ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?
(ഏശയ്യ 58;6)
ഉപവസിക്കുക… അതെ കൂടെ വസിക്കുക… ദൈവത്തിന്റെ അരികിലിരിക്കുക… നിന്റെ ജീവിതത്തിന്റെ ആസക്തികളില്‍ നിന്നും പ്രലോഭനങ്ങളില്‍നിന്നും ലൗകികവ്യഗ്രതതകളില്നിന്നും ഒരു കൈ അകലം പാലിച്ച് ദൈവവിചാരത്തില്‍ മുഴുകുക. അതാണ് ഉപവാസകാലം… നിശ്ചിതമായ ഒരു അര്‍ത്ഥത്തിലോ പരിമിതമായ കാലത്തിലേക്കോ മാത്രമായി നാം അതിനെ ചുരുക്കുന്നത് നമ്മുടെതന്നെ പരിമിധിയാണ്. കാരണം ഉപവാസത്തിനും നോമ്പിനും ഹ്രസ്വകാലദൈര്ഘ്യമല്ല ജീവിതത്തിലുണ്ടാവേണ്ടത്.
ജീവിതത്തിന്റെ അന്ത്യം വരെ നിലനിര്ത്തിക്കൊണ്ടുപോരേണ്ട ചില അവശ്യപ്രക്രിയകള് പോലെ നൈരന്തര്യം ആവശ്യപ്പെടുന്ന ഒന്നത്രേ ഉപവാസവും നോമ്പും. ആത്മാവില്‍ പിറവിയെടുക്കുകയും ജീവിതത്തില്‍ വളര്‍ന്നുപന്തലിക്കുകയും ചെയ്യേണ്ട ഒരു വചനമാണ് മുകളിലെഴുതിയത്. കാരണം അര്‍ത്ഥമറിയാതെയുള്ള നോമ്പാചരണങ്ങളിലും ആത്മാവില്ലാത്ത അനുഷ്ഠാനങ്ങളിലും ഈശോയുടെ പെസഹാനുഭവങ്ങളെയും ഉത്ഥാനരഹസ്യങ്ങളെയും പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് നമ്മള്. നമ്മള് വിചാരിക്കുന്നു ഇങ്ങനെയൊക്കെ ചെയ്താല്‍ നോമ്പായി… ഉപവാസമായി… പ്രാര്തഥനയായി… നമുക്ക് അതിന്റെ ഫലം വൈകാതെ ലഭിക്കുമെന്നും കരുതുന്നു.
പക്ഷേ എത്ര നോമ്പെടുത്തിട്ടും എത്ര ഉപവസിച്ചിച്ചിട്ടും നമ്മുടെ അനുഷ്ഠാനങ്ങള്‍ക്ക് നാം അര്‍ഹിക്കുന്ന ഫലം ലഭിക്കാതെ പോകുന്നു. എത്ര ഉളളുരുകിയിട്ടും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം കാതുകൊടുക്കാതെ പോകുന്നു. എന്തുകൊണ്ടാണത്? പ്രാര്‍ത്ഥനകള്‍ക്ക് ദൈവം കാതുകൊടുക്കാത്തതിനെയോര്ത്ത് എത്രയോ വ്യാകുലപ്പെടുന്നവരുമാണ് നമ്മള്.
പ്രത്യേകതരം ഭക്ഷണസാധനങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നതിലൂടെയോ എന്നും വിശുദ്ധ ബലികളില്‍ പങ്കെടുക്കുന്നതുമൂലമോ ഒന്നും ഉപവാസത്തിന്റെയോ നോമ്പിന്റെയോ അര്‍ത്ഥങ്ങളെ നാം അറിയണമെന്ന് നിര്‍ബന്ധമില്ല. ആവാം, ചില സാധ്യതകള്‍ അതിനുണ്ട്. അതുകൊണ്ടുതന്നെയാണ് നിര്ബന്ധമില്ലെന്നെഴുതിയതും.
കേവലമായ ഇത്തരം ബാഹ്യസാധ്യതകളെ നിഷേധിക്കാതെ തന്നെ അവയ്ക്കപ്പുറമാകണം നോമ്പും ഉപവാസവും നമ്മുടെ ജീവിതത്തില്‍ മേല്‍ക്കൈ നേടേണ്ടത്. ഇത്തരം ചില ഉപവാസങ്ങളിലൂടെ നാം അര്‍പ്പിക്കുന്ന നിയോഗങ്ങള്‍ക്ക് മീതെയാണ് സ്വര്‍ഗ്ഗത്തില്‍നിന്ന് അനുഗ്രഹം തേടിയെത്തുന്നത്.
ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ഉപവാസം എന്താണെന്നാണ് ഏശയ്യായുടെ തിരുവചനങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. നാലു കാര്യങ്ങളെ ആസ്പദമാക്കിയാണ് ഏശയ്യാ ഉപവാസത്തെ നിര്‍വചിക്കുന്നത്.
ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുക… നുകത്തിന്റെ കയറുകള്‍ അഴിക്കുക… മര്‍ദ്ദിതരെ സ്വതന്ത്രരാക്കുക… എല്ലാ നുകങ്ങളും ഒടിക്കുക…
ദുഷ്ടതയുടെ കെട്ടുകളെ പൊട്ടിക്കുന്നതും നുകത്തിന്റെ കയറുകള്‍ അഴിക്കുന്നതും എങ്ങനെയാണെന്ന് തുടര്‍ന്നുള്ള വചനം വ്യക്തമാക്കിത്തരുന്നുണ്ട്. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? (ഏശയ്യ 58;7)
സ്വാര്‍ത്ഥത, അസൂയ, മതമാത്സര്യം, കോപം, ചില പാപതാല്പര്യങ്ങള് ഇദൃശ്യമായ പലതിനെയും മനുഷ്യമനസ്സിലുള്ള ദുഷ്ടതയായി കണക്കാക്കാം.
സ്വാര്‍ത്ഥതയുടെ ചങ്ങലക്കണ്ണികളില്‍ കൊളുത്തപ്പെട്ടുകിടക്കുന്ന ജീവിതങ്ങളാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റേതും. എന്റേതെന്നും എനിക്കെന്നുമുള്ള ചിന്തകള്‍ നമ്മെ കെട്ടിവരിഞ്ഞിരിക്കുന്നു. എല്ലാം എനിക്ക്… അന്യന്റേതുകൂടി എനിക്ക്… അവന്റെ ചിന്ത… ആശയങ്ങള്‍… കഴിവ്… എല്ലാം എന്റെ ലക്ഷ്യത്തിനും ഞാന്‍ പറയുന്നതുപോലെയും അവന് പ്രയോഗിക്കേണ്ടിയിരിക്കുന്നു. എത്രയോ മുന്തിയ സ്ഥാപനങ്ങളില്‍പോലും തൊഴിലാളിയെ മിഷ്യന് പോലെ കണക്കാക്കുന്ന പ്രവണതകള്‍ നിലവിലുണ്ട്. ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവരുടെ സ്വാതന്ത്ര്യത്തെപോലും ഹനിക്കുന്നു. സ്ഥാപനങ്ങളുടെ സ്വാര്‍ത്ഥതകള്‍ വ്യക്തികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് മീതെ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസുമാരുടെ വാളുകളാകുന്നു…
മരുഭൂമിവാസത്തിനിടയില് ക്രിസ്തു സാത്താനില്നിന്ന് നേരിട്ട ഒരു പ്രലോഭനം എല്ലാം സ്വന്തമാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുക എന്നതുകൂടിയായിരുന്നു. ലോകവും അതിലെ സമസ്തവും കാട്ടിക്കൊടുത്തതിന് ശേഷം ഇതെല്ലാം നിന്റേതാകുമെന്ന വാഗ്ദാനം. ക്രിസ്തു അതിനെ എങ്ങനെയാണ് നേരിട്ടതെന്ന് നമുക്കറിയാം. നമുക്കാവശ്യമില്ലാത്തതൊന്നും നമുക്ക് വേണ്ടെന്ന് വയ്ക്കുക… ആവശ്യമായതിനോടു പോലും മതിയെന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കുക.
