ദൈവ സ്നേഹം പൂത്തുലഞ്ഞ രാവ്‌

0

ഈശോയുടെ പെസഹാദിനത്തെ ദൈവീക സ്നേഹം പൂത്തുലഞ്ഞ രാവ്‌ എന്നല്ലാതെ മറ്റേതൊരു വാക്കുകളാലാണ്‌ വിശേഷിപ്പിക്കാനാവുക. ആ രാവിൽ ദൈവീക സ്നേഹം പൂത്തുലഞ്ഞ്‌ അതിന്റെ സൗരഭ്യം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പരന്നൊഴുകി എന്നാണ്‌ ഞാൻ മനസിലാക്കുന്നത്‌. ആ വിശുദ്ധമായ സ്നേഹസൗരഭ്യത്തിൽ ലയിച്ചൊന്നുചേരാനായി ക്ഷണിക്കപ്പെട്ടവരാണ്‌ വിശ്വാസികളായ നമ്മളോരോരുത്തരും എന്നത്‌ പ്രത്യാശയേകുന്ന ചിന്തയുമാണ്‌. ദൈവീക സ്നേഹം പൂത്തുലഞ്ഞതിന്റെ ഓർമയാചരണത്താൽ മണ്ണിലെ ജീവിതം പൂർത്തീകരിച്ച്‌ അവൻ കടന്നുപോയതുപോലെ കടന്നുപോകേണ്ടവരുമാണ്‌ നമ്മൾ. അപ്പോൾ മാത്രമാണ്‌ ഈശോയുടെ പെസഹായും ആ പെസഹായുടെ ഓർമ്മയാചരണവും വ്യക്തിപരമായ ഒരനുഭവമായിത്തീരുക.

ശിഷ്യർക്ക്‌ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാന ഒത്തുകൂടലിനായിരുന്നു അവരന്ന്‌ വട്ടംകൂടിയിരുന്നത്‌. അതിനാലാണ്‌ മറ്റെല്ലാദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു അത്താഴത്തിന്റെ സമയം അവൻ തിരഞ്ഞെടുത്തത്‌. എന്താണ്‌ ശരിയായ സ്നേഹമെന്നും, എപ്രകാരമാണ്‌ ശരിയായ വിധത്തിൽ സ്നേഹിക്കേണ്ടതെന്നും പ്രവർത്തിയിലൂടെ വെളിപ്പെട്ട നിമിഷങ്ങൾക്കും ആ പെസഹായുടെ ആ വിശുദ്ധരാവിൽ ശിഷ്യന്മാർ സാക്ഷ്യം വഹിച്ചു.  നിത്യേനയെന്നോണം അവർ ഉപയോഗിച്ചിരുന്ന ഭക്ഷണപദാർത്ഥത്തിന്‌ പുതിയ അർത്ഥം കൈവരുന്നത്‌ ആ രാത്രിയിൽ അവർ കണ്ടെത്തി. അപ്പം, വീഞ്ഞ്‌ എന്നീ സാധാരണമായ രണ്ട്‌ വസ്തുക്കളെ തന്റെ ശരീരവും രക്തവുമായി വിശേഷിപ്പിക്കുക മാത്രമല്ല സ്വയം പകർന്നു കൊടുക്കാൻ കഴിയുംവിധത്തിലേക്ക്‌ അവൻ അതിനെ മാറ്റുകയും ചെയ്തു. ഈശോ പറഞ്ഞ ആ വാക്കുകൾക്കും  ചെയ്തുകാണിച്ചവയ്ക്കും അന്നോളമില്ലാതിരുന്ന അർത്ഥം കിട്ടിയതിത്‌ അതിൽ അവൻ തന്റെ ജീവനും സ്നേഹവും നിറച്ചതിനാലാണ്‌.

എല്ലാവരും സ്നേഹത്തെക്കുറിച്ച്‌ പറയുമ്പോഴും സംശയങ്ങൾ കടന്നുവരിക സ്വാഭാവികമാണ്‌ എന്നാൽ അന്നത്തെ പെസഹായുടെ രാവിൽ ഈശോ സംശയങ്ങൾക്കതീതമായി സ്നേഹം പങ്കുവച്ചുകൊടുത്തു, അതവർക്ക്‌ മനസിലായി. ദൈവത്തിന്റെ പുത്രൻ എന്ന പദവിയോ ഔന്നത്യമോ ഒരിക്കലും കാണിക്കാത്ത ജീവിതമായിരുന്നു ഈശോയുടേത്‌ എന്ന്‌ നമുക്കറിയാം. അതിനാലവന്‌ തന്റെ പ്രിയശിഷ്യരുടെ മുൻപിൽ കുനിയുവാനും അവരുടെ പാദങ്ങൾ കഴുകുവാനും സ്നേഹത്തിന്റെ പുതിയ പ്രമാണം അവതരിപ്പിക്കാനും വളരെ എളുപ്പത്തിൽ കഴിഞ്ഞു. അപ്പോഴാണ്‌ ആ രാവിൽ ദൈവീക സ്നേഹം ശരിക്കും പൂത്തുലഞ്ഞത്‌ എന്ന്‌ പറയാനാണെനിക്കിഷ്ടം.

