ജീവിതം ബലിയായ്…

0

ഉരുകിയ മനസ്‌സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.”(സങ്കീ. 51 : 17)

മെഴുക് ഉരുകുന്നതുപോലെ മനസ്സ് ഉരുകുമോ? ഉരുകുമെന്ന് സങ്കീർത്തകൻ. അതികഠിനമായ ഊഷ്മാവിൽ കഠിനമായ പാറകൾ പോലും ഉരുകുന്നില്ലേ? ചില ജീവിതാനുഭവങ്ങൾ നമ്മെ വല്ലാതെ പൊള്ളിച്ചു കളയുമെന്ന്, ആ ചൂടിൽ മനസ്സ്  ഉരുകിയൊലിക്കും എന്ന് വചനം ഓർമ്മപ്പെടുത്തുകയാണ്. 

ദൈവത്തോട് ചേർന്നുനിൽക്കുന്നവൻ കടന്നുപോകുന്ന ഏതൊരു സഹനവും ദൈവതിരുമുമ്പിൽ ബലിയർപ്പണം തന്നെയാണ്. രോഗവും ദാരിദ്ര്യവും അനാഥത്വവും ഒറ്റപ്പെടലും പരീക്ഷണങ്ങളും ദൈവതിരുമുൻപിൽ ബലിയർപ്പണം ആയി മാറുന്നു എന്ന ഓർമ്മപ്പെടുത്തൽ കണ്ണ് നനയിക്കുന്നില്ലേ?

ദൈവത്തെപ്രതി എടുത്ത നിലപാടുകളും പ്രിയപ്പെട്ടവർക്ക് വേണ്ടി ഓടിയ ഒാട്ടങ്ങളും ആരുമറിയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന  വേവുകളും ബലിയർപ്പണം ആണെങ്കിൽ ദൈവമേ, അതുമതി. ഇനിയും എത്രകാലം വേണമെങ്കിലും ഈ ദുരിതവഴികളിലൂടെ ഞാൻ അലഞ്ഞുകൊള്ളാം, പരാതികളില്ലാതെ.. 

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം .. 

ഫാ. അജോ രാമച്ചനാട്ട്