കോക്കാച്ചി

0

നിങ്ങളെന്തിനു ഭയപ്പെടുന്നു? (മത്താ 8:26)

“വേം കെടന്നൊറങ്ങിക്കോ. അല്ലെങ്കീ കോക്കാച്ചി പിടിച്ചോണ്ടോവും”

സ്വരവും മുഖവും തിരിച്ചറിയുന്നതിനുമുമ്പേ നാമെല്ലാം മനസ്സിൽ പതിച്ചുവാങ്ങിയത് ഈ കോക്കാച്ചിയെയാണ്. അതുകൊണ്ടാകാം എത്ര വളർന്നാലും,  മണിച്ചിത്രതാഴിട്ട അറയിൽ ആരൊക്കെ കൂട്ടിരുന്നാലും രാത്രിയിലെപ്പോഴോ ഒരു കോക്കാച്ചി ഭയം ആരോടും ചോദിക്കാതെ മനസ്സിൻ്റെ ഉള്ളറ തള്ളിത്തുറന്ന് ഓടിക്കയറിവരുന്നത്. കോക്കാച്ചിയെ പേടിക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഇന്നുവരെ കോക്കാച്ചിയെ കാണാൻ നമുക്കാർക്കും ഭാഗ്യമുണ്ടായില്ല. എന്നിട്ടും നമ്മൾ ആവേശത്തോടെ ശബ്ദംതാഴ്ത്തി, മുഖത്ത് ഭയം ജനിപ്പിച്ച് അടുത്ത തലമുറയോട് ആവർത്തിക്കുന്നു – “വേം കെടന്നൊറങ്ങിക്കോ. അല്ലെങ്കീ കോക്കാച്ചി പിടിച്ചോണ്ടോവും”.

മനുഷ്യൻ ഭയപ്പെടുന്നത് രണ്ടു സത്യങ്ങളെയാണ്- (1) നാളെ എനിക്കെന്തു സംഭവിക്കും? (2) നാളെ അപരനെന്തുസംഭവിക്കും? ജീവിതം മുഴുവൻ ഈ ചോദ്യങ്ങൾക്കു പിന്നാലെ പാഞ്ഞു,അലഞ്ഞു, തളർന്ന് അവസാനം ചിരിക്കാൻ മറന്ന്, ഭൂമിയിൽ നിന്ന് അപ്രത്യക്ഷനാകുന്ന ഒരു പാവം ജന്മം. ചില മനുഷ്യർ ജീവിക്കുന്നതുപോലും ചില പേടികളുടെ പിന്നാലെ അലയാനാണെന്നു തോന്നിയിട്ടുണ്ട്. കർത്താവ് വേദപുസ്തകത്തിൽ, പഴയ നിയമത്തിലും പുതിയ നിയമത്തിലും മത്സരിച്ചു പറയുന്ന ഒരു വാക്യമുണ്ട് – ‘ഭയപ്പെടേണ്ട”. ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍! (മത്തായി 6 : 26).

സ്നേഹത്തിൻ്റെ വിപരീതപദം വിദ്വേഷമല്ല, ഭയമാണെന്ന് എനിക്ക് തോന്നുന്നു. സ്നേഹമുള്ളിടത്ത് ഭയമോ, ഭയമുള്ളിടത്ത് സ്നേഹമോ ഉണ്ടാകുന്നില്ലല്ലോ. നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കിടയിൽ എരിഞ്ഞു  തീരേണ്ടതല്ല നിൻ്റെ ജീവിതം. ഇതുവരെ നീ കടന്നുപോയ വഴികളിൽ നിന്നെ കാത്തവൻ ഇനിയും നിന്നെ താങ്ങുവാൻ കഴിവുള്ളവനാണ്. അവൻ നിൻ്റെ ഇന്നലെകളിലും ഇന്നിലും നാളെയിലും പ്രവർത്തിക്കാൻ കഴിവുള്ളവനാണ്.

ഏകമകനെ ബലി നൽകാനായി ദൈവം അബ്രാഹത്തിനോട് ആവശ്യപ്പെട്ടപ്പോൾ അവൻ ഭയപ്പെട്ടത് ഓർമ്മയുണ്ടോ? ആ രാത്രിയിൽ അവൻ ഉറങ്ങിയിട്ടുണ്ടാകുമോ? മരുഭൂമിയിൽ വച്ച്, തൻ്റെ കുഞ്ഞിന് ഒരുതുള്ളി ദാഹജലം മരിക്കുന്നതിനുമുന്പ് കൊടുക്കാൻ കഴിയാതെ നിലവിളിച്ച ഹാഗാറിനെ ഓർമ്മയുണ്ടോ? ഗോലിയാത്തിനുനേരെ കല്ലും കവണയുമായിപ്പോയ ദാവീദിനെ ഓർമ്മയുണ്ടോ? തെറ്റായി കുറ്റമാരോപിക്കപ്പെട്ടപ്പോളും യഹോവയോട്‌ കരഞ്ഞു  പ്രാർത്ഥിച്ച സൂസന്നയെ ഓർമ്മയുണ്ടോ? ഇവരുടെ ഭയമെല്ലാം ഇല്ലാതാക്കിയവന് നിന്നെയും ആശ്വസിപ്പിക്കാൻ സാധിക്കും. ഭയം വേണ്ട.

ശുഭരാത്രി

Fr Sijo Kannampuzha OM