സ്നേഹത്തിന്റെ പേരിൽ നടക്കുന്ന അപചയങ്ങളെക്കുറിച്ച്‌ നിത്യേനയെന്നോണം നാം കേൾക്കുന്നുണ്ട്‌. ഈ അപചയങ്ങൾ എല്ലായിടങ്ങളിലും വളരെ പ്രകടവുമാണ്‌. അവിടെയെല്ലാം ഏതുകാലത്തേക്കുമുള്ള ഉത്തരമായിട്ടാണ്‌ ദൈവീക സ്നേഹം പൂത്തുലഞ്ഞ ആ രാവ്‌ മാറിയത്‌. യഥാർത്ഥവും സത്യവുമായ സ്നേഹം തെറ്റിദ്ധരിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, സ്നേഹം പൂത്തുലഞ്ഞ ആ രാവിന്റെ കഥ നമ്മുടെ ജീവിതത്തിലേക്ക്‌ വിശുദ്ധ കുർബാനയുടെ രൂപത്തിൽ കൈമാറിക്കിട്ടിയിരിക്കുന്നത്‌ ആവർത്തിച്ച്‌ ആവർത്തിച്ച്‌ ധ്യാനിക്കുന്നത്‌ ചിലർക്കെങ്കിലും പുതിയ വെളിപാടുകൾ നൽകിയേക്കാം, ഒപ്പം ചിലർക്കെങ്കിലും പുതിയ വഴികളും തുറന്നു നൽകിയേക്കാമെന്നും ഞാൻ പ്രത്യാശിക്കുന്നു.

ആ രാവിൽ, `എന്റെ ഓർമ്മയ്ക്കായ്‌ നിങ്ങളിത്‌ ചെയ്യുവിൻ` എന്ന്‌ ഈശോ പറഞ്ഞത്‌ ബലിവേദിയിൽ ആവർത്തിക്കുന്നവരാണ്‌ അവന്റെ നാമത്തിൽ അഭിഷിക്തരായ ഓരോ പുരോഹിതനും. എങ്കിലും, ഞാനുൾപ്പെടുന്ന പുരോഹിതർ മുടങ്ങാതെ എല്ലാദിവസവും ബലിവേദിയിൽനിന്നും ആവർത്തിച്ച്‌ പറഞ്ഞിട്ടും എന്തേ സ്നേഹരാഹിത്യത്തിന്റെ ശീലുകൾ മാത്രം ഇന്നത്തെ പള്ളികളും പള്ളിയങ്കണങ്ങളും, ക്രിസ്തുവിശ്വാസികൾ ഒന്നുചേരുന്ന മറ്റിടങ്ങളും പാടിക്കൊണ്ടിരിക്കുന്നു എന്നത്‌ എന്നെ ഏറെ നോവിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ചിന്തയാണ്‌. വിശുദ്ധമായ ദൈവീക സ്നേഹം പൂത്തുലഞ്ഞ ആ രാവും, അത്‌ പങ്കുവച്ചുതന്നവന്റെ ഓർമ്മയും ചിലപ്പോൾ ഇന്നോളം നമ്മുടെ ഹൃദയങ്ങളെ സ്പർശിച്ചിട്ടില്ലായിരിക്കാം. വാക്കുകൾകൊണ്ട്‌, അല്ലെങ്കിൽ ഒരു കർമ്മത്തിന്റെ പേരിൽ മാത്രം ഏറ്റുപറയുന്നതിന്റെ പരിണതഫലമായിരിക്കാം ഈ സ്നേഹരാഹിത്യത്തിന്റേയും മുറിവുകളുടേയുമൊക്കെ കാരണവും എന്ന്‌ ഞാൻ കരുതുന്നു.

സ്നേഹം പൂത്തുലഞ്ഞ ആ രാവിൽ സംഭവിച്ച കാര്യങ്ങളെ കവി വർണിക്കുന്നതിപ്രകാരമാണ്‌:

“ഇതെന്റെ രക്തം ഇതെന്റെ മാംസം

ഇതെന്റെ ജീവിത ബലിദാനം

വേർപ്പുകലർന്നു കലങ്ങിയ ചോര

ച്ചോപ്പിൽ സന്ധ്യ ചുവക്കുമ്പോൾ

ഉയിരുതരുന്നു ഞാൻ പ്രിയ ജനമേ

എടുത്തുകൊള്ളൂ മതിയോളം”

(ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്‌ എന്ന സിനിമയ്ക്കായി റഫീഖ്‌ അഹമ്മദ്‌ എഴുതിയ വരികൾ.) ഓരോ വിശുദ്ധ ബലിയർപ്പണത്തിനുശേഷവും ഒരു വിശ്വാസിക്ക്‌ തന്റെ പ്രിയപ്പെട്ടവരോട്‌ പറയാൻ കഴിയേണ്ട കാര്യങ്ങളാണിത്‌. കാരണം, സ്നേഹത്തിന്റെ നിറവിൽ തന്റെ ഉയിരുപോലും പകർന്നേകിയവന്റെ ഓർമ്മയാണിത്‌. ഇനി ഞാൻ അവന്റെ ഓർമ്മയ്ക്കായി ഒത്തുകൂടിയാൽ, അവന്റെ ജീവിതം എന്റെ ജീവിതത്തിലൂടെ ഞാനും പകർന്നേകണം. അതല്ലാതൊരു സാധ്യതയും ഇനി അവശേഷിച്ചിട്ടില്ല. ഞാനപ്രകാരം ജീവിക്കാൻ തുടങ്ങുമ്പോഴാണ്‌ ദൈവീക സ്നേഹം എന്നിലും പൂത്തുലയുക.

