സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങള്‍ അമിതഭാരം അടിച്ചേര്‍പ്പിക്കും

0


കൊച്ചി: സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുമെന്നും പല പദ്ധതികളും പഴയവീഞ്ഞ് പുതിയ തോല്‍ക്കുടത്തിലെന്നപോലെ മുന്‍ബജറ്റുകളിലെ നടപ്പിലാകാത്ത പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സര്‍ക്കാര്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ചെലവുചുരുക്കാന്‍ ഉതകുന്ന യാതൊരു നടപടികള്‍ക്കും ശ്രമിക്കാതെ ധനക്കമ്മി ഒരു ശതമാനമായും റവന്യൂ കമ്മി 3.30 ശതമാനമായും കുറയ്ക്കുമെന്ന പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

റബര്‍ വിലസ്ഥിരതാപദ്ധതിയില്‍ 500 കോടി ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആശ്വാസമാണെങ്കിലും മാസങ്ങളായി വിലസ്ഥിരതാപദ്ധതി വിതരണം നിലച്ചിരിക്കുന്നു. സിയാല്‍ മോഡല്‍ റബര്‍ കമ്പനി നിര്‍ദ്ദേശം 2017 ജൂണ്‍ മാസം സര്‍ക്കാര്‍ പ്രഖ്യാപിച്ചതും പലതവണ ആവര്‍ത്തിച്ചതുമാണ് ഇപ്പോള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ശബരിമല, നവോത്ഥാന ബജറ്റായി സംസ്ഥാന ബജറ്റ് തരംതാണത് ദുഃഖകരമാണ്. കാര്‍ഷികമേഖലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇന്നത്തെ കാര്‍ഷിക പ്രതിസന്ധി അതിജീവിക്കുവാന്‍ പര്യാപ്തമാകുന്നതല്ല. ക്ഷേമപെന്‍ഷന്‍, കുടുംബശ്രീ, ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിപുലീകരണം എന്നിവ സാധാരണ ജനങ്ങളെ ആകര്‍ഷിപ്പിക്കുമെങ്കിലും ഇവയുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം പരാജയപ്പെടുന്നത് ധനമന്ത്രി മറക്കുന്നു. കുടുംബശ്രീ ഉല്പന്നങ്ങള്‍ക്ക് കേന്ദ്രീകൃത വിപണനശൃംഖല പ്രതീക്ഷയേകുമ്പോള്‍ ലോട്ടറിവരുമാനം 11863 കോടി രൂപയായി ഉയരുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.

കുട്ടനാടിനുവേണ്ടി 2008 മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ച പാക്കേജുകള്‍ നടപടികളില്ലാതെ അസ്തമിച്ചിരിക്കുമ്പോള്‍ 1000 കോടിയുടെ പുത്തന്‍ പ്രഖ്യാപനവും മുഖവിലയ്‌ക്കെടുക്കാനാവില്ല. നാളികേരം, കുരുമുളക്, കാപ്പി എന്നീ കൃഷികള്‍ക്കുള്ള ആശ്വാസപ്രഖ്യാപനങ്ങളും ഫലപ്രാപ്തിയിലെത്തുക സംശയകരമാണ്.

റവന്യൂ വരുമാനത്തിന്റെ 43 ശതമാനം ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും 27 ശതമാനം പെന്‍ഷനും ഒരുശതമാനം ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യത്തിനും 10 ശതമാനം വാര്‍ഡുമുതല്‍ മുഖ്യമന്ത്രി വരെയുള്ള 21970 ജനപ്രതിനിധികളെ സംരക്ഷിക്കാനും പലിശ തിരിച്ചടവിന് 22 ശതമാനവും ചെലവഴിക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം. 2017-18 ലെ കണക്കുപ്രകാരം 2,10,883.15 കോടി കടബാധ്യതയുള്ള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതും ജനങ്ങളുടമേല്‍ അടിച്ചേല്‍പ്പിക്കുന്നതുമായ അമിത സാമ്പത്തികഭാരം വരുംനാളുകളില്‍ കര്‍ഷകരുള്‍പ്പെടെ സാധാരണജനങ്ങളെ വന്‍ പ്രതിസന്ധിയിലാക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.