പൂർണ്ണമായ ബോധ്യത്തോടെ സ്നേഹിക്കുക

0

നല്ലസമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -4

നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും കൂടെ സ്‌നേഹിക്കണം
(നിയമാ 6 : 5). എല്ലായഹൂദഭവനങ്ങളുടെയും വാതിൽപ്പടികളിൽ എഴുതിച്ചേർക്കപ്പെടുന്ന ദൈവവചനമാണിത്. നിത്യജീവൻ അവകാശമാക്കാൻ നിയമം എന്താണ് പ്രതിപാദിക്കുന്നത് എന്നതിന് നിയമജ്ഞൻ നൽകുന്ന മറുപടിയും ഈ വചനമാണ്. ഹൃദയം എന്ന വാക്കിന് ഹീബ്രുവിൽ levav എന്നും ഗ്രീക്കിൽ kardia എന്നും ഉപയോഗിക്കുന്നു. ഈ പദങ്ങൾക്ക് ‘ഹൃദയം’ എന്ന മലയാളപദത്തെക്കാളും ആഴമായ അർത്ഥമുണ്ട്.

ഹൃദയമാണ് വികാരങ്ങളുടെ (emotions) പ്രഭവസ്ഥലമെന്നു നമ്മൾ കരുതുന്നു. ചിന്തിക്കുന്ന ഇടമായ മനസ്സ് ഇതിനെതിരായ തലമാണല്ലോ. ഹൃദയംകൊണ്ടു നമ്മൾ ഇഷ്ടപ്പെടുന്നു, സ്നേഹിക്കുന്നു. മനസ്സുകൊണ്ടു നമ്മൾ യുക്തിവിചാരം നടത്തുന്നു. എങ്കിലും പലപ്പോഴും വികാരങ്ങൾക്ക് അടിപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നതിനേക്കാൾ, യുക്തിപൂർവ്വം ചിന്തിച്ച്, തീരുമാനങ്ങളിൽ എത്താനാണ് നാം ഇഷ്ടപ്പെടുന്നത്. ‘ഹൃദയം തകർന്നു’ എന്ന് നാം പറയുമ്പോൾ വികാരങ്ങളെയാണ് ഉദ്ദേശിക്കാറ്. ‘മനസ്സ് കൈവിട്ടുപോയി’ എന്നതിന് അതിലും ഗൗരവമായ അർത്ഥമാണ് നൽകാറുള്ളത്.

പക്ഷേ, ബൈബിളിൽ ചിന്തകളും വികാരങ്ങളും തമ്മിൽ ഇന്ന് നമ്മൾ മനസ്സിലാക്കുന്ന ഒരു അർത്ഥവ്യത്യാസം സ്പഷ്ടമല്ല. ഹൃദയം (levav, kardia) എന്ന വാക്ക് ചിന്തയെയും വികാരങ്ങളെയും വിവക്ഷിക്കുന്നുണ്ട്. നമ്മുടെ ഭാഷയിൽ ഹൃദയം എന്നതുകൊണ്ട് വികാരങ്ങളെ അർത്ഥമാക്കുമ്പോൾ ബൈബിളിൽ ‘ഹൃദയം’ വികാരങ്ങളെയും ചിന്തയെയും പ്രതിനിധീകരിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ബൈബിളിൽ പൂർണ്ണഹൃദയതോടെ ദൈവത്തെ സ്നേഹിക്കാൻ ആവശ്യപ്പെടുമ്പോൾ, ചിന്താ ശക്തിയെ ഒഴിവാക്കിയ, വികാരങ്ങളെ മാത്രം തിരുകികയറ്റിയ ഒരു സ്നേഹമല്ല ഉദ്ദേശിക്കുന്നത്. മറിച്ച് യുക്തിചിന്തയോടും വികാരാവേശത്തോടും കൂടിയുള്ള സ്നേഹമാണ്. പൂർണ്ണഹൃദയതോടെ എന്നുവച്ചാൽ മുഴുവൻ മനസ്സോടും കൂടിയാണെന്നർത്ഥം.

വികാരങ്ങൾ ചിന്തകളാൽ ബാലപ്പെടുത്തിയില്ലെങ്കിൽ അത് നൈമിഷികമാകും. യുക്തിപൂർവ്വം ചിന്തിക്കുന്നവന് അവന്റെ നിലപാടുകളിൽ തീവ്രതയും ഹൃദ്യതയും അനുഭവപ്പെടും. ദൈവത്തെ സ്നേഹിക്കേണ്ടത് ഭയമെന്ന വികാരം മൂലമോ, ഉപരിപ്ലവമായ സ്നേഹത്തിലൂടെയോ അല്ല. ചിന്തയുടെ ഉറപ്പും ഹൃദയത്തിന്റെ തീഷ്ണതയും വഴി രൂപപ്പെട്ട ഒരു സ്നേഹമാണ് ദൈവത്തിനായി നാം കരുതേണ്ടത്.

അത്ഭുതങ്ങൾക്കും രോഗശാന്തിക്കും പിന്നാലെ നാം ഓടുമ്പോൾ നോവേനകൾക്കും ദർശനങ്ങൾക്കും നാം അമിത പ്രാധാന്യം കൊടുക്കുമ്പോൾ ഈശോ ആവശ്യപ്പെട്ട പൂർണ്ണഹൃദയത്തോടെയുള്ള സ്നേഹത്തിനുപകരം, ഇന്ദ്രിയസുഖം നൽകുന്ന ഒരു വിശ്വാസമാണ് നാം ആഗ്രഹിക്കുന്നത്. എന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്തുന്ന, എനിക്ക് നൈമിഷികമായ സുഖം നൽകുന്ന ഒന്നാക്കി എന്റെ വിശ്വാസത്തെ ഞാൻ നിജപ്പെടുത്തണമോ? ബോധ്യങ്ങൾ കരുത്തുറ്റതാക്കിയ വിശ്വാസമാണ് നമുക്കാവശ്യം.

ശുഭരാത്രി

🖋Fr Sijo Kannampuzha OM