ദൈവത്തെ നിഷേധിക്കാനോ നിരസിക്കാനോ വേണ്ടെന്ന് വയ്ക്കാനുള്ള കാരണങ്ങളെക്കാള്‍ എത്രയോ ശക്തമായ കാരണങ്ങളുണ്ട് ദൈവത്തെ സ്നേഹിക്കാന്‍.. അതില്‍ പ്രഥമവും പ്രധാനവുമായ കാരണം ദൈവം നന്മ മാത്രമാണ് എന്നതാണ്. നന്മയെ സ്നേഹിക്കാത്തവരോ നന്മ വേണ്ടെന്ന് തീരുമാനിക്കുന്നവരോ മാത്രമാണ് ദൈവത്തെ നിഷേധിക്കുന്നത്. ഇരുളില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ വിളക്ക് കൊളുത്താത്തതു പോലെയാണത്. കാരണം വിളക്ക് തെളിഞ്ഞാല്‍ അന്ധകാരം മായും.. കാഴ്ചകള്‍ക്ക് വ്യക്തത കൈവരും..ഇരുട്ടിന് ഒരു സുഖമുണ്ട്. അതില്‍ത്തന്നെയുള്ള അഭിരമിക്കലിന്റെ സുഖം.
ആവശ്യങ്ങള്‍ സാധിച്ചുകിട്ടാത്തതിന്റെ പേരിലാണ് ചിലര്‍ ദൈവത്തെ ജീവിതങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സ്വാര്‍ത്ഥതയ്ക്കുവേണ്ടി മാത്രം ഒരു വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നത് എത്രമേല്‍ നിന്ദ്യമാണോ അതിലും നിന്ദ്യമാണ് തന്റെ അഭീഷ്ടങ്ങള്‍ സാധിച്ചുകിട്ടുന്നതിന് വേണ്ടി മാത്രം ദൈവവുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. ആവശ്യങ്ങള്‍ നിവര്ത്തിച്ചുകിട്ടുന്ന ഒരു യന്ത്രത്തിന്റെ പേരാണോ ദൈവം? അങ്ങനെയയെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യരായ മനുഷ്യരുടെ ഗണത്തിലാണ് നമ്മുടെയും സ്ഥാനം.
ദൈവം ജീവിതത്തിന്റെ അഭിലാഷമായി മാറുക എന്നതാണ് മുഖ്യം. ദൈവത്തെ സ്നേഹിക്കേണ്ടത് ആഗ്രഹങ്ങളുടെ സാക്ഷാത്ക്കാരത്തിന് വേണ്ടി മാത്രമായിരിക്കരുത്. ദൈവം സ്നേഹമായതു കൊണ്ടാണ് ദൈവത്തെ സ്നേഹിക്കേണ്ടത്. ആ സ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് ദൈവത്തിന്റെ സ്നേഹത്തിന് മൂല്യമേറുന്നത്.
സ്നേഹത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? സഹിക്കാനും ക്ഷമിക്കാനും കഴിയുന്നത് സ്നേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ദൈവത്തില്‍ നിറഞ്ഞുനില്ക്കുന്ന ഏറ്റവും മഹത്തായ ഗുണമായി ഈ രണ്ടും ഞാന്‍ കാണുന്നു.
ദൈവത്തെ നാം എന്തിന് എപ്പോഴും പുകഴ്ത്തണം? സ്തുതിക്കണം? അടുത്തകാലം വരെ എന്റെ മനസ്സിലുയര്‍ന്നിരുന്ന ഒരു സംശയമായിരുന്നു അത്. മനുഷ്യരുടെ അധരസ്തുതികള് കേള്‍ക്കാന്‍ കാതോര്ത്തിരിക്കുന്നവനാണോ ദൈവം?
