പുരുഷനേ അത് കഴിയൂ. അല്ലെങ്കില്‍ ചില പുരുഷന്മാര്‍ക്ക് അതിന് കഴിയും. അണ്ഡകടാഹത്തിലെ എല്ലാ പുരുഷന്മാരെയും പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണല്ലോ  ഇപ്പോള്‍ പെണ്‍പടയുടെ ആരോപണങ്ങള്‍? കുറെയൊക്കെ അതില്‍ സത്യം ഇല്ലാതില്ലെങ്കിലും എല്ലാ പുരുഷന്മാരും അങ്ങനെയൊന്നുമല്ല. പെണ്ണൊരുവളെ കണ്ടാലുടനെ അവളെ പ്രാപിച്ചേ തീരൂ എന്ന മട്ടില്‍ ഉടലിന് തീപിടിച്ചവരൊന്നുമല്ല അവര്‍. അവളുടെ മാനം തന്റെ കൈകളിലാണെന്ന് തിരിച്ചറിവുണ്ടായി അവളുടെ മാനത്തിന് കാവല്‍ നില്ക്കാന്‍ കരുത്തു കാണിക്കുന്ന പുരുഷന്മാര്‍ കൂടിയുള്ള ലോകമാണിത്.ചിലപ്പോള്‍ അവര്‍ എണ്ണത്തില്‍ കുറവായിരിക്കാമെങ്കിലും. അതിന് ആദ്യത്തെ ഉദാഹരണം അയാളത്രെ. ജോസഫ്.

ദൈവത്തിന്റെ പദ്ധതികളെ പോലും  തകിടം മറിക്കാന്‍ മനുഷ്യന് സാധ്യതയും അവകാശവും ഉണ്ടായിരുന്നിട്ടും ദൈവികപദ്ധതികളോട് സ്വമനസ്സാ ചേര്‍ന്നുനില്ക്കാന്‍ തയ്യാറായവന്‍. ജോസഫ്. ക്രിസ്മസിന്റെ വിശുദ്ധിക്ക് പല കാരണങ്ങളും പല മാനങ്ങളുമുണ്ടായിരിക്കാം. എന്നാല്‍ അവയ്‌ക്കൊപ്പം ഒന്നിനും പിന്നിലാവാത്ത കാരണക്കാരനാണ് ജോസഫ്. തെല്ലും കുറയാത്ത  വിശുദ്ധിയുമുണ്ട് ജോസഫ് എന്ന പച്ച മനുഷ്യന്.

അയാളുടെ വിശുദ്ധിയും ത്യാഗവും സന്നദ്ധതയും ദൈവവിശ്വാസവും കൂടി ചേര്‍ന്നപ്പോഴാണ് തിരുക്കുടുംബവും തിരുപ്പിറവിയും മണ്ണിലുണ്ടായത്.   മറിയം എങ്ങനെ ദൈവഹിതത്തിന് കീഴ്‌പ്പെട്ടോ അതിലും തെല്ലും കുറവായിരുന്നില്ല ജോസഫിന്റെ സമര്‍പ്പണം.  മറിയത്തിന്റെ മാനത്തിന് കാവല്‍ നില്ക്കാനുള്ള അയാളുടെ സന്നദ്ധതയില്‍ നിന്നായിരുന്നു എല്ലാം തുടങ്ങിയത്.
ജോസഫ് എന്തുകൊണ്ട് നല്‍മരണത്തിന്റെ കാവല്‍ക്കാരന്‍ ആയി എന്നതും  ചിന്തിക്കേണ്ടതുണ്ട്. മറിയത്തിന്റെയും മകന്റെയും സാന്നിധ്യത്തില്‍ മരിക്കാന്‍ ഭാഗ്യം ലഭിച്ചതുകൊണ്ടാണ്  ജോസഫ് നല്‍മരണത്തിന്റെ മധ്യസ്ഥനായത് എന്ന് പാരമ്പര്യവിശ്വാസം. പക്ഷേ മറ്റൊരു വ്യത്യസ്തമായ തലം കൂടി അതിനുണ്ടെന്ന്  തോന്നുന്നു.

