അമ്മയെ പോലെ

0


അമ്മയെ പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും( ഏശയ്യ66:14)

ജീവിതത്തിന്റെ വെയിലിലും വരള്‍ച്ചയിലും പെട്ടുഴലുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഒരാളുണ്ടാവുക എന്നത് വളരെ ആവശ്യമാണ്, സന്തോഷകരവും. ഓരോ മനുഷ്യന്റെ ഉള്ളിലും ആശ്വസിപ്പിക്കപ്പെടാനുള്ള ആഗ്രഹമുണ്ട്.

മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തില്‍ ഏറ്റവും അതിശയിപ്പിക്കുന്നത് അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. കാരണം ഒരു കുഞ്ഞിനെ ഏറ്റവും ആദ്യമായും ഏറ്റവും നന്നായും മനസ്സിലാക്കാന്‍ കഴിയുന്നത് അതിന്റെ അമ്മയ്ക്കാണ്. ഉദരത്തില്‍ രൂപമെടുത്ത നാള്‍ മുതല്‍ അതിന്റെ ഓരോ തുടിപ്പും ചുവടും അമ്മയ്ക്കറിയാം. കുഞ്ഞ് ചലിച്ചുതുടങ്ങിയെന്ന് അവള്‍ തന്റെ ഉദരത്തില്‍ കൈവച്ച് സന്തോഷത്തോടെ പറയുന്നതിനെക്കുറിച്ച് നമുക്കറിയാം.

പിന്നീട് കുഞ്ഞിന്റെ കരച്ചിലിലും സന്തോഷത്തിലും മുഖംവാടലിലും എല്ലാം അവള്‍ കാരണം മനസ്സിലാക്കുന്നുണ്ട്. മക്കള്‍ എത്ര മുതിര്‍ന്നാലും അകന്നാലും അമ്മയുടെ മനസ്സ് അവിടേയ്ക്ക് തിരിഞ്ഞാണിരിക്കുന്നത്. പുഴകളെല്ലാം കടലില്‍ ചെന്നുചേരുന്നതുപോലെ അമ്മയുടെ സ്‌നേഹം എപ്പോഴും മക്കളിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.

ബൈബിളില്‍ പലയിടത്തും ദൈവത്തിന്റെ സ്‌നേഹത്തെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ഉപമിക്കാനും കണ്ടെത്തുന്നതും ഈ അമ്മയെ തന്നെയാണ്. അമ്മയെ പോലെ എന്ന പ്രയോഗം പലയിടങ്ങളിലും നാം കാണുന്നുണ്ട്. പെറ്റമ്മയ്ക്ക് മുലകുടിക്കുന്ന കുഞ്ഞിനെ മറക്കാന്‍ കഴിയുമോ. ഇനി അവള്‍ നിന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല എന്ന മട്ടിലുള്ള ഉറപ്പാണ് അത്.

ദൈവത്തിന്റെ ഈ വാക്ക് ദുഖിച്ചും തളര്‍ന്നും ഇരിക്കുന്നവരെ എത്രയോ അധികമായിട്ടാണ് ആശ്വസിപ്പിക്കുന്നത്! ഇന്നലെയും ഇന്നുമൊക്കെ നമ്മള്‍ നമ്മുടേതായ ചില ദുഖങ്ങളിലും വേദനകളിലുമായിരിക്കാം കഴിഞ്ഞുകൂടുന്നത്. ആശ്വസിപ്പിക്കാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് കരുതുന്നവര്‍പോലും നമ്മുക്ക് നേരെ തിരിഞ്ഞുനിന്നിട്ടുണ്ടാവാം.

സാരമില്ല ദൈവം നമ്മെ ആശ്വസിപ്പിക്കാനായി കാത്തുനില്ക്കുന്നുണ്ട്. നമുക്ക് അവിടുത്തെ മാറിലേക്ക് മുഖം ചേര്‍ക്കാം. അവിടുന്ന് നമ്മെ ആശ്വസിപ്പിക്കാനായി നില്ക്കുന്നുവെന്ന തിരിച്ചറിവ് എത്രയോ വലിയ സന്തോഷപ്രദമാണ്. അതുകൊണ്ട് നമുക്കിനി സന്തോഷിക്കാം..ആശ്വസിക്കാം.

ഈ പ്രഭാതം നമുക്ക് മറ്റൊരു പ്രഭാതം പോലെയും അല്ല. നാം ഇന്ന് അമ്മയെപോലെ ആശ്വസിപ്പിക്കുന്ന ദൈവത്തെ കണ്ടുമുട്ടിയിരിക്കുന്നു. ആ മാറില്‍ അഭയം കണ്ടെത്തിയിരിക്കുന്നു.

ആശ്വാസത്തോടെ

വി എന്‍.