എന്നാല്‍ ഒരപ്പനായിക്കഴിഞ്ഞതിന് ശേഷം എനിക്ക് മനസ്സിലായി ഏതൊരു പിതാവും മകന് തന്നെ വിളിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവനാണ്. തന്റെ അടുത്തേക്ക് മക്കള്‍ വരണമെന്ന് ആഗ്രഹിക്കുന്നവനാണ്.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അകലെ നിന്നേ, അപ്പാ എന്ന് അവന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ മനസ്സിനെന്തൊരാനന്ദമാണ്.. ഇരുകരങ്ങളും നീട്ടി എന്നെ എടുത്തോ എന്ന മട്ടില്‍ ഓടിയെത്തുമ്പോള്‍ അവനോട് എന്തൊരു സ്നേഹമാണ്!
ദൈവം എന്നോട് ക്ഷമിക്കുന്നു എന്ന അറിവ് എന്നെ എത്രയധികമാണ് ആശ്വസിപ്പിച്ചിട്ടുള്ളതെന്നോ? എന്റെ അകൃത്യങ്ങളോരോന്നും ദൈവം സഹിക്കുന്നുണ്ട്. ക്ഷമിക്കുന്ന ഒരാള്‍ക്ക് സഹിക്കാന്‍ കഴിയും. സഹിക്കുന്ന ഒരാള്‍ക്ക് ക്ഷമിക്കാനും കഴിയും. ദൈവം ക്ഷമിക്കുകയോ സഹിക്കുകയോ ചെയ്യുമായിരുന്നില്ലെങ്കില്‍ നമ്മുടെയൊക്കെ ജീവിതം എത്രമേല്‍ ദുരിതപൂര്ണ്ണമായേനേ.
രാപ്പനികളുടെ കാലത്ത് കുഞ്ഞിനെ ഉണര്‍ന്നിരുന്ന് ശുശ്രൂഷിക്കുന്ന അപ്പനമ്മമാര്‍, രോഗത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അവരുടെ ദേഹത്തേക്ക് കുഞ്ഞുങ്ങള്‍ ഛര്‍ദ്ദിക്കുകയോ വിസര്‍ജ്ജിക്കുകയോ ചെയ്താല്‍പോലും അവര്‍ക്ക് അറപ്പോ വെറുപ്പോ തോന്നുന്നില്ല. സഹിക്കുവാനും ക്ഷമിക്കുവാനും അവര്‍ക്കറിയാം .കാരണം അവരുടെ ജീവന്റെയും ശരീരത്തിന്റെയും ഭാഗമാണ് മക്കള്‍.. അല്ലെങ്കില്‍ അവര്‍ തന്നെയാണ് മക്കള്‍. അതെന്നും ഇതെന്നും തോന്നാത്ത വിധത്തിലുള്ള ഒരു ഭാവം അവര്‍ തമ്മിലുണ്ട്.
നമ്മുടെ വിശ്വാസങ്ങള്‍ക്കും സഭാപ്രബോധനങ്ങള്‍ക്കും വിരുദ്ധമായ ആശയമായിരിക്കാം ഇതെങ്കിലും എനിക്ക് തോന്നുന്നു, ദൈവത്തിന് ആരെയും നരകത്തിലേക്ക് പറഞ്ഞയ്ക്കാനാവില്ലെന്ന്..നരകം എന്നത് ദൈവത്തിന്റെ സൃഷ്ടിയല്ലെന്ന്.. ഒരുവന് ദൈവകൃപയെ, അവിടുത്തെ സ്നേഹത്തെ തള്ളിക്കളഞ്ഞ് സ്വയാവബോധത്തോടെ ചെന്നുചേരുന്ന ഇടമായിരിക്കണം നരകം.
