മനസുപോലെ ജീവിതവും

0

“എന്റെ ദൈവം തന്റെ മഹത്വത്തിന്‍െറ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.”
(ഫിലി. 4 : 19)

ഓർമ്മയുണ്ടോ, സച്ചിൻ ടെണ്ടുൽക്കർ അവതരിപ്പിച്ച ബൂസ്റ്റിന്റെ പരസ്യം? “Boost is the secret of my Energy..!”
ഹോ, എന്തൊരു സംഭവമായിരുന്നു.. boost കഴിച്ചവർക്ക് energy കൂടിയാലും ഇല്ലെങ്കിലും അതുണ്ടാക്കിയ ഇഫക്ട് പറയാതെ വയ്യ.

ചിലരുണ്ട്, എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നവർ. എന്നാൽ ചിലർക്കാകട്ടെ, വാടിയ മുഖമാണെന്നും.
പ്രത്യേകിച്ച് വിഷമിക്കാൻ കാരണങ്ങൾ ഇല്ലാത്തതുകൊണ്ടാണ് അവർ സന്തോഷത്തോടെ ഇരിക്കുന്നത് എന്ന് ആരെക്കുറിച്ച്‌ പറയാനാവും? വാടിയ മുഖക്കാർ ആണ് ഇന്ന് ഭൂമിയിലെ ഏറ്റവും ദുരിതം പേറുന്നവർ എന്നും പറയാൻ വയ്യ.

സുഹൃത്തേ, എന്റെ മനസ്സ് പോലെയാണ് എന്റെ ജീവിതവും !
ആകുലപ്പെട്ടും നിരാശപ്പെട്ടും പോകാനാണെങ്കിൽ കാരണങ്ങൾ ഇല്ലാതില്ല. എന്നാൽ,
ചെറുതും വലുതുമായ കുറവുകൾക്കിടയിലൂടെ എന്നെ വഴി നടത്താൻ എന്റെ ദൈവം എന്റെ കൂടെയുണ്ട് എന്ന ആത്മവിശ്വാസം.. അതാണ് ബലം, അത് മാത്രം !

പൗരോഹിത്യത്തിന്റെ എട്ടാം വർഷത്തിലാണ്, ജീവിതം മുപ്പത്തിമൂന്നിലും. ഒത്തിരി അനുഭവങ്ങൾ ഒന്നും എണ്ണിപ്പറയാൻ ആയിട്ടില്ല. എന്നാലും.. ദേ, ഇന്ന് രാവിലെ വരെ ജീവിതത്തിന്റെ ഊട്ടുമേശയിൽ ഒരു കുറവും തോന്നിയിട്ടില്ല, സത്യം.

കാരണം.. എന്റെ സ്വർഗത്തിലെ അപ്പൻ സമ്പന്നനാണ്, സ്നേഹത്തിൽ ധൂർത്തനും !

കൃപ നിറഞ്ഞ ഒരു ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്