പിഴവ്

0

ജനനം മുതൽ കൂട്ടിനുള്ള സുഹൃത്തുക്കളിൽ ഒരാളായിരുന്നു എൻ്റെ പിഴവുകൾ. ബാല്യത്തിൻ്റെ പടിവാതിൽ വിട്ടു നടന്നകന്ന എനിക്ക്, തിരിഞ്ഞുനോക്കിയപ്പോൾ അവ ദ്ര്യശ്യമായിരുന്നു. ഒരു വിധത്തിൽ അതെൻ്റെ സന്തതസഹചാരിയായിരുന്നു . ഇതിനുകാരണം ബാല്യത്തിൻ്റെതായ പല ചപലതകളും ഇന്നും എന്നിൽ നിന്ന് പടിയിറങ്ങിയിട്ടില്ല, അല്ലെങ്കിൽ ഞാൻ അതിനു അനുവദിക്കുന്നില്ല എന്നതാണ് .

പലതിനും ഞാൻ അനുവദിക്കാത്തതാണ് എൻ്റെ പിഴവിൻ്റെ  കാരണമെന്ന തിരിച്ചറിവ് വൈകിയാണ് ഉടലെടുക്കുന്നത്.  ഞാനെന്ന ഭാവവും എൻ്റെ ധാർഷ്ട്യ മനോഭാവവും എന്നെ നയിച്ചത് ഈ പടിവാതിലിലേക്കാണ്. എന്നിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കും ക്രിസ്‌തുവിനേക്കാൾ മൂല്യമേറിയതാണെന്ന ചിന്ത എനിക്ക് സമ്മാനിച്ചതും ഇതു തന്നെയായിരുന്നു . വാക്കുകൾ ഏറുമ്പോൾ തെറ്റു വർ ധിക്കുന്നുവെന്ന സുഭാഷിത സന്ദേശത്തെ ഞാൻ പാടെ മറന്നു കളഞ്ഞു. സ്വന്തമെന്നു കരുതി പലതും വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതക്കിടയിലും ഇതു തന്നെയായിരുന്നു പരിണതഫലം .

പ്രതീകഷിക്കാത്ത വിജയങ്ങൾക്കു പിന്നിൽ പ്രതീക്ഷിക്കാത്ത പരാജയങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന അറിവില്ലായ്മയും ഇത്ത രത്തിലൊരു പിഴവായിരുന്നു. ഇനിയും കരുതൽ ആവശ്യമെന്നു അറിഞ്ഞിട്ടും വിസ്മരിക്കപ്പെട്ട യാഥാർഥ്യങ്ങൾ എന്നിൽ ഒളിമങ്ങാതെ കിടക്കുകയാണ്.

കുമ്പസാരക്കൂട്ടിൽ ആവർത്തിക്കപ്പെടുന്ന എൻ്റെ ചില പിഴവുകൾക്കു അന്നും ഇന്നും മാറ്റമില്ല. ഒരു തുടർകഥയെന്നവണ്ണം അതിൻ്റെ  ജൈത്രയാത്ര തുടരുകയാണ്. ഇനിയൊരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാൻ സന്നദ്ധനായിരിക്കുന്നു എന്ന പ്രാർത്ഥനയുടെ ആന്തരാർത്ഥം മനസിലാക്കാൻ എനിക്കെന്നും കഴിയും എൻ്റെ ദൈവമേ? അർഹിക്കാത്തതിന് അർഹിക്കുന്നതിലും പ്രാധാന്യം നൽകുന്നതും അർഹിക്കുന്നതിനു അത് നൽകാതിരിക്കുകയും ചെയ്യുന്നത് എന്തൊരു വിരോധാഭാസം.  

എന്നെ അനുഗമിക്കുക എന്ന ഗുരുമൊഴിക്ക് മറുമൊഴിയില്ലാതെ അനുഗമിച്ച ക്രിസ്തു ശിഷ്യർക്കും പിഴക്കുന്നുണ്ട്. അതായിരിക്കണം  തങ്ങളിൽ ആരാണ് വലിയവനെന്നു തർക്കിക്കാൻ അവർക്കു പ്രേരണയായത്‌. ഞങ്ങൾക്കെന്തുകിട്ടും എന്ന ചോദ്യത്തിലേക്കു വഴി തെളിച്ചത്, താൻ അവനെ അറിയില്ലെന്നും ആണയിട്ടു പറഞ്ഞത് , അതിലുപരി ഒരു ചുംബനത്താൽ അവൻ ഒറ്റുകൊടുക്കപ്പെട്ടത്…ഇവ പിഴവിൻ്റെ ഏതാനും ഉദാഹരണങ്ങൾ മാത്രം. 

വിജയം കനിഞ്ഞു  നൽകിയ ദാവീദിനു പോലും ആസക്തിയുടെ കൊടുങ്കാറ്റിൽ  കാലിടറുന്നുണ്ട്. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ അവളുമായി വ്യഭിചാരം ചെയ്‌തു എന്ന ക്രിസ്തുവിൻ്റെ വാക്കുകൾക്കു മൂർച്ച ഏറെയാണ്. എൻ്റെ മിഴികൾക്കു ഇമ്പമുള്ള കാഴ്ചകൾ എന്നിൽ പിഴവായി ജന്മമെടുക്കുമ്പോൾ ക്രിസ്തുവേ നിന്നെ ഞാൻ പഴിക്കുകയാണ്. കാരണം എൻ്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ എന്ന നിൻ്റെ പ്രാർത്ഥനക്കു എൻ്റെ ജീവിതത്തിൽ സ്ഥാനമില്ലാതായിരിക്കുന്നു.

എവിടെയാണ് എനിക്ക് തെറ്റിയതെന്നറിയില്ല . എങ്കിലും ഞാൻ പോലും അറിയാതെ എൻ്റെ അധരങ്ങൾ ഇപ്രകാരം ഉരുവിടുന്നുണ്ടായിരുന്നു , എൻ്റെ പിഴ,  എൻ്റെ പിഴ, എൻ്റെ വലിയ പിഴ.

 ഫ്രിജോ തറയിൽ.