വിധി

0

ആരും നിന്നെ വിധിച്ചില്ലേ? (യോഹ 8 :10)

ഒരു നദിയുടെ തീരത്ത് പർണ്ണശാലയിൽ ഒരു ഗുരുവും ശിഷ്യന്മാരും താമസിച്ചിരുന്നു. വർഷത്തിലൊരിക്കൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഒരു പ്രത്യേക ധ്യാനം ആശ്രമത്തിൽ നടത്തപ്പെട്ടിരുന്നു. ഒത്തിരിയതികം സന്ന്യാസികളും ശിഷ്യന്മാരും അതിൽ പങ്കെടുത്തിരുന്നു.

ആ വർഷത്തിലെ ധ്യാനത്തിന്റെ സമയമായി. ഒത്തിരി സന്യാസികളും ശിഷ്യന്മാരും ധ്യാനത്തിൽ പങ്കെടുക്കാനായി എത്തി. ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിൽ ധ്യാനം തുടങ്ങി. രാത്രിയിലെ നിശബ്ദതയിൽ അവിടെ ഒരു മോഷണം നടന്നു. പിറ്റേ ദിവസം രാവിലെ ചിലർ ഗുരുവിന്റെ മുൻപാകെ എത്തി പരാതി ബോധിപ്പിച്ചു. ഗുരു നിശബ്ദമായി കേട്ടതല്ലാതെ ഒന്നും മറുപടിപറഞ്ഞില്ല. പിറ്റേദിവസവും ഇത് സംഭവിച്ചു. അപ്പോൾ അല്പം കൂടുതൽ സന്ന്യാസികൾ ഗുരുവിനെ സമീപിച്ച് കാര്യം അവതരിപ്പിച്ചു. ഗുരു നിശബ്ദത തുടർന്നു. മൂന്നാം ദിവസവും മോഷണം നടന്നു. ഇപ്പ്രാവശ്യം എല്ലാ സന്ന്യാസികളും കൂടി എഴുതിഒപ്പിട്ട ഒരു നിവേദനം ഗുരുവിനു സമർപ്പിച്ചു. മോഷ്ടാവിനെ കണ്ടുപിടിച്ച് ശിക്ഷ നൽകിയില്ലെങ്കിൽ എല്ലാവരും ധ്യാനം നിറുത്തിപ്പോകും എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.

അവസാനം ഗുരു പറഞ്ഞു “നിങ്ങളെല്ലാവരും ജ്ഞാനികളാണ്. ശരിയും തെറ്റും എന്താണെന്ന് നിങ്ങൾക്കറിയാം. അതിനാൽ നിങ്ങൾക്ക് ഇവിടെ നിന്ന് പോകാം. എന്നാൽ ശരിയും തെറ്റും തിരിച്ചറിയാത്ത ഒരാൾ ഇനിയും നിങ്ങളുടെ ഇടയിലുണ്ട്. അയാൾക്ക് വേണ്ടി ഞാൻ ഈ ധ്യാനം തുടരേണ്ടിയിരിക്കുന്നു”. ഗുരുവിന്റെ ഈ വാക്കുകൾ കേട്ട മോഷ്ടാവ് പശ്ചാതാപിച്ച് കുറ്റങ്ങൾ ഏറ്റുപറഞ്ഞ് മാപ്പിരന്നു.

വിധിവാക്ക്യം ഉച്ചരിക്കുന്നതിന് ഒരു തപസ്സ് ആവശ്യമാണ്. സംഭവിച്ചതും സംഭവിക്കാൻ പോകുന്നതും മനസ്സിലാക്കി തെറ്റുപറ്റിയവന്റെ അവസ്ഥകൾ അറിഞ്ഞ്, വളരെ ശ്രദ്ധയോടെ നിർവഹിക്കേണ്ട നീതിനിർവാഹണമാണ് വിധിപറയൽ. കോടതികൾ പോലും എത്രയോ നാളത്തെ പഠനത്തിനും വിചിന്തനങ്ങൾക്കും ശേഷമാണ് വിധിവാചകം ഉച്ചരിക്കുക?
പക്ഷേ, നമ്മുടെ ദൈനംദിനജീവിതത്തിൽ എത്രയോവട്ടമാണ് യാതൊരു മുന്നൊരുക്കവും കൂടാതെ നാം വിധിയുച്ചരിക്കുക? ചിന്തയോ മനനമോ കൂടാതെ വരുംവരായ്കകളോ ഗൗനിക്കാതെയുള്ള എത്രയോ വിധികളാണ് ഓരോ ദിവസവും നാം നടത്തുന്നത്? നമ്മൾ നടത്തിയ വിധിപറയലുകൾ എത്രപേരുടെ ഉള്ളുലച്ചിട്ടുണ്ട്? എത്രപേരുടെ ജീവിതത്തെ ഇരുട്ടിലാക്കാൻ ചില വിധികൾ ഇടയാക്കി? ചില മാതാപിതാക്കളുടെ, അദ്ധ്യാപകരുടെ, പുരോഹിതരുടെ വിധികൾ ഇന്നും പലരെയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

മരണം മുന്നിൽനിൽക്കുന്നവളുടെ വിധിയുച്ചരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഈശോ അത് ചെയ്തത് നിയമങ്ങളുടെ ഇഴകീറിയുള്ള വിശകലനത്തിലൂടെയോ, പാപിനിയുടെ മുൻകാലവീഴ്ചകളുടെ തെളിവെടുപ്പിലൂടെയോ അല്ല, ഇനിയുള്ള അവളുടെ അവശേഷിച്ച ദിനങ്ങൾ നന്മയുടെയും കരുണയുടേതുമാണെന്ന് യേശു ഉറപ്പാക്കുന്നതിലൂടെയാണ്.

നിയമം ഉറ്റുനോക്കുന്നത് ഭാവിയാണ് ഭൂതമല്ല എന്നൊരു ലത്തീൻചൊല്ലുണ്ട് (Lex prospicit not respicit- The law looks forward not backward). എന്റെ വിധികൾ ഒരിക്കലും സംഭവിച്ചുപോയ വീഴ്ചകളുടെ കടം വീട്ടലുകളാവരുത്, നാളെ അഹിതമായതൊന്നും സംഭവിക്കില്ല എന്നുറപ്പുവരുത്താനുള്ള വീണ്ടെടുപ്പുകളാകണം.

നമ്മുടെ വിധിവാചകങ്ങൾ എത്രപേരെയാണ് കരുണയിലും സ്നേഹത്തിലും നിമഗ്നരാക്കിയത്? അതോ അവർ തലയുയർത്താൻ പോലുമാകാതെ ഇന്നും ജീവിക്കുന്നുവോ? അറിയുക, വിധിക്കുന്നവനും വിധിയ്ക്കപ്പെടുന്നവനും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ. അവൻ ഇന്ന് വീണവൻ, നീ ഇനിയും വീഴാൻ സാധ്യതയുള്ളവൻ.
അല്പം കൂടി അവധാനതയോടെ ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും നമ്മൾ വിധിച്ചത് തെറ്റിനെയല്ല, തെറ്റുചെയ്തവനെയാണ്. നമ്മൾ വിധിച്ചത് അവന്റെ ഇന്നലെകളെയാണ്, അവന്റെ നാളെയെക്കുറിച്ച് നമുക്ക് ചിന്തയുണ്ടായിരുന്നില്ല. അല്പം കൂടി കടന്നുചിന്തിച്ചാൽ
നമ്മുടെ വിധികളെല്ലാം മുൻവിധികൾ ആയിരുന്നില്ലേ?

ശുഭരാത്രി

Fr Sijo Kannampuzha OM