ഏഴാംക്ലാസിലെ ലീഡറാണ് റോണി. ക്ലാസില്‍ അച്ചടക്കം പാലിക്കേണ്ട ചുമതല ലീഡറിന്റേതാണ്. അക്കാര്യം ടീച്ചര്‍ പറഞ്ഞിട്ടുള്ളതുമാണ്.
അധ്യാപകര്‍ ക്ലാസിലില്ലാത്ത നേരത്ത് കുട്ടികളെ ശാന്തരാക്കാന്‍ റോണി പരിശ്രമിക്കാറില്ല. എന്നാല്‍ അധ്യാപകര്‍ ഉള്ള നേരങ്ങളില്‍ അവന് വലിയ ആളാകാന്‍ നോക്കും. ആരുമില്ലാത്ത നേരങ്ങളില്‍ അവന് ആകെ ചെയ്യുന്ന കാര്യം ഉച്ചത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. അടുത്ത ക്ലാസിലുള്ളവര്‍ പോലും കേള്‍ക്കാന്‍ പാകത്തിലാണ് ഈ കോലാഹലം. അതു കഴിഞ്ഞാല്‍ ഉറ്റചങ്ങാതിമാരോടൊത്ത് അവന് ഇഷ്ടവിനോദങ്ങളില്‍ മുഴുകും.
ടീച്ചര്‍ ക്ലാസിലെത്തിയാല്‍ പിന്നെ റോണിയുടെ ഊഴമാണ്. സഹപാഠികളെക്കുറിച്ച് പരാതികള്‍ ബോധിപ്പിക്കും. അതും സ്കൂള്‍ മുഴുവന്‍ മുഴങ്ങുന്ന സ്വരത്തില്‍. സ്ഥാനത്തും അസ്ഥാനത്തും ഒച്ചവച്ചുനടക്കുന്ന റോണി ക്ലാസിലെ അച്ചടക്കം ഇല്ലാതാകാനാണ് മിക്കപ്പോഴും സഹായിക്കുന്നത്.
വീട്ടിലും വിദ്യാലയത്തിലും മറ്റെവിടെയും ചെയ്യേണ്ടത് ചെയ്യാതെ കേമത്തം പറഞ്ഞും പരാതി ബോധിപ്പിച്ചും ബഹളം കൂട്ടിയും നടന്നാല്‍ ആരും മാനിക്കുകയില്ല, ആര്‍ക്കും പ്രയോജനം ഉണ്ടാവുകയുമില്ല. ഇത്തരക്കാരെ നിങ്ങള്‍ക്ക് പരിചയമുണ്ടോ? നിങ്ങളാരെങ്കിലും ഇത്തരക്കാരാണോ? സ്വയം ആലോചിച്ചുനോക്കണം; ആവശ്യമെങ്കില്‍ സ്വയം തിരുത്തണം. അതാണ് നന്മയുടെ വഴി.
ഷാജി മാലിപ്പാറ