കാറ്റക്കൂമ്പുകളിലേക്കൊരു യാത്ര

0

ക്രിസ്തീയ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലും ആദിമസഭയുടെ രേഖാലയവും (archives) എന്നു വിശേഷിപ്പിക്കപ്പെടുന്ന കാറ്റക്കൂമ്പുകളുടെ സന്ദര്‍ശനം മങ്ങിപ്പോയ നമ്മുടെ വിശ്വാസത്തെ ഒന്നുകൂടി ജ്വലിപ്പിക്കും. ഒരു പക്ഷേ, വേദപാഠക്ലാസ്സില്‍ പഠിച്ച ആ വാക്ക് നമ്മുടെ മനസ്സില്‍പോലും തങ്ങിനില്ക്കുന്നില്ലായിരിക്കും.

എന്നാല്‍, ക്രിസ്തുവിലുള്ള വിശ്വാസത്തെ രക്തംകൊണ്ട് മുദ്രവച്ച രക്തസാക്ഷികളും അനേകം വിശുദ്ധരും മാര്‍പാപ്പമാരും സാധാരണ മനുഷ്യരും നിത്യവിശ്രമം കൊള്ളുന്ന ഈ ഇടത്തില്‍ അനുദിനം ഇടമുറിയാതെ തീര്‍ത്ഥാടകരെത്തുന്നു. റോം സന്ദര്‍ശിക്കാനെത്തുന്ന വിശ്വാസികള്‍ ഈ വിശുദ്ധസ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാതെ പൊതുവെ മടങ്ങാറില്ല.

വത്തിക്കാനില്‍ നിന്ന് ബസിനു യാത്രചെയ്താല്‍ മുതല്‍ മുക്കാല്‍ മണിക്കൂറിനുള്ളില്‍ കാറ്റക്കൂമ്പിലെത്താം. റോമാപട്ടണമതിലിനു പുറത്താണ് ഇവ സ്ഥിതിചെയ്യുന്നത്. പലരും കരുതുന്നതുപോലെ മതപീഡനനാളുകളില്‍ രൂപം കൊണ്ടതോ ക്രിസ്ത്യാനികളുടെ ഒളിത്താവളങ്ങളോ അല്ല, കാറ്റക്കൂമ്പുകള്‍. ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ ക്രൈസ്തവരെ അടക്കിയിരുന്ന ഇടങ്ങളാണിത്. ഭൂഗര്‍ഭ സിമിത്തേരികള്‍ എന്നതാണ് കാറ്റക്കൂമ്പ് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഭൂമി തുരന്ന് ഇടനാഴികളിലെ ഭിത്തിക്കുള്ളില്‍ അറകള്‍ നിര്‍മിച്ച് മൃതദേഹങ്ങള്‍ തുണിയില്‍ പൊതിഞ്ഞ് അതില്‍ കയറ്റിവയ്ക്കുകയും മാര്‍ബിള്‍ സ്ലാബുകൊണ്ട് അടയ്ക്കുകയും ചെയ്യുന്നു. പല തട്ടുകളിലായി ഇങ്ങനെ മരിച്ചവരെ അടക്കിപ്പോന്നു. ഇതായിരുന്നു പൊതുവായ രീതി. ഏകദേശം 60 ലധികം കാറ്റക്കൂമ്പുകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. അതില്‍ ഒരു മില്യന്‍ ആളുകളെയെങ്കിലും അടക്കിയിട്ടുണ്ടെന്നു കരുതുന്നു.

അതെ, ഭൂമിക്കടിയില്‍ കിലോ മീറ്ററുകളോളം വ്യാപിച്ചു കിടക്കുകയാണിവ. അതില്‍ സെന്റ് കലിസ്റ്റസ് (20 കി.മീ), സെന്റ് സെബസ്ത്യാനോ (12കി.മീ) പ്രിസ്‌കില്ല, കലാപരമായ പ്രാധാന്യമുള്ളത്), ഡൊമിറ്റില്ല (15 കി.മീ), സെന്റ് ആഗ്നസ് എന്നീ അഞ്ച് കാറ്റകൂമ്പുകള്‍ മാത്രമേ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുത്തിട്ടുള്ളൂ. ഓരോ കാറ്റക്കൂമ്പിലും പല ഇടനാഴികളുണ്ട്. അവയുടെ ഇരുവശത്തും മൃതരെ അടക്കിയിട്ടുണ്ട്.

