കരുണയുള്ള ദിവസം

0

എന്റെ ദൈവമായ കര്‍ത്താവേ എന്നെ സഹായിക്കണമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ( സങ്കീ 109? 26)

നിസ്സഹായതയില്‍ എല്ലാ മനുഷ്യരുടെയും പ്രാര്‍ത്ഥന അതുതന്നെയാണ്. എന്റെ ദൈവമായ കര്‍ത്താവേ എന്നെ സഹായിക്കണമേ. ഒരുപക്ഷേ മനുഷ്യന്‍ നിസ്സഹായനും ദുര്‍ബലനും നിരാശനുമായി കഴിയുമ്പോഴായിരിക്കും ദൈവത്തിലേക്ക് തിരിയുന്നത്. നമുക്ക് നമ്മില്‍ തന്നെ അഹങ്കരിക്കാനും ബലപ്പെടാനും എന്തൊക്കെയോ ഉണ്ടെന്ന ചില അബദ്ധധാരണകള്‍ പലപ്പോഴുമുണ്ടല്ലോ?

അതൊക്കെ പൊളിഞ്ഞുവീഴുമ്പോള്‍, മനുഷ്യനിലുള്ള ആശ്രയത്വം നഷ്ടപ്പെടുമ്പോള്‍ അപ്പോഴെല്ലാം നിസ്സഹായതയില്‍ ഏതൊരാളും പ്രാര്‍ത്ഥിച്ചുപോകും അങ്ങനെ. ദൈവം എന്റേതാണെന്ന തിരിച്ചറിവിന്റെ നിമിഷമാണത്. അതാണ് എന്റെ എന്ന പ്രയോഗം. ഇന്നലെവരെ ദൈവം നിന്റേതായിരുന്നു. കാരണം എനിക്ക് ദൈവത്തെ ആവശ്യമുണ്ടായിരുന്നില്ല.

എനിക്ക് എന്നില്‍ ആശ്രയിക്കാന്‍ പലതുമുണ്ടായിരുന്നു. പക്ഷേ എല്ലാം തകര്‍ന്നുപോയപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, ദൈവം മാത്രമേ എനിക്ക് തുണയായിട്ടുള്ളൂ എന്ന്. അവിടുന്ന് എന്റേതുകൂടിയാണെന്ന്..അല്ലെങ്കില്‍ എന്റേതു മാത്രമാണെന്ന്.

ദൈവത്തോട് ഇങ്ങനെയൊരു ബന്ധത്തിലേക്ക് വളരാന്‍ വേണ്ടിയായിരിക്കാം ചില തകര്‍ച്ചകളും അവഗണനകളും തിരസ്‌ക്കരണങ്ങളും അപമാനങ്ങളും നല്കുന്നത്. ദൈവവുമായി വ്യക്തിപരമായ ബന്ധത്തിലേക്ക് വളരുക. അപ്പോള്‍ മാത്രമേ ദൈവത്തെ എന്റേതായി സ്വീകരിക്കാന്‍ എനിക്ക് സാധിക്കുകയുള്ളൂ.

ദൈവവും മനുഷ്യരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതും ഇത്തരം ചില വേളകളിലാണ്. നിലവിളിച്ചുപ്രാര്‍ത്ഥിക്കാനുള്ള പ്രാര്‍ത്ഥനാപുസ്തകത്തിന്റെ പേരാണ് ബൈബിള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും ഒറ്റപ്പെട്ടവരും ഏകാകികളുമായവരുടെ ഹൃദയവികാരങ്ങളും സങ്കടങ്ങളും ഒപ്പിയെടുത്തതുമായ പുസ്തകം കൂടിയാണത്.

അതുകൊണ്ട് ജീവിതത്തിലെ മുറിവേറ്റ നിമിഷങ്ങളില്‍ ആ പുസ്തകം കൈയിലെടുക്കാന്‍ മറക്കരുത്. അതില്‍ ആശ്വാസം കണ്ടെത്തുക. എന്നിട്ട് നെഞ്ച് പിടഞ്ഞ്, കണ്ണുനിറഞ്ഞ് ദൈവത്തോട് പറയുക, ദൈവമേ നിന്റെ കാരുണ്യത്തിനൊത്തവിധം എന്നെ രക്ഷിക്കണമേയെന്ന്.

ദൈവമേ നിന്റെ കാരുണ്യത്തെ പരിമിതപ്പെടുത്താന്‍ കഴിയില്ലെന്ന് അറിയുമ്പോള്‍, ആ കാരുണ്യത്തിന്റെ തണലിലേക്ക് ഞാനെന്റെ ജീവിതത്തെ, പ്രത്യേകിച്ച് ഈ ദിവസത്തെ മുഴുവന്‍ സമര്‍പ്പിക്കുന്നു. നീയെന്നെ നിന്റെ കാരുണ്യത്തിനൊത്തവിധം രക്ഷിക്കണമേ.

കരുണയുള്ള ദിവസം അനുഭവിക്കാനും നല്കാനും കഴിയട്ടെയെന്ന പ്രാര്‍ത്ഥനയോടെ
കാരുണ്യപൂര്‍വ്വം
വിഎന്‍.