വിധിക്കരുത്

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -1

റോമിൽ പഠിക്കുന്ന കാലം.

എല്ലാദിവസവും ക്ലാസ്സിൽ പോകുമ്പോൾ ഒരു ജംഗ്ഷനിൽ കാണുന്ന ഒരു സ്ത്രീ ഉണ്ട്. കൂടെയുണ്ടായിരുന്ന മെക്സിക്കോകാരനാണ് അവളൊരു ‘പാപി’യാണെന്നു പറഞ്ഞുതന്നത്. രാവിലെതന്നെ വശീകരിക്കാനുള്ള ‘ഇര’യെ കാത്തുനില്കുന്ന അവളോട് തീവ്രമായ വെറുപ്പും അമർഷവും തോന്നിയിരുന്നു. മിക്കവാറും ദിവസങ്ങളിൽ അവളവിടെ ഉണ്ടായിരുന്നു. എന്നും അവളെ അവജ്ഞയോടെ കടന്നുപോന്നു.

ഒരുദിവസം തൊട്ടടുത്ത ഒരു ഭക്ഷണശാലയിൽ നിന്ന്, മൂന്നും അഞ്ചും വയസ്സുള്ള  രണ്ടു കുഞ്ഞുങ്ങൾക്ക് ഭക്ഷണം വാങ്ങിനല്കുന്ന അവളെ പിന്നെയും കണ്ടു. അതൊരു ഉള്ളുപൊള്ളിക്കുന്ന കാഴ്ചയായിരുന്നു. അവൾ ജീവിതത്തിനു വിലയിട്ടിരുന്നതും ഏത് കൊടും തണുപ്പിലും അവിടെ നിന്നിരുന്നതും ആ കുഞ്ഞുങ്ങളുടെ വയറുനിറക്കാൻ വേണ്ടിയാണെന്നുള്ള ചിന്ത എന്നെ വല്ലാതെ അലോസരപ്പെടുത്തി. വല്ലാത്ത കുറ്റബോധവും സഹതാപവും കനിവും എനിക്ക് അവളോട് തോന്നി.

പിറ്റേ ദിവസം അവളെ കണ്ടപ്പോൾ ഞാൻ ‘good morning’ പറഞ്ഞു. അവളത് കേട്ടതായി ഭാവിച്ചില്ല. എല്ലാദിവസവും ഞാനത് തുടർന്നു. ക്രിസ്തുമസ്സിനും മറ്റു ആഘോഷാവസരങ്ങളിലെല്ലാം  ഞാൻ അവളെ wish ചെയ്യാൻ തുടങ്ങി. എപ്പോളോ അവളും മറുപടിയായി good morning പറയാനും പുഞ്ചിരിക്കാനും തുടങ്ങി.

പഠനം കഴിഞ്ഞു തിരിച്ചുപോരേണ്ട സമയമായി. അവസാനദിവസം അവളെകണ്ടപ്പോൾ ഞാൻ നാളെ മുതൽ ഉണ്ടാകില്ലെന്നും നാട്ടിലേക്കു തിരിച്ചുപോവുകയാണെന്നും പറഞ്ഞു. അവളുടെ കുഞ്ഞുങ്ങളെ എന്റെ അന്ന്വേഷണം അറിയിക്കണമെന്നും പറഞ്ഞു. അവളുടെ കണ്ണുകളിലെ നനവ് ഞാൻ ശ്രദ്ധിച്ചു. അവളെന്നോട് പറഞ്ഞു “കുറേ നാളുകൾക്കു ശേഷമാണ് ഒരു മനുഷ്യനോട് ഞാൻ സംസാരിക്കുന്നത്, കൂടുതലും സംസാരിക്കാറുള്ളത് ഇടപാടുകാരോടാണ്. അവരൊരിക്കലും കുഞ്ഞുങ്ങളെക്കുറിച്ചു സംസാരിക്കാറില്ല”. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ‘പിന്നെ കാണാം’ എന്ന എന്റെ ആശംസക്ക് അവൾ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. “ഇവിടെയല്ലെങ്കിൽ, സ്വർഗ്ഗത്തിൽ” (se non qui, nel cielo). അതേ, അവളും സ്വർഗ്ഗത്തെക്കുറിച്ചു പ്രതീക്ഷയുള്ളവളാണ്.

എത്രപേർക്കാണ് പാപിയെന്ന മുദ്ര നമ്മൾ ചാർത്തിക്കൊടുത്തിരിക്കുക. അവരുടെ നിസ്സഹായതയോ സാഹചര്യങ്ങളോ നാം അന്വേഷിക്കാറില്ല. അതിലും എളുപ്പം പാപിയെന്ന ലേബലിൽ അവരെ മാറ്റി നിറുത്താനാണ്. 

ഹൃദയം നോക്കി വിധിക്കുന്ന ക്രിസ്തു ഒരുപക്ഷേ അവരെ കാത്തിരിക്കുന്നത് വിരിച്ചുപിടിച്ച കൈകളോടെയാകാം. അവരെ പാപികളെന്നു വിളിക്കുകയും പാപം ചെയ്യുകയും ചെയ്യുന്ന നമ്മെ എന്തുവിളിക്കണം? അവരുടെ ആത്മാവ് നിർമ്മലമായിരിക്കാം. പിഞ്ചുകുഞ്ഞുങ്ങളുടെ വിശന്നുള്ള കരച്ചിലായിരിക്കാം അവരെ ഈ അവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകുക. ആരറിഞ്ഞു? വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്‌ (മത്തായി 7 : 1). അവരും സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കും.

കാരണം ക്രിസ്തു പറയുന്നു “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 21 : 31).ശുഭരാത്രി

🖋

️Fr Sijo Kannampuzha OM