ഒരപ്പന് മക്കളുമായി സ്നേഹത്തിലും ഐക്യത്തിലും ആയിരിക്കുന്ന അവസ്ഥയാണ് സ്വര്‍ഗ്ഗം. ഭൂമിയിലെ സാധാരണക്കാരനായ ഒരപ്പന് പോലും എത്ര വഴക്കിട്ടും വീടിറങ്ങി പോയ മകനുവേണ്ടി കാത്തിരിക്കുമെങ്കില്‍ ദൈവം എന്ന അപ്പനും മടങ്ങിവരുന്ന മക്കളെ കാത്തിരിക്കുന്നുണ്ട്. പഴിയേറ്റും പിഴചൊല്ലിയും പടി കയറിവരുന്ന പിഴച്ചുപോയവനെ അംഗീകാരത്തിന്റെ സ്നേഹമുദ്ര നെറ്റിയില്‍ നല്കി സ്വന്തം വക്ഷസിലേക്ക് ചേര്‍ക്കാന്‍ തയ്യാറുള്ള, സന്നദ്ധതയുള്ള സ്നേഹമാണ് ദൈവം. ദൈവമേ എന്നും നിന്റെ സ്നേഹം ഉയര്‍ന്നുനിന്നു.. കാരണം ദൈവമേ എത്രയാണ് നീയെന്നെ സ്നേഹിച്ചിട്ടുള്ളത്! ദൈവമേ നീയെന്നെ എത്രയാണ് സ്വീകരിച്ചിട്ടുള്ളത്.
ഈ ലോകത്ത് ആരും നമ്മെ തള്ളിക്കളഞ്ഞുകൊള്ളട്ടെ, ജോലിയില്‍ നിന്ന്, കുടുംബബന്ധങ്ങളില്‍ നിന്ന്, ഹൃദയാള്ത്താരകളില് നിന്ന്….എല്ലാം.. പക്ഷേ ദൈവം നമ്മെ സ്വീകരിച്ചുകൊള്ളും..സ്നേഹിച്ചുകൊള്ളും. ആ ഒരുറപ്പ് എന്നെ എത്രയധികമാണ് ആശ്വസിപ്പിച്ചിട്ടുള്ളതെന്നോ? സത്യത്തില്‍ മനുഷ്യന് മനുഷ്യനെ സ്നേഹിക്കുന്നത് തന്റെ സ്നേഹത്തിന് മറ്റേ ആള് അര്‍ഹനാണോ എന്ന് നോക്കിയാണ്. കൊടുക്കുമ്പോള്‍ എന്തുകിട്ടും എന്ന് മനസ്സില്‍ കണക്കുകൂട്ടിനോക്കിയാണ്. എന്നാല്‍ ദൈവത്തിന് കൊടുക്കുമ്പോഴാണ് സന്തോഷം, കിട്ടുമ്പോഴല്ല.
സ്വഭാവികമായും ഒരുപ്രായത്തില്‍ ഒരുമകന്റെ ആദ്യശത്രു പിതാവ് തന്നെയാണ്.. അവന്റെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും എതിരെ നില്‍ക്കുന്നത് മിക്കപ്പോഴും അപ്പനാണ്. മാതൃസഹജമായ വാത്സല്യം കൊണ്ട് അമ്മ എപ്പോഴും അവന്റെ ഭാഗം ചേര്‍ന്നു നില്ക്കുന്നു. ഇപ്പോള്‍ ഞാനൊരു പിതാവായപ്പോള്‍ എനിക്കത് കൂടുതലായി മനസ്സിലാകുന്നുണ്ട്. മകന്റെ ചില പിടിവാശികള്‍ക്ക് ഞാന്‍ അരുനില്ക്കാത്തപ്പോള് അവന്റെ അമ്മ അവനെ കരയിപ്പിക്കാതിരിക്കാനോ വേദനിപ്പിക്കാതിരിക്കാനോ അതിനോടെല്ലാം യെസ് പറയുന്നു.സ്വഭാവികമായും അതുകൊണ്ട് അവന്റെ മനസ്സില്‍ ഞാന്‍ അവന്റെ എതിരാളിയാകുന്നു.
അപ്പയ്ക്ക് എന്നോട ്ഇഷ്ടമില്ലല്ലോ എന്നാണ് അവന്റെ അപ്പോഴത്തെ പരാതി. നമ്മുടെ എല്ലാഇഷ്ടങ്ങള്ക്കും ദൈവവും യെസ് പറയാറില്ല. എന്നുകരുതി അവിടുത്തോട് നമുക്ക് ദേഷ്യം തോന്നേണ്ട കാര്യമില്ല. ജീവിതത്തിലെ നമ്മുടെ ചില ഹിതങ്ങളോട് അവിടുന്ന് നോ പറയുന്നതുകൊണ്ട് അവിടുന്ന് നമ്മുടെ പിതാവ് ആകാതിരിക്കുന്നുമില്ല.
