ഇരുള് മാത്രമായ അവസ്ഥ എങ്ങനെയായിരിക്കുമോ അങ്ങനെയായിരിക്കും അമ്മ ഇല്ലാതായാലത്തെ അവസ്ഥ. എന്നാല്‍ അമ്മ എന്ന യാഥാര്‍ത്ഥ്യത്തെ തന്നെ ഇരുള് വിഴുങ്ങിയാലോ? വെട്ടം തെളിക്കേണ്ട അവര്‍ തന്നെ ഇരുള് മാത്രമായാലോ? പിന്നെ നമുക്കെവിടെയാണ് അഭയമുള്ളത്?
ദേഷ്യപ്പെടരുത്. ഇപ്പോള്‍ അമ്മമാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വീടുകളില്‍.. ജൈവശാസ്ത്രപരമായി ഇന്നും അമ്മമാരുണ്ട്. അവര്‍ പത്തുമാസം കുഞ്ഞിനെ ഉദരത്തില്‍ സംവഹിക്കുകയും പിന്നെ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. പാലൂട്ടുകയും താരാട്ടുപാടുകയും ചെയ്യുന്നുണ്ടാവും. പക്ഷേ അതൊക്കെ എന്തിന് വേണ്ടിയാണ് ? അങ്ങനെയാരും ചിന്തിച്ചിട്ടില്ലെന്ന് തോന്നുന്നു.
മക്കളുടെ വഴികളില്‍ വിളക്കുമരമാവേണ്ടവരാണ് അമ്മമാര്‍. നന്മയും ചീത്തയും കാണിച്ചുകൊടുക്കുകയും തിരുത്തലുകളും വഴിതെറ്റലുകളും തിരുത്തിയെഴുതുകയും ചെയ്യേണ്ടവരുമാണ് അവര്‍. പക്ഷേ ഇന്ന് അമ്മമാര്‍ക്ക് തന്നെ വഴിതെറ്റുന്നു. മക്കളുടെ വഴിതെറ്റലിന് അവര്‍ തന്നെ കാരണക്കാരാവുന്നു. മക്കളെ അവര്‍ വളര്‍ത്തുന്നതും സ്നേഹിക്കുന്നതും മക്കള്ക്കുവേണ്ടിയല്ല, അവര്ക്കുവേണ്ടിതന്നെയാകുന്നു.
അന്ധനെ അന്ധന് വഴികാണിച്ചാല്‍ എന്തായിരിക്കുമോ അവസ്ഥ അതുതന്നെയാണ് ഇന്ന് നമ്മുടെ മിക്ക അമ്മമാര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മ്മികത ഇല്ലാത്ത ഒരമ്മയ്ക്ക് മക്കളെ ധാര്‍മ്മികമായി വളര്‍ത്താന്‍ അവകാശമില്ല. മക്കളെ സ്വാര്‍ത്ഥതയോടെ വളര്‍ത്തുന്ന അമ്മമാരുടെ മക്കള്‍ നിസ്വാര്ത്ഥരാവുകയില്ല.
മകന്റെ ജീവിതത്തില്‍ കൃത്രിമത്വം കാണിച്ചുകൊടുക്കുന്ന, തെറ്റ് ചെയ്യാന്‍ മകനെ പ്രേരിപ്പിക്കുന്ന ആദ്യ അമ്മ പഴയനിയമത്തിലെ റബേക്കയാണ് എന്ന് തോന്നുന്നു. പുത്രവാത്സല്യത്തിന്റെ തിമിരമാണ് റബേക്കയെ അതിന് പ്രേരിപ്പിക്കുന്നത്. യാക്കോബിനോടുള്ള സ്നേഹം, ആ ശാപം എന്റെ മേലായിരിക്കട്ടെ( ഉല്പത്തി 27:13) എന്ന് പറയാന്‍ പോലുമുള്ള വഴിതെറ്റലിലേക്ക് അവളെനയിക്കുന്നു. അമ്മയുടെ വാക്കാണ് കപടവേഷം കെട്ടി പിതാവിനെ കബളിപ്പിക്കുവാനും സഹോദരന് ഏസാവിനെ ചതിക്കുവാനും യാക്കോബിനെ പ്രേരിപ്പിക്കുന്നത്. സഹോദരനെ ചതിച്ചവന് ചതിക്കപ്പെട്ടതിന്റെ വിവരണം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാവുന്നുണ്ട്… അത് വേറെ കാര്യം.
