ആദ്യം സ്നേഹം, പിന്നെ ക്ഷമ

0

പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50)  ധ്യാനം -16

പാപിനിയായ സ്ത്രീയുടെ അനുഭവം സുവിശേഷത്താളുകളിൽ വായിച്ചു കഴിയുമ്പോൾ മനസ്സിലുയരുന്ന ഒരു ചോദ്യമുണ്ട് – അവൾ പാദങ്ങളിൽ വീണ് കരഞ്ഞതുകൊണ്ടും തലമുടികൊണ്ട് തുടച്ചതുകൊണ്ടും പാദങ്ങളിൽ ചുംബിച്ചതുകൊണ്ടും സുഗന്ധലേപനം പുരട്ടിയതുകൊണ്ടുമാണോ കർത്താവ് അവളോട് ക്ഷമിച്ചത് ? അങ്ങനെയെങ്കിൽ അതിലൊരു അഭംഗിയുണ്ട്. അതോ, കർത്താവവളോട് പൂർണ്ണമായി ക്ഷമിച്ചത്, അവൾ തിരിച്ചറിഞ്ഞതുകൊണ്ടാണോ അവൾ ഇത്രയധികമായി അവളുടെ സ്നേഹം പ്രകടിപ്പിച്ചത്?

ഉത്തരം യേശു പറഞ്ഞ കഥയിലുണ്ട്. അഞ്ഞൂറും അമ്പതും ദനാറ കടമുണ്ടായിരുന്നവർ അവരുടെ യജമാനനെ സ്നേഹിക്കുന്നത്, അവരുടെ കടം ഇളച്ചുകൊടുത്തതുകൊണ്ടാണ്. അല്ലാതെ അവർ സ്നേഹിച്ചതുകൊണ്ടല്ല അദ്ദേഹം അത് ഇളച്ചുകൊടുത്തത്. അവരുടെ ധൈന്യതയും നിസ്സഹായാവസ്ഥയും ആ മനുഷ്യനെ സ്വാധീനിച്ചിരിക്കാമെങ്കിലും അദ്ദേത്തിൻ്റെ ഹൃദയ നന്മയാണ് ആ കടങ്ങൾ നിലച്ചു കൊടുക്കാനായി ഇടവരുത്തിയത്.

പാപിനിയുടെ തെറ്റുകൾ കർത്താവ് ക്ഷമിച്ചത് അവളോടുള്ള സ്നേഹം കൊണ്ടുതന്നെയാണ്. സ്വന്തം പിതാവിനല്ലാതെ ആർക്കാണ് മകളുടെ ഉരുകുന്ന ഹൃദയം അറിയാനാവുക? എത്രമാത്രം ഹീനയായിരുന്നാലും ഗുരുവിൻ്റെ സ്നേഹത്തിന് താനെന്നും പ്രാപ്യയാണെന്ന് അവൾ തിരിച്ചറിയുന്നു. എത്രവലിയ മാലിന്യത്തെയും ശക്തമായ മഴ നീക്കിക്കളയുന്നതുപോലെ അവളിലെ തിന്മയുടെ കറുപ്പുകളെല്ലാം അവൻ്റെ വിശുദ്ധിയുടെ വെണ്മയിൽ അലിഞ്ഞു തീരുകയാണ്. അവളും പുതുവെണ്മ പ്രാപിക്കുകയാണ്. ഗുരുവിൻ്റെ സ്നിഗ്ദമായ സാനിദ്ധ്യത്തിൽ അവൾക്ക് അതെല്ലാം വെളിപ്പെട്ടുകിട്ടുകയാണ്.

നീയും ഒത്തിരി അധികമായി കർത്താവിൻ്റെ കരുണ അനുഭവിച്ചവളാണ്/അനുഭവിച്ചവനാണ്. നീ കുമ്പസാരിച്ചതുകൊണ്ടോ, നീ പാപമാർഗ്ഗങ്ങൾ ഉപേക്ഷിച്ചതുകൊണ്ടോ അല്ല കർത്താവ് നിനക്ക് മാപ്പ് നൽകിയത്. മറിച്ചു നിന്നെ അത്ര അധികമായി സ്നേഹിക്കുന്നതുകൊണ്ടാണ്. കുമ്പസാരവും പാപമാർഗ്ഗങ്ങളുടെ ഉപേക്ഷയും ആ സ്നേഹം തിരിച്ചറിയാനുള്ള ഉപാധികളാണ്. ആ സ്നേഹത്തിൽ തുടരാനുള്ള മാർഗ്ഗങ്ങളാണ്.

ശുഭരാത്രി  

Fr Sijo Kannampuzha OM