ആഗ്രഹിക്കുന്നതുപോലെ എല്ലാം ചെയ്തുകിട്ടുമ്പോള്‍ മാത്രം ഒരാളെ സ്നേഹിക്കുന്നതിനെ സ്നേഹമെമെന്ന് വിശേഷിപ്പിക്കാനാവില്ല. പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരംകിട്ടാതെ വരുമ്പോഴും ഏകാന്തതയും ഒറ്റപ്പെടലും തിരസ്ക്കരണവും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരുമ്പോഴും അതെല്ലാം പരിഹരിച്ചുതരാന്‍ കഴിവുള്ളവനായിട്ടും അതൊന്നും ചെയ്തുതരാതിരിക്കുന്ന ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കാന്‍ നമുക്ക ്കഴിയുന്നുണ്ടോ?
ഇങ്ങനെയെല്ലാമുള്ള ദൈവത്തെയോര്‍ത്ത് അഭിമാനിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? പ്രാര്‍ത്ഥനകളില്‍ നിന്ന് അകന്നുപോകുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഞാനെന്നോട് തന്നെ പറയാറുണ്ട് ദൈവമേ പ്രാര്ത്ഥിക്കാതെപോകുന്ന എന്റെ ്രപാര്ത്ഥനകള് േപാലും നീ കേള്‍ക്കുന്നു.. വിശ്വാസത്തിന്റെ തീരങ്ങളില്‍ നിന്ന് പറന്നുപോകുമ്പോഴും ഉള്ളിന്റെയുള്ളില്‍ വിശ്വാസത്തിന്റെ ഒരു തിരികൊളുത്തി ഞാന്‍ പറയുന്നു, ദൈവമേ നിന്നെ മാത്രമേ എനിക്ക് വിശ്വസിക്കാനായുള്ളൂ. പാപത്തിന്റെ ആസക്തികളില്‍ മുഴുകി പിടയുമ്പോഴും ഞാന്‍ ഉള്ളിന്റെയുള്ളില്‍ കേഴുന്നുണ്ട്,ദൈവമേ നിനക്കെന്നെ സ്നേഹിക്കാതിരിക്കാനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു..
ദൈവത്തെ നിഷേധിച്ചുകളയുന്ന ജീവിതത്തിന്റെ മരുഭൂ അനുഭവങ്ങളില്‍ പെട്ടുഴലുമ്പോഴും ഞാന്‍ വിലപിക്കുന്നു, ദൈവമേ നീയുള്ളതുകൊണ്ടാണ് എനിക്ക് നിലനിന്നുപോകാന്‍ സാധിക്കുന്നത്.
ഹൃദയത്തോട് ചേര്‍ന്നുനിന്നിരുന്ന മനുഷ്യരില്‍പോലും എനിക്ക് ചില നേരങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദൈവത്തില്‍ എനിക്കിന്നേ വരെ വിശ്വാസം നഷ്ടപ്പെട്ടില്ല.
ദൈവം എന്നെ സ്നേഹിക്കാന്‍ ഞാന്‍ ഇന്നേവരെ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തിട്ടില്ല. മനുഷ്യരുടെ മുമ്പില്‍ ഞാന്‍ എന്റെ ദൈവത്തെ ഏറ്റുപറഞ്ഞിട്ടുമില്ല.. ദൈവത്തിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടുമില്ല. എന്നിട്ടും എന്റെ ദൈവം എന്നെ സ്നേഹിക്കുന്നു.
ദൈവമേ നിന്റെ സ്നേഹത്തിന് പകരമായി ഞാന്‍ എന്തു നല്‍കും? കണ്ണീരില്‍ കുതിര്‍ന്ന എന്റെ ഈ അക്ഷരങ്ങളല്ലാതെ..
വിനായക് നിര്‍മ്മല്‍