സ്നേഹസാമീപ്യം

0

പാപിനിക്ക് മോചനം. (ലൂക്കാ 7 : 36-50)  ധ്യാനം -17

വല്ലപ്പോഴും ഓടിക്കയറിവരുന്ന ഒരച്ചനെക്കുറിച്ചു സുഹൃത്ത് പറഞ്ഞതോർക്കുന്നു. അച്ചൻ  ചെന്നുവെന്നറിഞ്ഞാൽ വെള്ളം തിളക്കാൻ വച്ചിട്ടേ അമ്മച്ചി അച്ചനെ കാണാൻ മുൻവശത്തേക്ക് ചെല്ലൂ. മിനിട്ടുകൾക്കകം അച്ചൻ്റെ പ്രിയ പാനീയമായ കടുംചായയുമായി എത്തും. ഒറ്റക്കുഴപ്പം- നല്ല ചൂടായിരിക്കും. ഒപ്പം ഒരു അപേക്ഷയും – ‘അച്ചാ, ഇത് ചൂടാറ്റിക്കൊണ്ടുവരാൻ പറയരുത്. അത് ആറുന്നവരെയെങ്കിലും ഇവിടെ ഇരിക്കുമല്ലോ”. ചിലരുടെ സാനിദ്ധ്യം മറ്റുള്ളവർക്ക്ആഘോഷമായിരിക്കും.

ചില സാമീപ്യങ്ങൾ മനുഷ്യനെ മാറ്റി മറിക്കും. ഒരു പ്രാർഥനക്കും ഉപദേശത്തിനും കൗൺസിലിങ്ങിനും മാറ്റാൻ ആവാത്ത ശീലങ്ങൾ ചില മൃദുവായ  സാമീപ്യങ്ങളിൽ മാറ്റപ്പെടുന്നത് കണ്ടിട്ടുണ്ട്. വേളാങ്കണ്ണിയിലും മലയാറ്റൂരുമെല്ലാം സംഭവിക്കുന്ന മാറ്റങ്ങളും ചില സാമീപ്യാനുഭവങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ടല്ലേ

സുവിശേഷത്തിൽ,  യേശുവിൻ്റെ മൃദുവായ സാമീപ്യത്തിൽ വിരിയുന്ന അത്ഭുതങ്ങളുണ്ട്. ഏറ്റവും ദീപ്തമായത് സക്കേവൂസ് അനുഭവമാണ്. അവൻ്റെ ഭവനത്തിലെ ക്രിസ്തുസാന്നിദ്ധ്യം അവനെ കീഴ്മേൽ മറിക്കുന്നു. പണത്തിനുവേണ്ടി നെട്ടോട്ടമോടിയിരുന്ന അവൻ പണത്തെ ഉപേക്ഷിക്കുന്ന വിപരീതാവസ്ഥയിലെത്തുന്നു. ഗുരുവിൻ്റെ നിശബ്ദ സാനിദ്ധ്യം അവനെയും അഭിരുചികളിൽ വ്യത്യാസമുള്ളവനാക്കുന്നു.

വിളക്കിലിട്ട പുതുതിരി എണ്ണയിൽ കുതിർന്ന് പ്രകാശവാഹിനിയാകുന്നതുപോലെ പാപിനിയും അവൻ്റെ സമീപതയിൽ, നിർമ്മലയാക്കപ്പെടുന്നു. ഗുരുവിൻ്റെ സാനിദ്ധ്യം മാറ്റം വരുത്തുന്നത് ബാഹ്യമായ അലങ്കാരങ്ങളിലല്ല. അത് ചെന്നെത്തിനിൽക്കുന്നത് ഹൃദയങ്ങളിലെ വികാരവിചാരങ്ങളിലാണ്. അവിടെയാണ് ഒരുവൻ്റെ അഭിരുചികൾ ഉള്ളത്. അതേ മാറ്റം വരേണ്ടത് ഹൃദയത്തിൻ്റെ അഭിരുചികൾക്കാണ്. ഗുരുസന്നിധിയിൽ അഭിരുചികൾ മാറ്റുരച്ചുനോക്കപ്പെടട്ടെ.. മാറ്റങ്ങൾ പ്രാപിക്കട്ടെ..

ഒരുചോദ്യം കൂടി – എൻ്റെ സാമീപ്യം ആർക്കെങ്കിലുമൊക്കെ ഒരു അനുഗ്രഹമാകുന്നുണ്ടോ?

ശുഭരാത്രി.

Fr Sijo Kannampuzha OM