കരുണയില്‍ സ്നാനം ചെയ്യുക

0
‘യേശുവാകട്ടെ, കുനിഞ്ഞ്‌ വിരല്‍കൊണ്ടു നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു’ (യോഹ 8 : 6).
 സുവിശേഷങ്ങളിലെ നാടകീയരംഗങ്ങളിലൊന്നാണ് യോഹന്നാന്റെ സുവിശേഷം എട്ടാം അദ്ധ്യായം ഒന്നു മുതലുള്ള വാക്യങ്ങൾ. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിൻ മുൻപിൽ നിർത്തിയിരിക്കുന്നു. യഹൂദനിയമപ്രകാരം അവൾ കല്ലെറിയപ്പെടണം. യഹൂദരെ സംബന്ധിച്ചിടത്തോളം നിയമമാണ് ഏറ്റവും വലുത്. അതിനെ തള്ളിപ്പറയുന്നതും ബഹുമാനിക്കാതിരിക്കുന്നതും നിയമം നൽകിയ യഹോവയോടുള്ള ബഹുമാനക്കുറവായി ചിത്രീകരിക്കപ്പെടും. വല്ലവിധേനയും യേശുവിനെ പിടികൂടണമെന്ന് ആഗ്രഹിച്ച യഹൂദപ്രമാണികൾ ഇതൊരു അവസരമാക്കിമാറ്റാൻ പരിശ്രമിക്കുകയാണ്.
 കല്ലുകളെടുത്ത് നിയമം പ്രാവർത്തികമാകാൻ ബന്ധപ്പെട്ടുനിൽക്കുന്ന യഹൂദ പ്രമാണിമാർ. മാനം നഷ്ടപ്പെട്ട, അവശേഷിക്കുന്ന ജീവന്റെ അവസാനനിമിഷങ്ങളിൽ എത്തിനില്ക്കുന്ന ഒരു പാവം സ്ത്രീ, ബലവാന്റെയും അധികാരികളുടെയും ചൊൽപ്പടിക്ക് നിൽക്കുന്ന പൊതുസമൂഹം. അവളുടെ തലയിൽ കല്ല് വീഴാൻ യേശുവിന്റെ ഒരു മൂളലിന്റെ ദൈർഘ്യമേയുള്ളൂ.
 കർത്താവിൻറെ ഹൃദയത്തിലും ഒരു പെരുമ്പറ മുഴങ്ങിയിട്ടുണ്ടാകണം. നിയമങ്ങൾ പാലിക്കാതിരിക്കുന്നത് പ്രമാണങ്ങൾ നൽകിയ യഹോവയെ നിന്ദിക്കലാണ്. പാപത്തെ നിസാരവത്കരിക്കലാണ്. ഇനിയും പാപംചെയ്യാൻ മറ്റുള്ളവരെ നിരുൽസാഹപ്പെടുത്തുന്നതിലുള്ള പരാജയമാണ്.
 പക്ഷേ, അവൻ ചിന്തിച്ചത് അവളെ കുറിച്ചായിരുന്നു. അവൾ തെറ്റ് ചെയ്തത് ബലപ്രയോഗത്താൽ അല്ല, അധികാരമുപയോഗിച്ചല്ല, പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല. അവൾ പാപം ചെയ്തത് നിസ്സഹായതയിലാണ്. ഒരുപക്ഷേ കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ, ജീവിക്കാൻ,  മരിക്കാതിരിക്കാൻ വേണ്ടിയാകാം. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തെ ക്രിസ്തു പ്രതിബിംബിപ്പിക്കുന്നു. അതേസമയം നിയമത്തെയോ, അധികാരികളെയോ, മാമൂലുകളെയും അവിടുന്ന് ചോദ്യംചെയ്യുന്നില്ല.  എല്ലാവരെയും ബഹുമാനിക്കുന്നു, പരിഗണിക്കുന്നു, അംഗീകരിക്കുന്നു.
പറന്നുവന്ന മരണം, കരുണയിൽ സ്നാനം ചെയ്ത സ്നേഹത്തിന് മുൻപിൽ തോറ്റു മടങ്ങിപ്പോകുന്നു.
‘അവന്‍ വീണ്ടും കുനിഞ്ഞ്‌ നിലത്ത്‌ എഴുതിക്കൊണ്ടിരുന്നു’ (യോഹ 8 : 8).
ശുഭരാത്രി.
Fr. Sijo Kannampuzha OM