തീരുമാനങ്ങൾ പ്രതീക്ഷകളാകുമ്പോൾ

0


ക്ലാസ്സ് മുറിയിൽ നിരാശയോടെ ഇരുന്ന എന്റെ അടുത്തേക്ക് അവൾ വന്നിരുന്നു. കുറെ സമയം അവൾ ഒന്നും മിണ്ടിയില്ല. പിന്നെ എന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

ഒരു വിഷയത്തിന് മാർക്ക് അല്പം കുറഞ്ഞാൽ ഇത്രയും സങ്കടപ്പെടേണ്ടതുണ്ടോ…?

ഞാൻ ഒന്നും മിണ്ടിയില്ല. അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കുവാൻ തുടങ്ങി. ശേഷം മേശ പുറത്തു നിന്ന് ഒരു ചോക്ക് എടുത്തു കൊണ്ടു വന്നു. അലസമായി ഞാൻ അവളുടെ കൈയ്യിലേക്ക് നോക്കി. അവൾ പറഞ്ഞു തുടങ്ങി

എടാ നീ ഈ ചോക്ക് കണ്ടോ? ഇതിന്റെ വലിപ്പം കണ്ടോ.? നിനക്ക് തോന്നുന്നുണ്ടോ. നാളെ ഈ സമയം വരെ ഈ ചോക്ക് ഇതേ പടി ഇരിക്കുമെന്ന്. എല്ലാത്തിനും എല്ലാവർക്കും ഒരു സമയമുണ്ട്. ആ സമയത്ത് നിന്റെ കർമ്മം ഭംഗിയോടെ ചെയ്യുമ്പോൾ നിനക്ക് സന്തോഷിക്കുവാൻ കഴിയും.

അവൾ പറഞ്ഞ ഈ വാക്കുകൾ എന്നെ വല്ലാതെ സ്പർശിച്ചു.   ഇന്ന് എല്ലാവർക്കും വേണ്ടത് സന്തോഷമാണ്. എന്നാൽ ചെറിയ ചെറിയ പ്രശ്നങ്ങൾ നമ്മുടെ സന്തോഷത്തെ തല്ലി കെടുത്താറുണ്ട്. ഈ ചെറിയ ചെറിയ പ്രശ്നങ്ങൾക്കുള്ള മൂല കാരണം നമ്മുടെ  ബലഹീനതകളാണ്. ചിലതൊക്കെ നമ്മുടെ താല്പര്യങ്ങൾക്കും പ്രതീക്ഷകൾക്കും വിപരീതമായാണ് പലപ്പോഴും സംഭവിക്കുന്നത്.

യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് നന്നായി പഠിച്ചിട്ടും ചില ചോദ്യങ്ങൾ അപ്രതീക്ഷിതമായി ചോദ്യപേപ്പറിൽ കാണുമ്പോൾ, നന്നായി ഓടി പരിശീലിച്ചിട്ടും മത്സര സമയം അപ്രതീക്ഷിതമായി കാലുകൾക്ക് വേദന അനുഭവപ്പെടുമ്പോൾ, ഒരു പാട് സനേഹിച്ചിട്ടും അപ്രതീക്ഷിതമായി വേർപിരിയേണ്ടി വരുമ്പോൾ സങ്കടത്തിന്റെ ആദ്യ ഉറവകൾ മനസ്സിൽ രൂപ പ്പെടുവാൻ തുടങ്ങും.

ഇവിടെയാണ് നാം തീരുമാനമെടുക്കേണ്ടത് ഈ സങ്കടങ്ങളെ പേറി ജീവിക്കണമോ? അതോ ഇവയെ മറന്നു കൊണ്ട് പുതിയ മനുഷ്യനായി ജീവിക്കണമോ എന്ന്. ? ജീവിതം പലപ്പോഴും അപ്രതീക്ഷിതമായി ചിലതൊക്കെ നമ്മുക്കായി കരുതി വെയ്ക്കുക്കുന്നുണ്ട്. ആ അപ്രതീക്ഷിതങ്ങളെ പ്രതീക്ഷകളാക്കി മാറ്റുമ്പോൾ നാം ജീവിതത്തിൽ സന്തോഷമുള്ളവരായി മാറും. 

അന്ന് ക്ലാസ്സ് മുറിയിൽ എന്റെ നോട്ട് ബുക്കിന്റെ പിറകിലായി അവൾ എഴുതി വെച്ച മനോഹരമായ ഒരു കുറിപ്പുണ്ട്. ലൈഫ് ഈസ് നത്തിംഗ് ബട്ട് ഐ ജേർണി ബിറ്റുവിൻ ടൂ ലെറ്റേഴ്സ് ‘ബ’ ആൻറ് ഡി. ഇൻ ബിറ്റുവിൻ വൺ ഇംബോർട്ടന്റെ ലെറ്റർ ‘സി.’ (life is nothing but a journey between letters “B” and “D”… in between one important letter “C”)

അതെ ജീവിതം ജനനത്തിനും മരണത്തിനും ഇടയിലുള്ള ഒരു യാത്രയാണ്. ഈ യാത്രയിലെ തിരുമാനങ്ങളാണ് നമ്മെ നമ്മളാക്കുന്നത്.

ലിബിൻ. ജോ. ഉടയാൻകുഴിമണ്ണിൽ