ഇത്രയും നാളുകളിലെ എന്റെ പെസഹാദിനങ്ങൾ വെറും ആചരണങ്ങാളായിപ്പോയല്ലോ എന്നുപറഞ്ഞ്‌ കരയുന്നവരുണ്ടാകാം, അതുപോലെ വന്നുപോയ പിഴകൾ തിരുത്താനും പുതിയതായി പെസഹായുടെ ജീവിതം ആരംഭിക്കാനും കൊതിക്കുന്നവരുമുണ്ടാകാം. ചിലപ്പോൾ അത്തരത്തിലുള്ള ജീവിതങ്ങളെയെല്ലാം മുൻപിൽ കണടെഴുതിയതുപോലെ തോന്നിപ്പിച്ച ചില വരികൾ കവി ബാലചന്ദ്രൻ ചുള്ളിക്കാട്‌ തന്റെ ഒരു കവിതാ സമാഹാരത്തിന്റെ ആമുഖത്തിൽ കുറിച്ചുവച്ചിട്ടുണ്ട്‌, അതിങ്ങനെയാണ്‌:

“അറിഞ്ഞതിൽ പാതി പറയാതെപോയ്‌

പറഞ്ഞതിൽ പാതി പതിരായ്‌ പോയ്‌

പാതി ഹൃത്തിനാൽ പൊറുക്കുമ്പോൾ

പാതി ഹൃത്തിനാൽ വെറുത്തുകൊൾക

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക”

ദൈവീക സ്നേഹം പൂത്തുലഞ്ഞ ആ പുണ്യരാവിന്റെ വിശുദ്ധി പകരുന്ന ബലിവേദിയിലേക്ക്‌ ഒരിക്കൽകൂടി കഴുകി വിശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസാക്ഷിയോടുംകൂടെ ബോധപൂർവം നമുക്ക്‌ പ്രവേശീക്കാം. ആ നിമിഷങ്ങളിൽ, ആ തിരുസന്നിധിയിൽ നിന്നും എന്റെജീവിതത്തിൽ എന്തായിരിക്കും സംഭവിക്കുക എന്ന്‌ ഒരു ഗാനത്തിലെ വരികൾ പറഞ്ഞുതരുന്നുണ്ട്‌:

“ആ രാവിലണഞ്ഞു ഞാൻ തീരാവിശപ്പുമായ്‌

അവനോടൊപ്പം അത്താഴമുണ്ണാൻ

അത്താഴമായന്നു പകർന്നു നൽകിയതോ

ആ തിരു ദേഹവും രക്തവും

അന്നോളം തീരാത്തെൻ  വിശപ്പു തീർന്നു

അതുവരെ തീരാത്തെൻ ദാഹം ശമിച്ചു…“

ഓരോ വിശുദ്ധ കുർബാനയും ആ രാവിലേയ്ക്ക്‌, ദൈവീക സ്നേഹം പൂത്തുലഞ്ഞതിന്റെ ഓർമ്മയിലേക്ക്‌, ആ പെസഹായിലേയ്ക്ക്‌ എന്റെ തീരാത്ത വിശപ്പുമായുള്ള ബോധപൂർവകമായ ഓട്ടമാണ്‌. ഓട്ടത്തിന്റെ അവസാനം അത്താഴമായി എന്റെ ഈശോ മുറിച്ചു വിളമ്പിത്തരുന്ന ശരീരരക്തങ്ങൾ സ്വന്തമാക്കിക്കഴിയുമ്പോൾ ഇത്രനാളും തീരാതിരുന്ന പലതരത്തിലുള്ള എന്റെ വിശപ്പിനും ദാഹത്തിനും അന്ത്യമാവുകയാണ്‌. അതുപോലെ, എന്റെ ജീവിതത്തിനും എന്റെ ചിന്തകൾക്കും എന്റെ പ്രവർത്തികൾക്കും കൂടുതൽ തെളിച്ചം കൈവരുകയാണ്‌, കൂടുതൽ ആത്മീയതേജസ്‌ നിറയുകയാണ്‌.

ദൈവ സ്നേഹം പൂത്തുലഞ്ഞ ആ രാവിന്റെ സന്തോഷം എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നതിനുള്ള കൃപ അനുദിനം നൽകണമേയെന്ന്‌ പെസഹാക്കുഞ്ഞാടായ ഈശോയേ നിന്നോട്‌ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

പോൾ കൊട്ടാരം കപ്പൂച്ചിൻ