സെന്റ് കലിസ്റ്റസ് കാറ്റക്കൂമ്പാണ് ഇതില്‍ ഏറ്റവും പ്രധാനം. ആപ്പിയന്‍ വഴിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ഏകദേശം രണ്ടുകിലോമീറ്ററകലെ വലതുവശത്തായിട്ടാണ് ഈ കാറ്റക്കൂമ്പ്. പഴയൊരു ചെറിയ ഗേറ്റിലൂടെ അതിവിശാലമായൊരു സ്ഥലത്തേക്കാണു നമ്മള്‍ പ്രവേശിക്കുന്നത്. വിജനമെന്നു തോന്നുന്ന വിശാലമായ പറമ്പ്. പക്ഷേ, ഭംഗിയായി വെട്ടി നിര്‍ത്തിിരിക്കുന്ന പുല്‍ത്തകിടിയുള്ള ഈ പ്രദേശം വളരെ ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ട്. മനോഹരമായ പൈന്‍ മരങ്ങള്‍ അതിരിട്ടുനില്‍ക്കുന്ന റോഡുകള്‍. 75 ഏക്കറോളം വിസ്തൃതിയുള്ള ഈ പ്രദേശത്തിനടിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് മരിച്ചുപോയവര്‍ നിത്യവിശ്രമം കൊള്ളുന്നു.

കാറ്റക്കൂമ്പിനകത്തേക്കു പ്രവേശിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തരാന്‍ പല ഭാഷകളിലുള്ള ഗൈഡുകള്‍ ഉണ്ട്. ചെറിയൊരു കെട്ടിടത്തിനുള്ളിലെ വാതിലിലൂടെ നടകളിറങ്ങി ഇരുണ്ട ഇടനാഴിയിലേക്കു പ്രവേശിക്കുന്നു. അതൊരു പ്രത്യേക അനുഭവം തന്നെ. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞ മനുഷ്യരാണിവിടെ. ഇരുട്ടും നിശ്ശബ്ദതയും തണുപ്പും… ചിലയിടങ്ങളില്‍ കൂരിരുട്ടാണ്.

മിക്കവാറും സ്ഥലങ്ങളില്‍ തീരെ മങ്ങിയ വെളിച്ചമുണ്ട്. പ്രത്യേക ഇടങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ ഗൈഡിന്റെ വക വിശദീകരണമുണ്ട്. എല്ലായിടത്തും നമ്മള്‍ കാണുന്നത് ഭിത്തിയില്‍ തുറന്ന നിലയിലുള്ള അറകളാണ്. (കാറ്റക്കൂമ്പുകള്‍ റോമിന്റെ സ്വന്തമായതിനുശേഷം മൃതദേഹാവശിഷ്ടങ്ങള്‍ അവിടെ നിന്നു മാറ്റി നഗരത്തിലെ പള്ളികളില്‍ സംസ്‌കരിച്ചതാണ്). ചിലയിടങ്ങളില്‍ കുഞ്ഞുങ്ങളുടെ മാത്രം കല്ലറകളാണ്. ചില കുടുംബങ്ങള്‍ക്കു മാത്രമായി വേര്‍തിരിച്ചിരിക്കുന്ന കല്ലറകളും കാണാം.

ഏറ്റവും പ്രധാനപ്പെട്ട ഈ കാറ്റക്കൂമ്പിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. 16 മാര്‍പാപ്പമാരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. അതില്‍ രക്തസാക്ഷികളായവരുമുണ്ട്. കൂടാതെ മറ്റു രക്തസാക്ഷികള്‍, ബിഷപ്പുമാര്‍, വൈദികര്‍… അങ്ങനെ. . മാര്‍പാപ്പമാരുള്‍പ്പെടുന്ന വൈദികസംഘത്തെ അടക്കിയിരിക്കുന്നത് ഒരു പ്രത്യേക ഏരിയായിലാണ്. അവിടെ ചിലയിടങ്ങളില്‍ കുഞ്ഞുപള്ളികളും ബസിലിക്കകളും നിര്‍മ്മിച്ചിട്ടുണ്ട്. രക്തസാക്ഷികളുടെ കല്ലറയോടു ചേര്‍ന്നും കുഞ്ഞുപള്ളികള്‍ കാണാം. ക്രിപ്റ്റ് എന്നാണീ വലിയ മുറികള്‍ അറിയപ്പെടുന്നത്.

