അയൽക്കാരനെ സ്നേഹിക്കുക, നിന്നെപ്പോലെ

0

നല്ലസമറിയാക്കാരൻ (ലൂക്കാ 10: 25-37) ധ്യാനം -5

അഞ്ച് സെൻറ് ഭൂമിയുള്ളവനും പത്തേക്കർ ഭൂമിയുള്ളവനും ഒരുപോലെ മത്സരിച്ചു പണിയുന്ന ഒന്നാണ് മതിൽ. മതിലുകൾ ഒരാളുടെ അധികാരത്തിൻ്റെ അടയാളമാണ്, ആർക്കും പ്രവേശനമില്ലാത്ത എൻ്റെ ഇടം. മതിലുകൾ എൻ്റെ സ്വസ്ഥയുടെ അടയാളമാണ്. ഇതിനുള്ളിൽ ആരും എന്നെ അസ്വസ്ഥനാക്കാൻ വരരുത്. ഇത് മാത്രമാണ് എൻ്റെയിടം, ഇതിനുവെളിയിൽ എന്ത് സംഭവിച്ചാലും ഞാൻ ഉത്തരവാദിയല്ല എന്നുകൂടി മതിൽ നമ്മോട് പറയുന്നുണ്ട്. മതിലുകൾക്കുവേണ്ടി മാത്രം കലഹിക്കുന്ന എത്രയോ മനുഷ്യരാണ് ഭൂമിയിലുള്ളത്. മതിൽ മനുഷ്യൻ്റെ സ്വാർത്ഥതയുടെ ലക്ഷണം കൂടിയാണ്. ഇതിനുവെളിയിൽ എനിക്കാരും വേണ്ട എന്ന ഒരു നിലപാടതിലുണ്ട്.

അയൽക്കാരെ ഭാരമായും ശത്രുവായും കാണുന്ന ഇന്നത്തെ നമ്മുടെ സമൂഹത്തിനോട് സുവിശേഷം പറയുന്നു, നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക – വായിക്കാൻ വളരെയേറെ എളുപ്പമുള്ളതും പ്രവൃത്തിപഥത്തിലെത്തിക്കാൻ അതിലുമേറെ ബുദ്ധിമുട്ടും നിറഞ്ഞതാണ് ഈ കല്പന. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും സുഖങ്ങളും മാത്രം ചിന്തിക്കുന്നവനോട് അയൽക്കാരനെയും നിന്നെപ്പോലെ സ്നേഹിക്കുക എന്നുപറയുന്നത് സമൂലമായ ഒരു മാറ്റത്തെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ്.

ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതാരെ? ഉത്തരങ്ങൾ പലതായിരിക്കും. എങ്കിലും സ്വയം സ്നേഹിക്കാത്ത മനുഷ്യരില്ല. ചിലപ്പോഴെങ്കിലും ഈ സ്നേഹത്തിന്റെ തോത് കൂടിപ്പോവുകയും മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ വീഴ്ചവരുകയും ചെയ്യുന്നതിനെയാണല്ലോ നാം സ്വാർത്ഥത എന്ന് വിളിക്കുന്നത്. ഒരാൾ എപ്പോഴെല്ലാമാണോ മറ്റാരെയുംകാൾ കൂടുതലായി സ്വയം സ്നേഹിക്കുന്നത് അപ്പോൾ അവൻ ഉള്ളിലേക്ക് ചുരുങ്ങിയ, സ്വന്തം ഇഷ്ടങ്ങളും നിലപാടുകളും മാത്രം മതിയെന്നാഗ്രഹിക്കുന്ന സ്വാർത്ഥനാകുന്നു. സത്യത്തിൽ സ്വാർത്ഥതയാണ്, അത് മാത്രമാണ് യഥാർത്ഥത്തിലുള്ള പ്രശ്നം.

നിയമജ്ഞരെ സംബന്ധിച്ചിടത്തോളം ഇസ്രായേൽക്കാർ മാത്രമായിരുന്നു അവരുടെ അയൽക്കാർ. എന്നാൽ ഈശോ ആ നിർവചനം പൊളിച്ചെഴുതുകയാണ്. ഈ ഭൂമിയിലെ മനുഷ്യരെല്ലാവരും, ജാതി, മത, വംശ വ്യത്യാസമില്ലാതെ എല്ലാവരും നിൻ്റെ അയൽക്കാരനാണെന്നും നീ നിന്നെ സ്നേഹിക്കുന്നതുപോലെ തന്നെ എല്ലാവരെയും സ്നേഹിക്കണമെന്നും യേശു തിരുത്തിപ്പറയുന്നു. ശത്രുവാണെന്നോ അപകടമാണെന്നോ പറഞ്ഞു നീക്കുപോക്കുകൾപാടില്ല.

അയൽക്കാരൻ്റെ ദൈന്യത കാണാതിരിക്കാൻ മതിലുകൾ പൊക്കിക്കെട്ടുന്നവരും അവൻ്റെ രോദനം കേൾക്കാതിരിക്കാൻ മ്യൂസിക് വോളിയം കൂട്ടുന്നവരും അറിയുക – കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല (1 യോഹ 4 : 20).

ശുഭരാത്രി

Fr Sijo Kannampuzha OM