അച്ഛനെക്കാളേറെ മക്കളെ സ്വാധീനിക്കാന്‍ കഴിയുന്നത് അമ്മമാര്‍ക്കാണ്. അമ്മയുടെ വികാരവിചാരങ്ങള്‍ അറിഞ്ഞാണ് ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നത്. അമ്മയുടെ ചിന്തയുടെ സ്വാധീനം കുഞ്ഞിന്റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുമെന്ന പഠനങ്ങള്‍ ഇന്ന് ശക്തമാണല്ലോ. അതുകൊണ്ടാണ് ഗര്‍ഭകാലത്ത് അമ്മയുടെ മനസ്സിന്റെ സ്വച്ഛതയും നന്മയും പ്രധാനപ്പെട്ടതായി ഇന്ന് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് അമ്മ നന്നായാല്‍ എല്ലാമായെന്നും അമ്മ മോശമായാല്‍ മറ്റെല്ലാം നന്നായിട്ടും കാര്യമില്ലെന്നും പറയേണ്ടിവരുന്നതും.
വൊക്കേഷന്‍ പ്രമോട്ടര്‍ ആയി സേവനം ചെയ്ത ഒരു ധ്യാനഗുരു പറഞ്ഞ ഒരു സംഭവം ഓര്‍മ്മ വരുന്നു. രണ്ട് അര്ത്ഥികള്. അവരില്‍ ഒരാളുടെ അമ്മ നല്ലവളും അപ്പന് ചീത്തയുമാണ്. മറ്റേ ആളുടെ അപ്പന് വളരെ നല്ലവനും അമ്മ ചീത്ത സ്ത്രീയുമാണ്. ഇവരില്‍ ആര്‍ക്കാണ് സെലക്ഷന് കൊടുക്കുക. അതായിരുന്നു ചോദ്യം.
അച്ചന് പറഞ്ഞ ഉത്തരം ഇങ്ങനെയാണ്. അമ്മ നല്ലവളും അപ്പന് ചീത്തയാതുമായ ആള്‍ക്ക് മാത്രമേ സെലക്ഷന് കൊടുക്കുകയുള്ളൂ. കാരണം അമ്മയാണ് ഒരു കുട്ടിയുടെ സ്വഭാവരൂപവല്ക്കരണത്തില് പ്രധാനപങ്കുവഹിക്കുന്നത്. അമ്മ നല്ലതായിരിക്കെ മക്കള്‍ എന്നേയ്ക്കുമായി വഴിതെറ്റിപ്പോയ ഏതെങ്കിലും ഒരു കുടുംബത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? മക്കള്‍ വഴിതെറ്റിയിട്ടുണ്ടാവാം… പക്ഷേ അവര്‍ തിരിച്ചുവന്നിട്ടില്ലേ? വിശുദ്ധ മോനിക്കയും അഗസ്റ്റ്യനും മാത്രമല്ല ഉദാഹരണങ്ങള്‍…സാധാരണവല്‍ക്കരിച്ച എത്രയോ ഉദാഹരണങ്ങള്‍ വേറെയും നമ്മുടെയിടയിലുണ്ട്! എന്നാല്‍ അമ്മ വഴിപിഴച്ചുപോയോ പിന്നെ മക്കളെ രക്ഷിച്ചെടുക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.
കഴിഞ്ഞ തലമുറയിലെ അമ്മമാര്‍ക്ക് മക്കളെ ശിക്ഷിക്കാന്‍ ധൈര്യമുണ്ടായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ആ ധൈര്യമില്ലെന്നും പറയേണ്ടിയിരിക്കുന്നു. അമിതമായ പുത്രവാത്സല്യവും മക്കളുടെഎണ്ണത്തിലുള്ള കുറവും പത്രത്താളുകളില്‍ നിറയുന്ന, നിസ്സാരകാര്യങ്ങളുടെ പേരില്‍ പോലുമുള്ള ആത്മഹത്യയും ഒളിച്ചോട്ടവുമൊക്കെ മക്കളെ ശിക്ഷിക്കുന്നതില്‍ നിന്ന് അവരെ ഇന്ന് പിന്തിരിപ്പിക്കുന്നു.
കേരളത്തിലെ പ്രമാദമായ ഒരു കേസിന്റെ പ്രതികളിലൊരാളായി പരിഗണിക്കപ്പെട്ടുപോരുന്ന നടിയും നര്‍ത്തകിയുമായ വ്യക്തി പറഞ്ഞ ഒരു വാക്ക് അമ്മമാര്‍ക്കുള്ള ഓര്മ്മപ്പെടുത്തല്കൂടിയാണ്. കൂട്ടുപ്രതികളുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പില്‍ നിന്ന് കിട്ടിയ പണം എന്തുചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോഴാണെന്ന് തോന്നുന്നു ആ നടി ഇങ്ങനെ മറുപടി പറഞ്ഞത്: സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അമ്മയാണ്. അമ്മയ്ക്കേ അതറിയൂ.