രക്തസാക്ഷികളുടെയും മറ്റു വിശുദ്ധരുടെയും അനുസ്മരണദിനങ്ങളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തിയിരുന്നത് ഇവിടെയായിരുന്നു. വിശുദ്ധ സിസിലി, പോപ്പ് കലിസ്റ്റസ്, പോപ് ഡമാസൂസ, പോപ് കൊര്‍ണേലിയൂസ് എന്നിവരെയൊക്കെ ഇവിടെയാണ് അടക്കിയിരിക്കുന്നത്. പിന്നെ എത്രയോ വിശുദ്ധര്‍… അള്‍ത്താരബാലന്മാരുടെ മദ്ധ്യസ്ഥനായ താര്‍സിസിയൂത്ത് എന്ന കുഞ്ഞു രക്തസാക്ഷിയും ഇവിടെയാണ് അടക്കം ചെയ്യപ്പെട്ടത്. അതിനാല്‍ ഭൂമിക്കടിയിലെ വത്തിക്കാന്‍ എന്നുകൂടി ഇതിനു വിശേഷണമുണ്ട്. മതപീഡനത്തിന്റെ അവസരങ്ങളില്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്താനും വിശുദ്ധകുര്‍ബ്ബാനയര്‍പ്പിക്കാനും ക്രൈസ്തവര്‍ ഇവിടെ രഹസ്യമായി സമ്മേളിച്ചിരുന്നു.

ഇരുട്ടും തണുപ്പും നിറഞ്ഞ ഈ ഇടനാഴികളിലൂടെ കനത്ത നിശ്ശബ്ദതയിലാണ്ട് നടക്കുന്ന നമ്മുടെ ആത്മാവിനോട് ഈ ആത്മാക്കള്‍ ഉച്ചത്തില്‍ സംസാരിക്കുന്നതായി അനുഭവപ്പെടും. അപ്പസ്‌തോലന്മാരുടെ കാലം മുതലുള്ള അവര്‍ ക്രിസ്തുവിലുള്ള വിശ്വാസം എത്ര വിലപ്പെട്ടതാണെന്ന് പറയാതെ പറഞ്ഞുതരും. പലയിടത്തും വിശ്വാസത്തിന്റെ പ്രതീകങ്ങളും ബൈബിള്‍ സംഭവങ്ങളെ ആധാരമാക്കിയുള്ള ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. ഈ ലോകജീവിതത്തെയും അതിന്റെ വേദനകളെയും നിസ്സാരമായെണ്ണിയ ഈ മനുഷ്യര്‍ നിത്യതയെക്കുറിച്ചാണ് നമ്മോടു സംസാരിക്കുന്നത്.

സെന്റ് കലിസ്റ്റസ് കറ്റക്കൂമ്പ് കഴിഞ്ഞാല്‍ തൊട്ടപ്പുറത്താണ് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കാറ്റക്കൂമ്പ്. അതെ, നമ്മുടെ പ്രിയപ്പെട്ട സെബസ്ത്യാനോസ് പുണ്യവാന്‍…! മൂന്നാം നൂറ്റാണ്ടില്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപനായിരുന്ന ഈ യുവാവിനെ ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ അമ്പെയ്ത് കൊന്നകഥ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ അടക്കിയതിവിടെയാണ്. ആ കല്ലറ സ്ഥിതിചെയ്യുന്നിടത്ത് ഇന്ന് വലിയ ഒരു ദേവാലയമുണ്ട്. കല്ലറയ്ക്കുമീതെ വിശുദ്ധന്റെ മൃതദേഹം മനോഹരമായ വെണ്‍മാര്‍ബിളില്‍ കൊത്തിയിരിക്കുന്നു. നേരെ എതിര്‍വശത്ത് ചെറിയൊരു അള്‍ത്താരയുണ്ട്.

അവിടെ അദ്ദേഹത്തിന്റെ ദേഹത്തു നിന്നെടുത്തതെന്നു പറയപ്പെടുന്ന അമ്പും ബന്ധിച്ച കല്‍ത്തൂണിന്റെ ചെറിയ ഒരു ഭാഗവും സൂക്ഷിച്ചിരിക്കുന്നു. മറ്റൊന്നു കൂടിയുണ്ട്. ആപ്പിയന്‍ വഴിയില്‍ വിശുദ്ധപത്രോസ് യേശുവിനെ കണ്ടുമുട്ടിയ സ്ഥലത്തു പതിഞ്ഞതെന്നു പറയുന്ന രണ്ടു കാല്പാദങ്ങളുടെ രൂപമുള്ള കല്ലുകള്‍. ദേവാലയത്തോടു ചേര്‍ന്ന് ഭൂമിക്കടിയില്‍ 12 കി.മീറ്റര്‍ വിസ്തൃതിയില്‍ ഈ കാറ്റക്കൂമ്പ് സ്ഥിതിചെയ്യുന്നു.

(തുടരും)

സിസ്റ്റര്‍ ശോഭ സിഎസ്എന്‍