സ്വാര്‍ത്ഥത ഒരു കെട്ടായി നമ്മെ വരിഞ്ഞുമുറുക്കുമ്പോള്‍ നമുക്ക് ഒരിക്കലും മോചനമില്ല. കുറെയൊക്കെ സ്വാര്‍ത്ഥത എല്ലാവര്‍ക്കുമുണ്ടാകും. ചില സ്വാര്‍ത്ഥതകള്‍ അതിന്റേതായ ലക്ഷ്യത്തില്‍ നല്ലതുമാണ്. പക്ഷേ മറ്റുള്ളവനെ നശിപ്പിക്കുന്ന വിധത്തിലുള്ള സ്വാര്‍ത്ഥതകള്‍ നമുക്ക് ദോഷമാണ് ചെയ്യുന്നത്. ഇത്തരം കെട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന ഒരാള്‍ക്ക് യഥാര്‍ത്ഥ ഉപവാസം അനുഷ്ഠിക്കാനാവില്ല…
അതുപോലെ മറ്റൊന്നാണ് അസൂയ. മറ്റൊരാളോടുള്ള അസൂയയുടെ പേരിലാണ് ചിലയിടത്തൊക്കെ ചില നിയമങ്ങള്‍ പോലും രൂപപ്പെട്ടിരിക്കുന്നതെന്ന് അനുഭവസ്ഥര്‍ തെളിവു സഹിതം പറയുമ്പോള്‍ അതിനെ വിശ്വസിക്കാതിരിക്കാനാവില്ല. അസൂയയുടെ കെട്ടുകള്‍ നമ്മുടെ തന്നെ വളര്‍ച്ചയുടെ പുരോഗതിയെ തടസപ്പെടുത്തുന്നു.
ആരോഗ്യകരമായ മത്സരങ്ങള്‍ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്. പക്ഷേ അനാരോഗ്യകരമായ മത്സരപ്രവണതകള് നമ്മെ ഒരിടത്തുമെത്തിക്കുന്നില്ല. മറ്റൊരാളുടെ തിന്മ ആഗ്രഹിച്ചുകൊണ്ട്, അയാളോട് മനസ്സില്‍ പരുഷത കരുതിക്കൊണ്ട് നാം എത്രയധികം ഉപവസിച്ചാലും പ്രാര്‍ത്ഥിച്ചാലും ദൈവത്തിന് നമ്മെ അനുഗ്രഹിക്കാനാവുമോ?
വിദ്വേഷമാണ്, ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മറ്റൊരു കെട്ട്. ക്ഷമിക്കാതെ പ്രാര്‍ത്ഥിക്കുന്നവ ഫലം ചൂടാതെ പോകുന്നുവെന്നത് ബൈബിളില്‍ നാം പലയിടത്തും കാണുന്ന പ്രബോധനമാണ്. ക്ഷമയുടെ അനന്തസാധ്യതകളെക്കുറിച്ച് നമ്മില്‍ പലര്‍ക്കും അറിവുള്ളതുമാണ്. ഇത്തരം കെട്ടപ്പെട്ട അവസ്ഥകളില്‍ നിന്ന് പുറത്തുകടക്കുക. പല വിധത്തിലുള്ള നുകങ്ങള് നിയമത്തിന്റെ പേരു പറഞ്ഞ് നാം മറ്റൊരാളുടെ ചുമലില്‍ കെട്ടിവയ്ക്കുന്നുണ്ടാവാം… നാം അവര്‍ക്ക് മേല്‍ കെട്ടിവയ്ക്കുന്ന നുകങ്ങളാണ് അവരെ നമുക്ക് മുമ്പില്‍ നിവര്ന്നുനില്ക്കാന് കഴിവുകെട്ടവരാക്കുന്നത്… അവരുടെ ആത്മാഭിമാനത്തെ തന്നെ ചോര്‍ത്തിക്കളയുന്നത്… ഒരാളെ കെട്ടിയിടാന്‍ അത് എന്തിന്റെയെങ്കിലും പേരിലായിക്കോട്ടെ വളരെ എളുപ്പമാണ്. അധികാരമുള്ളവര്‍ക്ക് വളരെ എളുപ്പം സാധിക്കുന്ന ഒന്നാണത്.
പക്ഷേ ഒരാളെ അയാളുടേതായ ആകാശത്തിലേക്ക് പറന്നുപൊയ്ക്കൊള്ളാന് മോചിപ്പിക്കുന്നത് അത്രയെളുപ്പമല്ല. എത്രയെത്ര പേരെയാണ് നാം തടവിലാക്കിയിരിക്കുന്നത് എന്ന് ചിന്തിച്ചുനോക്കുക… ഒരുപക്ഷേ അവരുടെ കാലുകളില്‍ നാം ചങ്ങലകള്‍ കൊളുത്തിയിട്ടുണ്ടാവില്ല… പക്ഷേ അവരെ നാം തടവിലാക്കിയിരിക്കുകയാണ്. ഏതെല്ലാമോ തടവറകളില്‍… അവരെ മോചിപ്പിക്കുക… അവര്‍ പറന്നുപൊയ്ക്കൊള്ളട്ടെ… നിന്റെ ഉപവാസവും പ്രാര്‍ത്ഥനകളും ഫലദായകമായിത്തീരണമെങ്കില് അത് ആവശ്യമാണ്. ബന്ധിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും നല്കുന്ന ക്രിസ്തുവാകാനാണ് ഓരോ നോമ്പുകാലവും നമ്മെ ക്ഷണിക്കുന്നതെന്ന് മറക്കരുത്. ഒരു പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം (ഗലാ 6/15) ദുഷ്ടതയുടെ കെട്ടുകള്‍ അഴിക്കുകയും നുകങ്ങള് ഒടിക്കുകയും ചെയ്യുന്ന പുതിയ സൃഷ്ടി. ഹൃദയത്തില്‍ നടക്കുന്ന പരിഛേദനമാണ് യഥാര്‍ത്ഥ പരിച്ഛേദനം (റോമ 2/29) എന്നതും മറക്കരുത്.
