ആ ചെടികള്‍ക്ക് വെള്ളവും വളവും നല്കൂ

0

നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്‌ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്‌. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്‌?“(യാക്കോ. 4 : 12)

ഇന്ന് ദനഹാത്തിരുനാൾ – ക്രിസ്തു ലോകത്തിൻ്റെ പ്രകാശം ആണെന്ന് ഓർമ്മപ്പെടുത്തുന്ന ദിവസം !

ഇമ്മാനുവൽ ലെവിനാസിനെ പറ്റി പഠിച്ചത് ഫിലോസഫിയുടെ അവസാനകാലത്താണ്. കാഴ്ചപ്പാടുകളോട് താല്പര്യം തോന്നിയതുകൊണ്ട് തീസിസിന്റെ വിഷയവും അതായിരുന്നു.  പിന്നെ ലെവിനാസിന്റെ ചിന്തകൾക്ക് ജീവൻ വച്ചത് പട്ടമേറ്റ് പലതരം മനുഷ്യർക്കിടയിലെ ജീവിതമാരംഭിച്ചപ്പോളാണ്. ഇടയ്ക്കെങ്കിലും ഞായർ പ്രസംഗങ്ങളിലും അദ്ദേഹം ഓടിക്കയറാറുണ്ട്. 

ലെവിനാസ് പറഞ്ഞത് ലളിതമാക്കിയാൽ ഇത്രമാത്രം, the other – അപരൻ – എന്റെ കരുണയുടെ അവകാശി ആണ്.. അപരന്റെ മുഖം എനിക്കുള്ള വിളിയാണ്, എന്റെ കടമകളിലേയ്ക്ക് ! ക്രിസ്തുവിന്റെ മലയിലെ പ്രസംഗവും അവന്റെ കരുണ നിറഞ്ഞ ജീവിതവുമാണ് ലെവിനാസിനെ പഠിക്കുമ്പോൾ വീണ്ടും വീണ്ടും തികട്ടിവരിക. ലെവിനാസിനെ കാച്ചിക്കുറുക്കിയെടുക്കുമ്പോൾ തെളിഞ്ഞുവരുന്നതാകട്ടെ, ഏത് പാപിയെയും മാറ്റിനിറുത്താത്ത,  അവന്റെ കരകവിയുന്ന സ്നേഹവും !

ലെവിനാസ് മനസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്നതുകൊണ്ടാവും, അപരനെ ആദരിക്കാത്ത പുതിയ കാലത്തെ എന്തിനോടും എനിക്ക് യോജിക്കാനാവാത്തത്. എന്റെ പരിമിതമായ അറിവിന്റെ അളവുകൾ കൊണ്ട് എങ്ങനെയാണ് മറ്റൊരാളെ വിധിക്കാനാവുക ?  ആരെക്കാളും അല്പവും മീതെ അല്ലാതിരിക്കേ, നമ്മൾ നടത്തുന്ന വിമർശനങ്ങളും വിധിയും വല്ലാതെ അതിരുകടക്കുന്നുണ്ട്..അത് കൂട്ടുകാരുമൊത്തുള്ള സായാഹ്നഒത്തുകൂടൽ മുതൽ എന്റെ ഫേസ്ബുക്ക്/വാട്‌സ്ആപ്പ് കമന്റുകൾ വരെ.. ഈ പറച്ചിലും വിമർശിക്കപ്പെട്ടേക്കാം,

പക്ഷെ ഒന്നുണ്ട്, അപരന്റെ  (അത് ആരുമാകട്ടെ) മനസ്സ് പൊള്ളുന്നുണ്ട്.. നിസ്സഹായതകൊണ്ടോ, ആരും മനസ്സിലാക്കാത്തത് കൊണ്ടോ.. അത് അറിയാതെപോകരുതെന്ന് മാത്രം.

Emmanuvel Levinas  ന്റെ The Other നെപ്പറ്റി ചുമ്മാ ഒന്ന് ഗൂഗിൾ ചെയ്തുനോക്കണം. പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ Totality and Infinity എന്ന ഗ്രന്ഥം വായിക്കണം. ബൃഹത്താണ്, പക്ഷെ താഴെ വയ്ക്കാൻ തോന്നാത്തത്ര രുചിയുണ്ട്.. പിന്നെയുമുണ്ട് പുസ്തകങ്ങൾ, വീണ്ടും വീണ്ടും മാമോദീസ മുങ്ങുന്ന അനുഭവങ്ങൾ തന്നെ ഓരോന്നും..  

ഭൂമിയിലെ ജീവന്റെ ഓരോ നാമ്പും നുള്ളിക്കളയാനല്ല നമ്മുടെ നിയോഗം. ഉടവാളുകൾ താഴെ വച്ച് നമുക്ക് നന്മ ചെയ്യാം സുഹൃത്തേ, വിധി തമ്പുരാൻ നടത്തട്ടെ. 
നമുക്ക് പ്രകാശം കൊണ്ടു നടക്കുന്നവരാകാം..   ആ പ്രകാശത്തില്‍ നമ്മുടെ പ്രഭാതങ്ങളും പ്രദോഷങ്ങളുംകൂടുതല്‍ തിളക്കമുള്ളതാകട്ടെ.

തിളക്കമുള്ള വെളിച്ചം ജീവിതത്തില്‍ നിറയട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

ശുഭദിനാശംസകളോടെ

സ്നേഹപൂര്‍വ്വം
ഫാ. അജോ രാമച്ചനാട്ട്