അവൻ എവിടെയാണെന്നറിയുക

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -4

എവിടെയെത്തി’? – യാത്രയിലായിരിക്കുമ്പോഴും, വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോഴും, സമായമായിട്ടും തിരികെയെത്താത്തപ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ എത്തുന്ന ഈ SMS അയക്കുന്നത് ആരായിരിക്കും? ചിലപ്പോളെങ്കിലും ശല്യമായിതോന്നുന്ന ഈ സന്ദേശം എത്തുന്നത് തീർച്ചയായും നമ്മെ സ്നേഹിക്കുന്ന ഒരു ഹൃദയത്തിൽ നിന്നുമായിരിക്കും.

നീ എവിടെയാണെന്നറിയുന്നത്, അതിനായി പരിശ്രമിക്കുന്നത് നിന്നെ കൂടുതൽ സ്നേഹിക്കുന്നവരായിരിക്കും. ഞാൻ ഉറങ്ങുന്നതും എഴുന്നേൽക്കുന്നതും ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതും യാത്രചെയ്യുന്നതുമെല്ലാം അറിയുന്നത് എന്നെ സ്നേഹിക്കുന്നവരായിരിക്കും.

യേശു ഫരിസേയന്റെ ഭവനത്തിൽ ഭക്ഷണം കഴിക്കാനെത്തിയത് പാപിനിയായ സ്ത്രീ അറിയുന്നു. യേശുവിനെക്കുറിച്ചു എപ്പോളും അന്ന്വേഷിച്ചുകൊണ്ടിരുന്നതുകൊണ്ടാകാം, അവൾ യേശു ഫരിസേയന്റെ ഭവനത്തിലെത്തിയത് വേഗം മനസ്സിലാക്കിയത്.

യേശുവിനെ കാണണം എന്ന ആഗ്രഹം എപ്പോഴും അവനെ അന്ന്വേഷിച്ചുകൊണ്ടിരിക്കാനും അവനെത്തിയപ്പോൾ അവന്റെ അരികിലണയാനും അവളെ പ്രേരിപ്പിച്ചു. 

എന്റെ ജീവിതത്തിൽ എത്രയോ പ്രവശ്യമാണ് യേശു എനിക്കെത്തിച്ചേരാൻ സാധിക്കുന്നവിധം അരികിലെത്തിയിരിക്കുക. പലപ്പോഴും ഞാനതറിഞ്ഞില്ല, അറിഞ്ഞതായി ഭാവിച്ചില്ല. ഒരു കയ്യകലം ദൂരത്തിൽ യേശു ഉണ്ടായിരുന്നിട്ടും ഞാൻ അവന്റെ മുൻപിലായിരിക്കാൻ എന്നെ വിട്ടുകൊടുത്തില്ല. എന്റെ ഇടവക ദേവാലയത്തിലെ പരി. കുർബ്ബാനയിൽ, ഇടവക ധ്യാനത്തിൽ ഈശോ വരുന്നത് ഞാൻ അറിയുന്നേയില്ല.

ഞാൻ എവിടെയാണെന്നറിയാൻ ആഗ്രഹിക്കുന്ന സ്നേഹങ്ങളിൽ നിന്ന് എത്രയോ പരുഷമായാണ് ഞാൻ അകന്നിരിക്കുക. ഞാൻ കടന്നുചെല്ലണം എന്നാഗ്രഹിക്കുന്ന അയല്പക്കങ്ങളിൽ, സഹോദരഭവനങ്ങളിൽ, കൂട്ടായ്മകളിൽ നിന്ന് ഞാൻ മാറിനിൽക്കുമ്പോൾ ഒരു ക്രിസ്തുവാകാനുള്ള സാധ്യതയാണ് ഞാൻ നഷ്ടപ്പെടുത്തുന്നത്.

യേശു എവിടെയാണെന്നറിയണമെങ്കിൽ, അവനെ സ്നേഹിക്കുന്നവനായിരിക്കണം. അവൻ എവിടെയുണ്ടെന്നറിയുക.. അതാണ് പ്രധാനം.

ശുഭരാത്രി

🖋

️Fr Sijo Kannampuzha OM