തന്റെ മകള്‍ എങ്ങനെയെല്ലാമാണ് പണം സമ്പാദിക്കുന്നതെന്ന് ആ അമ്മയ്ക്ക് കൃത്യമായറിയാമായിരുന്നു. അഭിനയത്തില്‍ നിന്ന് ഇത്ര.. നൃത്തത്തില്‍ നിന്ന് ഇത്ര.. ഇതില്‍ രണ്ടിലും വരവ് വയ്ക്കാത്ത തുക അമ്മയുടെ ഒത്താശയോടും അനുവാദത്തോടും കൂടി തന്നെ മകള്‍ സമ്പാദിച്ചതാണെന്ന് വ്യക്തമാണല്ലോ. പണത്തോടുള്ള ആര്‍ത്തിമൂലം മകളെ ഏത് അധാര്മ്മികപ്രവര്ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അങ്ങനെ പണം സമ്പാദിക്കുവാനും അമ്മമാര്‍ തയ്യാറാവുമ്പോള്‍ അവരെ അമ്മേയെന്ന് വിളിക്കാന്‍ കഴിയുമോ? ആ സ്ത്രീയുടെ കൂടി ധനാര്‍ത്തിയാണ് ഇന്ന് ആ മകളെ അപമാനിതയും കുറ്റവാളിയും ആക്കിയിരിക്കുന്നത്.
തങ്ങളുടേതല്ലാത്ത, തന്റെ അറിവോടു കൂടിയല്ലാത്ത എന്തെങ്കിലും മക്കളുടെകൈയിലോ പോക്കറ്റിലോ കണ്ടാല്‍ അതെവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കാനും തെറ്റാണെങ്കില്‍ തിരുത്താനും അമ്മേ നിനക്ക് കഴിയുന്നുണ്ടോ? അതോ കിട്ടിയത്കിട്ടി , ഇനി കിട്ടുവാണെങ്കിലും പോരട്ടെ എന്ന് അലസമനോഭാവമാണോ നിനക്കുള്ളത്? എങ്കില്‍ വരും കാലങ്ങളില്മക്കള് വഴിതെറ്റുന്നതിനും അപമാനിതരരാകുന്നതിനും നീ സാക്ഷിയാകേണ്ടി വരും.
പീഡനക്കേസ് സംഭവങ്ങളെ അപഗ്രഥിക്കുമ്പോഴും മനസ്സിലാവും അവിടെയും പ്രതിസ്ഥാനത്ത് അമ്മമാരുണ്ട്. അമ്മയുടെകൂടി അനുവാദത്തോടും പിന്തുണയോടും കൂടിയുമാണ് അവിടെയെല്ലാം മകള്‍ പീഡിപ്പിക്കപ്പെട്ടത്.. മകള്‍ യഥാര്‍ത്ഥത്തില്‍ ആ അമ്മമാര്‍ക്ക് വെറും ചരക്ക് ആയിരുന്നു.
ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ കുഞ്ഞുപെണ്‍മക്കള്‍ അശ്ലീലമുദ്രകള്‍ കാണിക്കുകയും ആഭാസച്ചുവടുകള് വയ്ക്കുകയും ചെയ്യുന്നത് അഭിമാനത്തോടെ ആസ്വദിക്കുന്ന അമ്മമാരെ കണ്ടിട്ടില്ലേ? നിങ്ങള്‍ പെണ്മക്കളെ ധരിപ്പിക്കുന്ന വസ്ത്രം അത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ അടയാളമാണ്, പ്രദര്‍ശനമാണ്.. നിങ്ങള്‍ അവരിലൂടെ നിങ്ങളെത്തന്നെയാണ് പ്രദര്‍ശിപ്പിക്കുന്നത്..നിങ്ങളുടെ യൗവനത്തെ, നിങ്ങളുടെ ശരീരത്തിന്റെ ആസക്തികളെ..
മക്കളുടെ സ്വഭാവം കണ്ട് അമ്മമാരെ വിലയിരുത്താന്‍ കഴിയും എന്ന് പറയുന്നത് വെറുതെയല്ല. വളര്‍ത്തുദോഷം എന്ന് നമ്മുടെ നാട്ടിന്‍പ്പുറങ്ങളില്‍ പറയുന്ന ഒരു സംഭവമില്ലേ അതെത്രമാത്രം സത്യമാണ്. ചില കുഞ്ഞുങ്ങള്‍ പൊട്ടിത്തെറിക്കുകയും വലിച്ചെറിയുകയും ചീത്തവാക്കുകള്‍ ഉച്ചരിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ഉറവിടം എവിടെയാണ്.. വീടും അമ്മ നല്കിയ അഭ്യസനവും തന്നെ. വലിച്ചെറിയാന്‍ അമ്മ പ്രത്യേകമായി പഠിപ്പിക്കുന്നില്ലഎങ്കിലും അമ്മ കാണിച്ചിട്ടുള്ളത് ഒരു പേപ്പറില്‍ മഷിയെന്നപോലെ ആ കുഞ്ഞ് വലിച്ചെടുക്കുന്നുണ്ട്.