ഒരുപക്ഷേ ദരിദ്രന് നാം ആഹാരം കൊടുക്കുകയോ വസ്ത്രം ധരിപ്പിക്കുകയോ ചെയ്യുന്നുമുണ്ടാവും. ചാരിറ്റി ഇന്നത്തെ കാലത്ത് പുണ്യപ്രവൃത്തിമാത്രമല്ല ഫാഷനും കൂടിയാണല്ലോ. അയല്‍വക്കത്തെ ദരിദ്രര്‍ക്ക് പോഷകവിഭവങ്ങള്‍ കൊണ്ട് സദ്യ നടത്തുന്ന പലരും സ്വന്തക്കാരില്‍ നിന്ന് മുഖം തിരിക്കുന്ന അവസ്ഥയെക്കുറിച്ചുകൂടി ഇവിടെ ചിന്തിക്കണം. ലോകം മുഴുവനും സഹായം ചെയ്യുന്നവര്‍ സ്വന്തം വീട്ടുമുറ്റത്ത് ഭിക്ഷയാചിച്ച് വരുന്നവനെ ആട്ടിപ്പുറത്താക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നതിന് തുല്യമാണത്.
പഴയ നിയമത്തിലെ ജോസഫിനെ ഓര്‍മ്മിക്കുക.. നാടെങ്ങും ദാരിദ്ര്യം പടര്‍ന്നുപിടിച്ചപ്പോള്‍ തന്നോട് ദ്രോഹം ചെയ്തവരായിട്ടുപോലും സഹോദരന്മാര്ക്കായി സമൃദ്ധിയുടെ ധാന്യം കരുതിവയ്ക്കാന്‍ മറന്നുപോകാത്തവനാണവന്. സ്വന്തക്കാരില്‍നിന്ന് മുഖംതിരിക്കാത്തവരുടെ ഉദാത്തമാതൃകയായി ജോസഫ് മാറുന്നത് അങ്ങനെയാണ്. രക്തബന്ധങ്ങളിലുള്ളവരെ സഹായിക്കാന്‍ മറന്നുപോകുന്ന സമ്പന്നരുടെ എണ്ണം പെരുകുന്ന ഇക്കാലത്താണ് ഈ ജോസഫിന് തിളക്കം വര്‍ദ്ധിക്കുന്നത്. താന്‍ ചെയ്യേണ്ട നീതിയെക്കുറിച്ചുള്ള ഓര്‍മ്മയായിരിക്കണം ജോസഫിനെ ഇതിലേക്കായി പ്രേരിപ്പിച്ചത്.
ഏശയ്യയുടെ വാക്കുകളുമായി ബന്ധപ്പെടുത്തി മറ്റൊന്നുകൂടി പറയാന്‍ നിര്‍ബന്ധിതനാകുന്നു. അതാവട്ടെ നമ്മുടെ ലഭിക്കാതെപോകുന്ന പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം കൂടിയായി മാറുകയും ചെയ്യും. ഉപവാസം, ദാനധര്‍മ്മം, നീതി എന്നിവയോടുകൂടിയാകുമ്പോള് പ്രാര്‍ത്ഥന വളരെ നല്ലതാണ് എന്ന തിരുവചനമാണ് അത്.
