ആ കെട്ടുകള്‍ അഴിച്ചുമാറ്റിയേക്കൂ

0


മൂന്നു കഴുതകളുമായി അയാൾ യാത്ര  തുടങ്ങി. യാത്രാ മദ്ധ്യേ ഒരു പുഴ കണ്ടു. പുഴയിലിറങ്ങി മുഖം കഴുകുവാൻ അയാൾ തിരുമാനിച്ചു. എന്നാൽ മൂന്നു കഴുതകളെ കെട്ടുവാനായി അയാളുടെ കയ്യിൽ രണ്ടു കയറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പുഴയരികിൽ നിസഹായനായി ഇരുന്ന അയാളുടെ അടുത്തേക്ക് ഒരു ജ്ഞാനിയെത്തി. തന്റെ അവസ്ഥ അയാൾ ജ്ഞാനിയെ അറിയിച്ചു. ജ്ഞാനി നിർദ്ദേശം നൽകി.

രണ്ടു കഴുതകളെ കൈവശമുള്ള രണ്ടു കയറുകൾ ഉപയോഗിച്ചു കെട്ടുക. ശേഷം മൂന്നാമതേത്തിന്റെ അടുത്ത് ചെന്ന് കെട്ടുന്നതു പോലെ അഭിനയിക്കുക. 

അയാൾ ജ്ഞാനി പറഞ്ഞതുപോലെ ചെയ്തു. പുഴയിൽ നിന്ന് തിരികെ വന്നപ്പോൾ മൂന്നു കഴുതകളും യഥാ സ്ഥാനത്ത് നിൽക്കുന്നതു കണ്ട് അയാൾ അത്ഭുതപ്പെട്ടു. രണ്ടു കഴുതകളുടെ കെട്ടുകളും അഴിച്ച് അയാൾ യാത്ര ആരംഭിക്കുവാൻ തുടങ്ങി. എന്നാൽ മൂന്നാമത്തെ കഴുത അത് നിന്ന സ്ഥലത്തു തന്നെ നിലയുറപ്പിച്ചു. അയാൾ കഴുതയെ അടിക്കുകയും തള്ളുകയും ചെയ്തു . അത് അനങ്ങിയില്ല. അവസാനം അയാൾ ആ ജ്ഞാനിയുടെ പക്കലേക്ക് ചെന്ന് കാര്യം തിരക്കി.

ജ്ഞാനി നിർദ്ദേശം നൽകി.

രണ്ടു കഴുതകളെയും നിങ്ങൾ അഴിച്ചു. എന്നാൽ മൂന്നാമത്തേതിനെ നിങ്ങൾ അഴിച്ചിട്ടില്ല. അതിന്റെ അടുത്തേക്ക് ചെന്ന് കെട്ട് അഴിക്കുന്നതു പോലെ കാണിക്കുക … അതിന്റെ കെട്ടുകൾ അഴിച്ച് അതിനെ സ്വതന്ത്രയാക്കുക… അയാൾ ജ്ഞാനി പറഞ്ഞു പോലെ ചെയ്തു. കഴുത മറ്റു കഴുതകളുടെ കൂടെ നടന്നു തുടങ്ങി.

  യുവ സമൂഹം നിരവധി സാങ്കല്പിക കെട്ടുകളാൽ ബന്ധിതരാണ്. ഭയത്തിന്റെ, ആകുലതയുടെ, നഷ്ടപ്പെടലിന്റെ, ആഗ്രഹങ്ങളുടെ ….അങ്ങനെ അങ്ങനെ നിരവധി സാങ്കല്പിക കെട്ടുകൾ.

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഈ സാങ്കല്പിക കെട്ടുകൾ അഴിക്കുവാൻ നാം പലപ്പോഴും മറന്നു പോകാറുണ്ട്. മനസ്സിൽ രൂപപ്പെടുത്തിയ ചില നിഴൽ ഭീതികളെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണ് . മുൻപോട്ടുള്ള യാത്രയിൽ നമ്മെ ബന്ധിപ്പിച്ചിട്ടിരിക്കുന്ന, നാം തന്നെ നിർമ്മിച്ചുണ്ടാക്കിയ സാങ്കല്പിക കെട്ടുകൾ തിരിച്ചറിഞ്ഞ് അവയെ അഴിച്ചു മാറ്റുമ്പോൾ അവിടെ പുതിയ ഒരു തുടക്കത്തിന് ആരംഭം കുറിക്കും. വിജയത്തിലേക്കുള്ള ആദ്യത്തെ ചുവടുവപ്പായി അവ പരിണമിക്കും.

ഇന്നത്തെ ലോകത്തിൽ നമ്മെ ബന്ധിക്കുന്ന ഭയത്തിന്റെയും ആകുലതകളെയും തിരിച്ചറിയാം .. അവയെ അഴിച്ചു മാറ്റി പൂർണ്ണ സ്വാതന്ത്ര്യത്തോടെ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യാം.

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