ചാറ്റിംങിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഒന്ന് കാണുകപോലും ചെയ്യാതെ പരസ്പരം അനുരക്തരായി ഭര്‍ത്താവിനെയും കുഞ്ഞിനെയും വിട്ടെറിഞ്ഞ് കാമുകനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന കുടുംബിനികള്‍, അമ്മമാര്‍ ഇന്ന് വാര്‍ത്തപോലും അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. കാമുകനൊപ്പം ജീവിക്കാനായി സ്വന്തംമക്കളെപോലും അവര്‍ തന്റെ മക്കളല്ലെന്ന് കോടതിയില്‍ തള്ളിപ്പറഞ്ഞ ഒരമ്മയെക്കുറിച്ച് വായിച്ചപ്പോഴുണ്ടായ ഞടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. നാളെ ആ മക്കള്‍ക്ക് അമ്മയെന്ന സങ്കല്പം കാഞ്ഞിരക്കുരു പോലെ കയ്ച്ചുപോയെങ്കില് അതിനവരെ കുറ്റം പറയാന്‍ കഴിയുമോ?അവരുടെ പ്രകാശത്തിന്റെ വാതിലല്ലേ ആ അമ്മ എന്നേയ്ക്കുമായി അടച്ചുകളഞ്ഞത്?
മക്കള്‍ എത്രവളര്‍ന്നാലും അമ്മ എത്രവൃദ്ധയായെങ്കിലും അമ്മയ്ക്ക് നല്കാന് കഴിയുന്ന സ്നേഹം, ആശ്വാസം അതെത്ര വലുതാണെന്നോ? ഭാര്യയും കുഞ്ഞും ഉണ്ടായെങ്കിലും ചില നേരങ്ങളില്എനിക്ക് അമ്മയുടെ മടിയില്‍ ചെന്നിരിക്കാനും അല്ലെങ്കില്‍ അവിടെ ശിരസ്ചേര്ന്നിരിക്കാനും കൊതിയാവാറുണ്ട്.. അമ്മയ്ക്ക് മാത്രം നല്കാന് കഴിയുന്ന സ്നേഹവും സുരക്ഷിതത്വവുമാണത്. ദേഷ്യം അഭിനയിച്ചുകൊണ്ടും അതാസ്വദിച്ചുകൊണ്ടും അപ്പോഴൊക്കെ അമ്മ എന്നോട് പറയും ഈ ചെറുക്കന് ഒരു നാണവുമില്ല കണ്ടില്ലേ വന്ന് കിടക്കുന്നത്. എന്നിട്ട് എന്റെ മകനെ വിളിച്ച് കാണിച്ചുകൊടുക്കും.
മോനേ കണ്ടില്ലേടാ നിന്റെ അപ്പ വന്ന് അമ്മച്ചീടെ മടീ കെടക്കുന്നത്..
അമ്മയെന്നത്യാഗത്തിന്റെ വലുപ്പമാണ് നമ്മുടെ ഓരോ ഉയര്‍ച്ചയുടെയും അടിസ്ഥാനം. അമ്മയുടെ ത്യാഗത്തിന്,സ്നേഹത്തിന്, കരുതലിന് കുറവ് സംഭവിക്കുമ്പോള്‍.. അവിടെ ഒരു ദുരന്തത്തിന്റെ ആരംഭം കുറിക്കുകയാണ്.
അമ്മേ, നീ കരുതലുള്ളവളാകണം.. നീ ദയയുള്ളവളാകണം.. മൂല്യബോധമുള്ളവളാകണം..നിന്റെ ധാര്‍മ്മികതയാണ് വരുംതലമുറയുടെ പാഠപുസ്തകം. അതുതന്നെയാണ് അവരുടെ ജീവിതവിജയവും…നീ വ്യതിചലിക്കരുത്.. നിനക്ക് വഴിതെറ്റരുത്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ സംസ്കാരമില്ല.ഭാവിയില്ല…നിനക്ക് ഞങ്ങളുടെ ആശംസകള്‍.. ഒപ്പം പ്രാര്‍ത്ഥനകളും.
അമ്മമാര്‍ക്ക് വഴിതെറ്റുമ്പോള്‍, അവര്‍ ചെന്നിരിക്കേണ്ട ഒരുപാഠശാലയാണ് പരിശുദ്ധ കന്യാമറിയം എന്നുകൂടി ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. ആ അമ്മയെ ഇടയ്ക്കെങ്കിലും ധ്യാനിക്കുക. അവളുടെ ജീവിതവഴികളിലൂടെ നടക്കാന്‍ ശ്രമിക്കുക. മക്കള്‍ നല്ലവരാകും. തീര്‍ച്ച.
വിനായക് നിര്‍മ്മല്‍