ജോയ്ഫുള്‍ ലൈഫ് ഓഫ് ജോയിക്കുട്ടി

0


വിശപ്പാണ് എന്നത്തെയും ഏറ്റവും വലിയ വികാരം. അതു കഴിഞ്ഞിട്ടേ സ്‌നേഹം പോലും മനുഷ്യന് ആവശ്യമായിട്ടുള്ളൂ. വയര്‍ നിറഞ്ഞുകഴിയുമ്പോള്‍ മനസ്സ് ആഗ്രഹിക്കുന്ന അതിമോഹം മാത്രമാണ് സ്‌നേഹം എന്ന് വിചാരിക്കുന്നതിലും തെറ്റില്ലെന്ന് തോന്നുന്നു..

ഇത് അന്നം കൈപ്പറ്റുന്നവരുടെ മനോഭാവമാണെങ്കില്‍ അന്നം നല്കുന്നവരുടെ മനോഭാവം സ്നേഹം മാത്രമാണ്. സ്‌നേഹവും കരുണയും സഹാനുഭൂതിയും കൈമുതലായവര്‍ക്ക് മാത്രമേ മറ്റുള്ളവരുടെ വിശപ്പിനെക്കുറിച്ചും എരിയുന്ന വയറിനെക്കുറിച്ചും ഓര്‍മ്മയുണ്ടാവൂ. ക്രിസ്തു മുതല്‍ ആരംഭിക്കുന്ന പ്രവാചകന്മാരെല്ലാം മറ്റുള്ളവരുടെ ബാഹ്യമായ വിശപ്പിനെക്കൂടി ഗൗരവത്തില്‍ കണക്കിലെടുത്തവരായിരുന്നു. അതിന്റെ തുടര്‍ച്ച ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും നമുക്ക് കാണാന്‍ കഴിയും.

കേരളത്തില്‍ നവജീവന്‍ തോമസുചേട്ടന്‍ തുടങ്ങിവച്ച അന്ന വിപ്ലവത്തിന്റെ നൈരന്തര്യമാണ് തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഡി ജോയിക്കുട്ടിയുടെ അന്നദാനം. കോട്ടയം മെഡിക്കല്‍ കോളജില്‍ ആണ് നവജീവന്റെ അന്നദാനമെങ്കില്‍ ജോയിക്കുട്ടിയുടേത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചാണ്.

പതിനാല് വര്‍ഷം മുമ്പ് ഏതോ ദൈവികനിയോഗമനുസരിച്ചാണ് ഈ മനുഷ്യസ്‌നേഹി അന്നദാനം ആരംഭിച്ചത്. പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇദ്ദേഹം വിളമ്പികൊടുത്ത ചോറ്റുപാത്രങ്ങള്‍ അഞ്ച് ലക്ഷത്തിലധികം വരുമെന്നാണ് ഏകദേശ കണക്ക്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ജോയിക്കുട്ടിയുടെ അന്നദാനമുള്ളത്.

തിരുവനന്തപുരം നഗരത്തിലെ ഭിക്ഷാടകരായിരുന്നു ആദ്യമായി ജോയിക്കുട്ടിയുടെ സ്‌നേഹം അനുഭവിച്ചതും അന്നം രുചിച്ചതും. പിന്നീടാണ് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ആ സ്‌നേഹം പങ്കുവച്ചുതുടങ്ങിയത്. സുന്മനസുകളുടെ പങ്കുവയ്ക്കലുകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഈ ശൂശ്രൂഷ തുടര്‍ന്നുകൊണ്ടുപോകുന്നത്.

അന്നദാനത്തിന് പുറമെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഇദ്ദേഹം നിറവേറ്റുന്നുണ്ട്. വിദ്യാഭ്യാസസഹായം, രോഗികള്‍ക്ക് താമസസൗകര്യം നല്കുക, രക്തദാനം എന്നിങ്ങനെ നിസ്സഹായരുടെയും ദരിദ്രരുടെയും സകലആവശ്യങ്ങളിലും തന്നാല്‍ കഴിയും വിധത്തിലെല്ലാം സഹായിക്കാനും സഹകരിക്കാനും ഇദ്ദേഹം തയ്യാറാണ്. നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫായ ജോയിക്കുട്ടി തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് നീക്കിവയ്ക്കുന്നത്.

കൊടുക്കുന്നതിലാണ് എന്റെ സന്തോഷം. അത് സ്വീകരിക്കുമ്പോള്‍ അവരുടെ കണ്ണുകളിലെ തിളക്കവും സംതൃപ്തിയുമാണ് എന്നെ ഈ സേവനമണ്ഡലത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതും. ജോയിക്കുട്ടി പറയുന്നു. കൊടുക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിഞ്ഞ ഇദ്ദേഹത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ വിവിധ തരത്തില്‍ സഭയും സമൂഹവും അവാര്‍ഡുകള്‍ നല്കി ആദരിച്ചിട്ടുമുണ്ട്.

വെയിലേറ്റ് തളര്‍ന്നുപോയവന് ഒരു തണല്‍ മരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസവും സന്തോഷവും ഈ മനുഷ്യസ്‌നേഹിയുടെ ഒപ്പം ഏതാനും നിമിഷങ്ങള്‍ ചെലവഴിച്ചാല്‍ ഏതൊരാള്‍ക്കും അനുഭവിക്കാന്‍ കഴിയുമെന്നത് തീര്‍ച്ചയാണ്. ജീവിതം ഇത്രമേല്‍ സന്തോഷമായിരിക്കുന്നതിന്‍റെ കാരണം തിരക്കിയാല്‍ നമുക്ക് ഇദ്ദേഹം നല്കുന്ന മറുപടിയും മറ്റൊന്നല്ല. കൊടുക്കുന്നതിന്‍റെ സന്തോഷം മാത്രം.

നിസ്വാര്‍ത്ഥമായ സേവനങ്ങളുമായി ക്രിസ്തുവിന്റെ വഴിയെ ചരിക്കുന്ന ഈ മനുഷ്യസ്‌നേഹിക്ക് പ്രാര്‍ത്ഥനകളും ആശംസകളും നമുക്ക് നേരുകയുമാവാം.

ഡി. ജോയിക്കുട്ടി ഫോണ്‍: 9497016956