മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള ജീവിതം

0

പൗലോസായ ഞാന്‍, സ്വന്തം കൈകൊണ്ടുതന്നെ ഈ അഭിവാദനം എഴുതുന്നു. എന്‍െറ ചങ്ങലകള്‍ നിങ്ങള്‍ ഓര്‍മിക്കുവിന്‍. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.”(കൊളോ. 4 : 18)

തന്റെ ആരുമല്ലാത്ത ഒരാൾക്കുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻതടങ്കൽപാളയത്തിൽ വച്ച് മരണം ഏറ്റുവാങ്ങിയ റഷ്യൻ വൈദികനാണ് വി. മാക്സിമിലിയൻ കോൾബെ. അഞ്ചാം ക്ലാസിൽ വച്ച് മത്സരത്തിനു പഠിക്കാൻ കിട്ടിയ ഒരു പ്രസംഗത്തിലാണ് ഈ ധീരനായ പുരോഹിതനെപ്പറ്റി ആദ്യം ഞാൻ അറിഞ്ഞത്. മൈനർസെമിനാരിയിലെ ലൈബ്രറിയിൽനിന്ന് ആദ്യം പോയി തപ്പിയെടുത്തതും ഈ മനുഷ്യനെ ആയിരുന്നു.

കണ്ണുനിറയാതെ അതു വായിച്ചുതീർക്കാനാവില്ല !
എന്തിനായിരുന്നു സഹോ നിങ്ങൾ ഇങ്ങനെ ആരോ ഒരുത്തനുവേണ്ടി … ??

കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിന്റെ അവസാനവാക്കുകൾ ആണ് മേലെയുള്ള വചനം. ” … എന്റെ ചങ്ങലകൾ ഓർമിക്കുവിൻ.. “. ക്രിസ്തുവിനെപ്രതി – മറ്റൊരു ന്യായീകരണങ്ങളുമില്ല – ജീവനും ജീവിതവും ഹോമിച്ച കുറെ മനുഷ്യന്മാർ ! 

ഈ ചരിത്രങ്ങളൊക്കെ മറന്നുപോവുകയാണ് നമ്മൾ. സ്വന്തം ചോര കൊണ്ട് സഭയെയും, സമൂഹത്തെയും പണിഞ്ഞ നൂറായിരം രക്തസാക്ഷികളെ ! പൗലോസിനെപ്പോലെ കുടുംബത്തിനും മക്കൾക്കും വേണ്ടി സ്വയം നിർമിച്ച ദാരിദ്ര്യത്തിന്റെയും സഹനങ്ങളുടെയും ചങ്ങലകളിൽ ആനന്ദം കണ്ടെത്തുന്ന പരാതി പറയാത്ത നമ്മുടെ പ്രിയപ്പെട്ടവരെ !

എല്ലാവരും കുഴപ്പക്കാരാണെന്നും, എല്ലായിടത്തും പ്രശ്നമാണെന്നുമൊക്കെയാണ് ചിലരുടെ വിലയിരുത്തലുകൾ. ആർക്കെങ്കിലും വേണ്ടിയൊക്കെ ജീവിച്ചുതുടങ്ങാത്തതിന്റെ കുഴപ്പമാണ്. സഭയ്ക്കുവേണ്ടിയോ, സമൂഹത്തിനുവേണ്ടിയോ, കുടുംബത്തിനുവേണ്ടിയോ ഒക്കെ ഓരോ ദിവസവും ബലിയാകുന്നവർക്ക് ഒരു പരാതിയുമില്ല ! 

വിശുദ്ധരുടെ ജീവിതകഥകൾ ഹരംകൊള്ളിക്കുന്ന ഒരു പഴഞ്ചൻ സംസ്കാരത്തിലേയ്ക്ക് നമ്മൾ തിരിച്ചു നടക്കേണ്ട സമയമായില്ലേ ? ചരിത്രം മറക്കുന്നിടത്ത് – സഭയുടെയും കുടുംബത്തിന്റെയും – തകർച്ച ആരംഭിക്കും. അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും ! അതുണ്ടാകാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ
നല്ല ദിവസം ആശംസിച്ചുകൊണ്ട്

സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്