ഉപവാസവും ദാനധര്‍മ്മവും അതില്‍ തന്നെ നല്ലതാകുമ്പോഴും നമ്മള് മറന്നുപോകുന്ന മൂന്നാമത്തെ കാര്യമാണ് നീതി കാണിക്കുക എന്നത്. ഇവ മൂന്നും ഒത്തുവരുമ്പോഴാണ് പ്രാര്‍ത്ഥന നല്ലതാകുന്നത്. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് നാം അനുഷ്ഠിക്കുന്ന ഭക്ത്യാഭ്യാസങ്ങള്ക്കും ത്യാഗപ്രവൃത്തികള്‍ക്കും അനുസരിച്ചുള്ള ഫലം കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണ് എന്നതിന് മറുപടി ലഭിക്കുകയും ചെയ്യും. നീതിയില്ലാതെയുള്ളവയായിരുന്നു നമ്മുടെ പ്രാര്‍ത്ഥനകള്‍… സഹോദരനോട് നീതി കാണിക്കുക… എന്താണ് നീതി? അര്ഹിക്കുന്നവന് അര്‍ഹിക്കുന്നത് നല്‍കുന്നതാണ് നീതി. അത് ചിലപ്പോള്‍ ഒരു പ്രശംസയാകാം… സ്നേഹമാകാം… സഹായമാകാം. ന്യായമായ വേതനമാകാം… തിരക്കുള്ള ബസില്‍ ദുര്‍ബലനായ ഒരു വ്യക്തിക്ക് തന്റെ ഇരിപ്പിടം വിട്ടുകൊടുക്കുന്നതുപോലും നീതിയാണ്. നീതി നിഷേധിക്കപ്പെടുന്നതിലും വലിയ വേദന മറ്റൊന്നില്ല.
നീതിമാന് എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്നത് വിശുദ്ധ ജോസഫിനെയാണല്ലോ? എന്തായിരുന്നു ജോസഫിന്റെ നീതി? പൊതുസമൂഹം വഴിപിഴച്ചവളെന്ന് ആക്ഷേപിക്കാമായിരുന്ന മറിയത്തിന്റെ മാനത്തിന് കാവല്‍ നിന്നു എന്നതായിരുന്നു ജോസഫ് കാണിച്ച ആദ്യ നീതി പ്രവൃത്തി. അതുപോലെ മറ്റൊരാളുടെ സല്‍പ്പേരിനു കാവല്‍നില്‍ക്കുക എന്നതുപോലും നീതിയായി പരിണമിക്കുന്നുണ്ട്.
കുടുംബജീവിതത്തില്‍ ഭാര്യഭര്ത്താക്കന്മാര് പരസ്പരം നീതി കാണിക്കേണ്ടവരാണ്… നീതി പുലര്‍ത്തേണ്ടവരാണ്. നീതി നിഷേധിക്കപ്പെടുമ്പോള്‍ അവിടെ അസമത്വം ഉടലെടുക്കും… അന്യായമായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന പണം ആപത്തുകാലത്ത് ഉപകരിക്കുകയില്ല എന്ന് പറയാറുണ്ടല്ലോ… അതുപോലെയാണ് അനീതിയിലൂടെ നേടിയെടുക്കുന്ന വിജയങ്ങളും…
അനീതി പ്രവര്‍ത്തിക്കുന്നവരേ നിങ്ങള്‍ എന്നില്‍ നിന്നും അകന്നുപോകുവിന്‍ എന്നാണ് ദൈവത്തിന്റെ താക്കീത്. പാപികളെയും ചുങ്കക്കാരെയും വേശ്യകളെയും എല്ലാം അടുപ്പിച്ചുനിര്‍ത്തിയ ക്രിസ്തുവിന് അനീതി മാത്രം സഹിക്കാന്‍ സാധിക്കുന്നില്ല. കാരണം അനീതികളില്‍ കാപട്യമുണ്ട്… ദൈവത്തിന് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ്. ജീവിതകാലം മുഴുവന്‍ നിന്റെ പ്രവൃത്തികള്‍ നീതിനിഷ്ഠമായിരിക്കട്ടെ (തോബി 4/5)എന്നത് നമുക്ക് മറക്കാതിരിക്കാം…
ഏശയ്യായുടെ തുടര്വചനങ്ങളെ നമുക്കിങ്ങനെ വായിച്ചവസാനിപ്പിക്കാം… അപ്പോള്‍ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുമ്പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും. നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍ എന്ന് അവിടുന്ന് മറുപടി തരും (58/9).
മറക്കരുത്, നീതിയില്‍ അധിഷ്ഠിതമായ ജീവിതവും അത് നല്കിയ പ്രാര്ത്ഥനകളുമായിരിക്കട്ടെ നമുക്ക് പുതിയ തുടക്കമായി മാറേണ്ടത്.
വിനായക് നിര്‍മ്മല്‍