അമരം ക്രിസ്തുവിന്

0

നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെ താങ്ങിക്കൊള്ളും; നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.”(സങ്കീ. 55 : 22)

ഓരോരുത്തർക്കും ഉണ്ടാകും, ജീവിതം വച്ചുനീട്ടിയ നിരവധിയായ ഭാരങ്ങളെ കുറിച്ച് പറയാൻ. രോഗം, ദാരിദ്ര്യം, കടബാധ്യത, ലോൺ, പലിശ, കുടുംബവഴക്ക്, വീടുപണി, പാഴാകുന്ന അധ്വാനങ്ങൾ, വഴിതെറ്റുന്ന മക്കൾ, മക്കളുടെ വിവാഹം .. അങ്ങനെ എന്തോരം ഭാരങ്ങൾ !

സങ്കീർത്തകൻ ഓർമ്മപ്പെടുത്തുന്നത് നിൻ്റെ ഭാരം കർത്താവിനെ ഏൽപ്പിക്കാനാണ്. ഭാരങ്ങൾ എന്നത് നമ്മുടെ പരാജയങ്ങൾ ആണെന്ന് നമുക്ക് ഒരു മിഥ്യാധാരണയുണ്ട്. പരാജയപ്പെട്ടുകഴിയുമ്പോൾ ഒന്നും ശരിയാകാതെ വരുമ്പോൾ പിന്നെ പ്രാർത്ഥനയായി.. കരച്ചിലായി.. ഓട്ടങ്ങളായി.. 

ജീവിതത്തിലെ നല്ല നാളുകളിൽ എന്തുകൊണ്ട് ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചില്ല ? ആരോഗ്യവും സമ്പത്തും ഐശ്വര്യവുമുള്ള സമയങ്ങളിൽ എന്തുകൊണ്ട് ദൈവത്തെ കൂട്ടുപിടിച്ചില്ല ? പഠനം, ജീവിതം, ബിസിനസ്, വിവാഹജീവിതം ഇവയൊക്കെ തുടങ്ങിവച്ച നേരങ്ങളിൽ എന്തേ ഇന്നുള്ള ദൈവാശ്രയബോധം  ഇല്ലാതെപോയി ? 

“ഇതാ, കർത്താവിന്റെ ദാസി”എന്നു പറഞ്ഞു സമസ്തവും കർത്താവിന് കൊടുത്ത മറിയത്തെ ധ്യാനിക്കണം. ജീവിതത്തിലുണ്ടായ പരീക്ഷണങ്ങളൊക്കെ അവളെ തകർത്തുകളയാഞ്ഞത് കൂടെ എന്നും ദൈവസാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ടാണ്..  
രോഗംവന്ന് വീഴിച്ചതിന് ശേഷമല്ല അൽഫോൻസാമ്മ ദൈവത്തെ തേടിയത്.

പിച്ചവെച്ച ദിവസങ്ങളിൽതന്നെ അവൾ‌ കർത്താവിനെ കൂട്ടുപിടിച്ചതാണ്.. തന്റെ യൗവ്വനവും സൗന്ദര്യവും എല്ലാം അവന് തീറെഴുതി കൊടുത്തതാണ്.. അതുകൊണ്ട് സങ്കട കാലങ്ങളിൽ അവൾ തളർന്നില്ല.. !

ഇന്നുതന്നെ സർവവും കർത്താവിനെ ഭരമേൽപിക്കാം. ജീവിതവഞ്ചിയുടെ തുഴ ഇനി അവനെടുക്കട്ടെ..  കാറ്റിനെയും കടലിനെയും നിയന്ത്രിക്കാൻ അധികാരമുള്ളവൻ അമരം നിയന്ത്രിക്കട്ടെ.. 

കൃപ നിറഞ്ഞ ദിവസം

സ്നേഹപൂർവം

ഫാ. അജോ രാമച്ചനാട്ട്