ഇരുളിനപ്പുറം വെളിച്ചമുണ്ട്, മറക്കരുതേ

0

ജീവിതത്തില്‍ സുഖം വരും, ദുഃഖവും വരും…ഇരുളും വെളിച്ചവും പോലെ. അത് രണ്ടും ഒരേ ഭാവത്തോടെ നേരിടണം…അതായിരിക്കും നിങ്ങളുടെ വിജയരഹസ്യം. സ്നേഹിക്കുക, സ്നേഹിക്കാന്‍ പഠിക്കുക…’……

അടുത്തകാലത്ത് അന്തരിച്ച ഡി. ബാബു പോൾ പ്രശസ്ത ക്യാൻസർ ചികിത്സകൻ ഡോക്ടർ ഗംഗാധരന്റെ മക്കൾക്ക് വിവാഹ ആശംസയായി നൽകിയ  വാക്കുകളാണ് മേല്‍പ്പറഞ്ഞത്. 

സുഖവും ദു:ഖവും ഇരുളും വെളിച്ചവും പോലുള്ള രണ്ടു യാഥാർഥ്യങ്ങളായി മനസ്സിലാക്കുന്നതിൽ പുതു തലമുറയ്ക്ക് തെറ്റുന്നുണ്ടോ?. സന്തോഷങ്ങളിൽ  മതിമറക്കാതെ സങ്കടങ്ങളെ സമചിത്തതയോടെ ഏറ്റെടുക്കാൻ എന്തേ അവർക്കു കഴിയാതെ പോകുന്നു.?

എസ് എസ് എൽസി പരീക്ഷയിലെ കേവലമായ തോൽവി ജീവിതത്തിനുമേൽ താത്കാലികമായി വീണ ഇരുട്ടിന്റെ നിഴലാണെന്ന സത്യം ഗ്രഹിക്കാൻ കഴിയാതെ ജീവനൊടുക്കിയ ഏലപ്പാറയിലെ സഹോദരിയെ ഓർക്കുമ്പോൾ മനസ്സ് വല്ലാതെ പൊള്ളുന്നു. ഒട്ടേറെ ഫുൾ A + വാർത്തകളും ഉന്നതവിജയത്തിന്‍റെ കഥകളും തുടർന്ന് വായിച്ചെങ്കിലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത് തോട്ടം തൊഴിലാളി കുടുംബത്തെ തീരാ നൊമ്പരത്തിലേക്കു തള്ളിയിട്ടു കടന്നു പോയ ആ പതിനാറുകാരിയുടെ ചിത്രം തന്നെയാണ്.

 മുഖപുസ്തക കുറിപ്പുകളിൽ   ചിലരെങ്കിലും പരാജയത്തെ മഹത്വ വൽക്കരിക്കുന്നതായി കണ്ടു. സത്യത്തിൽ അതും ഒരു പരിഹാരമല്ല. പരാജയത്തെ ഉൾക്കൊള്ളുവാനും മുന്നോട്ടുള്ള പ്രയാണതിനുള്ള ഊർജമായി അതിനെ മാറ്റാനും ആണ് നാം അവരോട് പറയേണ്ടത്. 

ബാബു പോൾ സാറിന്റെ വല്ലതെ കൊതിപ്പിക്കുന്ന, ജീവിക്കാൻ പ്രചോദിപ്പിക്കുന്ന വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, ഇരുള്‍ വരും, പക്ഷേ, അത് കീറിമുറിക്കാന്‍ എന്നും ഒരു വെളിച്ചമുണ്ടാകും,.സൂര്യനെന്നപോലെ.


സെമിച്ചൻ ജോസഫ് (MSW, MPhil, PhD Research Scholar in School Counseling.)   

Mob: +91 9947438515