അപമാനം ഒരു തരത്തില്‍ മരണം തന്നെയാണ്. അന്നുവരെ സമൂഹത്തില്‍ കെട്ടിയുയര്‍ത്തിയ അഭിമാനം തകര്‍ന്നുവീഴുക. അത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ മരണമാണ്. ജോസഫ് മറിയത്തെ സ്വീകരിക്കാന്‍ സന്നദ്ധമായിരുന്നില്ലെങ്കില്‍ അവിടെ അവളുടെ അഭിമാനം മരണമടയുമായിരുന്നു. സല്‍ക്കീര്‍ത്തിയെക്കാള്‍ വലിയ സമ്പാദ്യമൊന്നുമില്ല. അത് തകര്‍ന്നിട്ട് ഒരാള്‍ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥവുമില്ല. അപഹസിക്കപ്പെടുമ്പോള്‍  സംഭവിക്കാമായിരുന്ന മരണത്തില്‍ നിന്നാണ് അയാള്‍ അന്ന് മറിയത്തെ രക്ഷിച്ചത്. അങ്ങനെ മറിയത്തെ മാനാപമാനങ്ങളാകുന്ന മരണത്തില്‍ നിന്ന് രക്ഷിക്കുക വഴി ജോസഫ് മരണത്തിന്റെ എല്ലാ വിധ രൂപങ്ങളില്‍ നിന്നും രക്ഷിക്കുന്ന കാവല്‍ക്കാരന്‍ കൂടിയായി.

മറിയത്തിന് ജോസഫിനോടുള്ള അവസാനിക്കാത്ത പ്രണയവും അവിടെ നിന്ന് ആരംഭിക്കുകയായിരുന്നു. തന്റെ മാനത്തിന് കാവല്‍ നിന്നവന്‍..  അവന്റെ ചിറകിനുള്ളില്‍ തനിക്ക് സുരക്ഷിതത്വമുണ്ടെന്ന് അവള്‍ നടാടെ അന്ന് മനസ്സിലാക്കി. ഇനിയേതൊരു പേമാരിക്കും കൊടുങ്കാറ്റിനും തകര്‍ക്കാന്‍ കഴിയാത്തവിധം തന്നെയും കുഞ്ഞിനെയും അവന്‍ കാത്തുകൊള്ളുമെന്നും  അവള്‍ക്കുറപ്പുണ്ടായിരുന്നു. ജോസഫിനെതിരെ ഒരു വാക്കു കൊണ്ടുപോലും അവള്‍ ശബ്ദിക്കാതിരുന്നത് ആ കടപ്പാടിന്റെസ്മരണ മനസ്സില്‍ പേറിജീവിച്ചതുകൊണ്ടാകാം. പുരുഷന്റെ കഴിവുകേടെന്ന കണക്കെ വേണമെങ്കില്‍ തന്റെ ഗര്‍ഭകാല യാത്രകളിലെ ദുരനുഭവങ്ങളെയോര്‍ത്ത് മറിയം ജോസഫിനെതിരെ സംസാരിച്ചിട്ടില്ല എന്ന് നാം അറിയണം. ബാലനായ യേശുവിനെ കാണാതെ പോയപ്പോഴും അവള്‍ അയാള്‍ക്കെതിരെ കയര്‍ത്തില്ല. പിന്നെയും ബൈബിളിന്റെ വരികളില്‍ ഒതുങ്ങിയിട്ടില്ലാത്ത എത്രയോ ദാമ്പത്യാനുഭവങ്ങളും സംഭവങ്ങളും അവര്‍ക്കിടയിലുണ്ടായിട്ടുണ്ടാവും. എന്നിട്ടും, ഇല്ല..ഒരിക്കല്‍ പോലും മറിയം ജോസഫിനോട് ഒരു വാക്കുകൊണ്ടുപോലും മുഷിഞ്ഞു സംസാരിച്ചിട്ടില്ല.

ഭര്‍ത്താവ് തനിക്ക് നല്കിയ അനര്‍ഹമായ സ്‌നേഹത്തിന്റെയും ആദരവിന്റെയും സ്മരണ തുടച്ചുമാറ്റാനാവാതെ ആ ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്നതുകൊണ്ടായിരുന്നു അത്. ഓരോ ഭാര്യമാര്‍ക്കുമുള്ള മാതൃകയും ഉദാഹരണവുമായി മറിയം മാറുന്നത് അവിടെയാണ്. ഭര്‍ത്താക്കന്മാരുടെ നന്മകളെ സൗകര്യപൂര്‍വ്വം മറന്നുകളയുന്ന ഭാര്യമാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അയാള്‍ നല്കിയ അനവധി നന്മകളില്‍ ഒന്നുപോലും അനുസ്മരിക്കാതെയും അയവിറക്കാതെയും പോകുകയും എന്നാല്‍ അയാള്‍ നല്കാതെ പോയതിന്റെ ഓര്‍മ്മ ജീവിതകാലം മുഴുവന്‍  കൊണ്ടുനടക്കുകയും ചെയ്യുന്ന സ്ത്രീകള്‍ നമ്മുടെ ചുറ്റുപാടില്‍ എത്രയോ അധികമാണ്.

