നിയമങ്ങൾ

0

സാബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ? (യോഹ 7:23)

യഹോവയുടെ നിയമപ്രകാരം ആദ്യം പരിച്‌ഛേദനം സ്വീകരിച്ച യഹൂദപിതാവാണ് അബ്രാഹം. പ്രതീകാത്മകമായ ഈ ആചാരാനുഷ്ഠാനം ദൈവവും ദൈവജനമായ ഇസ്രയേലും തമ്മിലുള്ള കാണപ്പെടുന്ന, നിലനിൽക്കുന്ന, ബാഹ്യമായ അടയാളമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ആൺകുട്ടികളും ജനിച്ചതിൻ്റെ എട്ടാം ദിവസം പരിച്‌ഛേദനം സ്വീകരിക്കണമായിരുന്നു. സ്വാഭാവികമായി ചില കുട്ടികൾക്ക് പരിച്‌ഛേദനം നൽകിയിരുന്നത് സാബത്തുദിവസമായിരുന്നു.

യേശു സാബത്തുദിവസം 38 വർഷമായി രോഗിയായിരുന്ന ഒരുവനെ സുഖപ്പെടുത്തിയത് യഹൂദപ്രമാണിമാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ അവനെ ദ്വേഷിച്ചു എന്നാണ് സുവിശേഷം പറയുക (യോഹ 5:16). ഇന്ന് നാം ധ്യാനിക്കുന്ന ഈശോയുടെ ചോദ്യം, യഹൂദ പ്രമാണിയുടെ കപടനാട്യം വെളിപ്പെടുത്തുന്നതാണ്. സാബത്തുദിവസം പരിച്‌ഛേദനം ചെയ്യാൻ അനുവദിക്കുന്ന യഹൂദർ, അതിലും വലുതായ ഒരു സൗഖ്യത്തിനെതിരെ മുഖം തിരിക്കുന്നത് യേശു നിശിതമായി വിമർശിക്കുന്നു. സാബത്തിലുള്ള ആ രോഗശാന്തി രോഗിയായിരുന്ന ആ മനുഷ്യന് നൽകിയത്, കഴിഞ്ഞ 38 വർഷത്തെ ബന്ധനത്തിൽ നിന്നുള്ള മോചനമാണ്. കഴിഞ്ഞ 38 വർഷം ബേത്സൈദായുടെ കുളക്കരയിൽ ആരും വെള്ളത്തിലിറക്കാൻ പോലും ഇല്ലാതിരുന്നവൻ, ഇന്ന് നടക്കാനും എഴുന്നെല്കാനും, സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുകയാണ്. ഇവിടെയാണ് ക്രിസ്തുവിൻ്റെ പ്രസക്തമായ ചോദ്യം: സാബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ?

പലപ്പോഴും ചുറ്റിലും സംഭവിക്കുന്ന നന്മകൾ നമ്മെ അലോസരപ്പെടുത്തുന്നു. കാരണം അത് സംഭവിച്ചത് നിലനിൽക്കുന്ന വ്യവസ്ഥാപിതമായ രീതികളെ വെല്ലുവിളിച്ചുകൊണ്ടാണ്. ആരാണ് നന്മകൾ പാരമ്പര്യരീതിയിൽ മാത്രമേ സംഭവിക്കാവൂ എന്ന് വിധിയെഴുതിയത്? സംഭവിക്കുന്നത് നന്മകളാണെങ്കിൽ, ശാന്തിയും സന്തോഷവുമാണ് മനുഷ്യൻ അനുഭവിക്കുന്നതെങ്കിൽ എന്തുകൊണ്ട് നന്മകളെ അംഗീകരിച്ചുകൂടാ? പാരമ്പര്യവും അനുഷ്ഠാനക്രമവും നന്മകൾ സംഭവിക്കാനായി ക്രമപ്പെടുത്തപ്പെട്ടതാകണം. മനുഷ്യനിൽ ഉള്ള നന്മയെ നശിപ്പിക്കാനും വിഭാഗീയത ഉടലെടുക്കാനുമാണ് പാരമ്പര്യവും അനുഷ്ടാനങ്ങളും നിയമങ്ങളും നിലകൊള്ളുന്നതെങ്കിൽ അവ എന്നേ കാലഹരണപ്പെട്ടുപോയി?
നിയമങ്ങൾ മനുഷ്യന് നൽകേണ്ടത് സ്വാതന്ത്ര്യമാണ്. പാരമ്പര്യത്തിലൂന്നിയ അനുഷ്ഠാനങ്ങൾ മനുഷ്യജീവനെ കൂടുതൽ ലളിതമാക്കുകയാണ് വേണ്ടത്. അല്ലാതെ കഠിനമാക്കുകയല്ല. കാലം അത്രമേൽ സങ്കീർണ്ണമാക്കിയ നമ്മുടെ ജീവിതങ്ങളെ, ഈ നിയമാവലികളും പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ശീതളമാക്കുന്നില്ലെങ്കിൽ, കൂടുതൽ ദൈവത്തോടടുക്കാൻ സഹായിക്കുന്നില്ലെങ്കിൽ അതെല്ലാം വ്യർത്ഥമാണ്.

യേശു ഈ കാലയളവിൽ ജീവിച്ചിരുന്നെങ്കിൽ കുരിശിലേറി മരിക്കില്ലായിരുന്നു. കാരണം പാരമ്പര്യവാദികളും അനുഷ്ഠാനവിധികർത്താക്കളും നിയമപാലകരും അതിനുമുമ്പേ അവനെ ഇല്ലായ്മ ചെയ്തേനെ. “അനന്തരം, അവന്‍ അവരോടു ചോദിച്ചു: സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്‌ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്‌ദരായിരുന്നു. (മര്‍ക്കോ 3:4)

നിയമങ്ങൾക്കപ്പുറത്ത് മനുഷ്യരെയും പാരമ്പര്യങ്ങൾക്കപ്പുറത്ത് പരാജിതനെയും അനുഷ്ഠാനക്രമങ്ങൾക്കപ്പുറത്ത് ആത്മാവിനെയും കാണാൻ കർത്താവേ ഞങ്ങളുടെ ഉൾകണ്ണുകൾ തുറക്കണമേ.

ശുഭരാത്രി

Fr Sijo Kannampuzha OM