എല്ലാ കുടുംബങ്ങളിലും സ്ത്രീയുടെ അദ്ധ്വാനവും ത്യാഗവും കൊട്ടിഘോഷിക്കപ്പെടുമ്പോഴും എത്രയോ ഇടങ്ങളിലുണ്ട് പുരുഷന്റെ ത്യാഗത്തിനും വിയര്‍പ്പിനും തെല്ലുപോലും വിലക ല്പിക്കാത്തതായിട്ട്. ഭാര്യ മുതല്‍ മക്കള്‍ വരെ അവഗണിക്കുന്നവരായിട്ട്.  പിതാവിനടുത്ത ബഹുമാനാദരവുകളോടെ യേശു ജോസഫിനോട് പെരുമാറുന്നുണ്ടെങ്കില്‍ അതിനും കാരണം മറിയം തന്നെ. ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനാകേണ്ടതല്ലേ എന്ന ബാലനായ യേശുവിന്റെ ചോദ്യം വ്യക്തമാക്കുന്നത് അവന്‍  തന്റെ ജനനവഴികളെ തിരിച്ചറിഞ്ഞിരുന്നുവെന്നും ജന്മനിയോഗങ്ങളെക്കുറിച്ച് ബോധ്യമുളളവനായിരുന്നു എന്നുമാണല്ലോ. എന്നിട്ടും ജോസഫിന് കീഴ്‌പ്പെട്ട് അവന്‍ ജീവിച്ചുവെങ്കില്‍ ജോസഫ് എന്ന ഓക്കുമരത്തിന്റെ തണലില്‍ ജീവിതം കെട്ടിപ്പടുത്തവരാണ് നമ്മളെന്ന് ആ അമ്മ മകന് പറഞ്ഞുകൊടുത്തതുകൊണ്ടു മാത്രമാണ്. ജോസഫിനോടുള്ള മറിയത്തിന്റെ നന്ദി അവള്‍ മകനും പറഞ്ഞുകൊടുത്തു. അതാണ് കാര്യം. ഇന്ന് എത്ര അമ്മമാരുണ്ടാവും മക്കളോട് അപ്പന്റെ അദ്ധ്വാനത്തെക്കുറിച്ചും അയാളുടെ വിയര്‍പ്പിനെക്കുറിച്ചും പറഞ്ഞുകൊടുക്കുന്നവരായിട്ട്. അധികം പേരൊന്നും ഉണ്ടാവില്ലെന്നുറപ്പ്. അല്ലെങ്കില്‍ എന്തിന് അക്കാര്യമോര്‍ത്ത് അത്ഭുതപ്പെടണം ജോസഫിനെ ദിവ്യബലിയില്‍ ഓര്‍മ്മിക്കണമെന്ന് തെളിച്ചം കിട്ടിയത് അടുത്തകാലത്ത് ഒരു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായിരുന്നുവല്ലോ? അതിനുമുമ്പ് കടന്നുപോയവരാരും മോശക്കാരായിരുന്നില്ലെന്നും ഓര്‍ക്കണം.

ജോസഫ് എന്ന ആദിരൂപത്തിന്റെ നിഴല്‍ ഏറിയും കുറഞ്ഞും  ഈ ലോകത്തിലെ സകലമാന കുടുംബനാഥന്മാരിലും പരന്നു കിടക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.  അതുകൊണ്ടാണ് അംഗീകരിക്കപ്പെടാതിരുന്നിട്ടും  തിരസ്‌ക്കരണങ്ങളും നിന്ദനങ്ങളും ഭാരങ്ങളും പരാതികൂടാതെ ഏറ്റുവാങ്ങാന്‍ ജോസഫ് എന്ന ഓരോ കുടുംബനാഥന്മാര്‍ക്കും കഴിയുന്നത്.  ജോസഫിനെക്കുറിച്ചുള്ള ധ്യാനം ഒരു ക്രിസ്മസില്‍ തീരുന്നതല്ല. അയാള്‍ ഒരുവെല്ലുവിളിയാണ് നിര്‍വചനങ്ങള്‍ക്കീതമായ പുരുഷമനസ്സിന്റെ മഹാപഥങ്ങളെ അയാള്‍ അപഗ്രഥനവിധേയമാക്കുന്നുണ്ട്. അതുകൊണ്ട് ക്രിസ്മസില്‍ ഒരിക്കലും ജോസഫിനെ മറക്കരുത്. വിണ്ണിനെ മണ്ണിലേക്ക് അടുപ്പിക്കാന്‍ നിസ്സഹായനും സാധാരണക്കാരനുമായ ആ മനുഷ്യനെ ദൈവം ഉപയോഗിച്ചതിനെക്കുറിച്ച് മാത്രം ധ്യാനിച്ചാല്‍ മതി, ക്രിസ്മസ് പൂര്‍ണ്ണമാകും, ജീവിതം അര്‍ത്ഥവത്തുമാകും..

 വിനായക് നിര്‍മ്മല്‍