അമ്മയില്ലാത്തവരുടെ അമ്മ

0

കുറെ നാളുകള്‍ക്ക് മുമ്പ് ഒരു അപ്പനെയും മക്കളെയും കണ്ടുമുട്ടാനിടയായി. നല്ല മിടുക്കരായ മൂന്ന് ആണ്‍മക്കള്‍. പരിചയപ്പെട്ട് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു ഭാര്യ മരിച്ചുപോയി, ഇളയ കുട്ടിയെ പ്രസവിച്ചതോടെ.. അറിയാതെ ഉള്ളില്‍ സങ്കടം നിറഞ്ഞു. ഭാര്യ മരിച്ചുപോയ ഭര്‍ത്താവ് എന്നതിനെക്കാള്‍ മൂന്ന് കുട്ടികള്‍ക്ക് അമ്മയില്ലാതെ പോയല്ലോ എന്നോര്‍ത്തായിരുന്നു സങ്കടം.

അയാളെങ്ങനെയാണ് ഈ മൂന്നു മക്കളെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടുവന്നതെന്നും അവര്‍ക്ക് ഭക്ഷണം പാചകം ചെയ്തുകൊടുത്തതെന്നും സ്‌കൂളില്‍ അയച്ചതെന്നുമൊക്കെ വെറുതെ ഓര്‍ത്തുപോയി. എത്ര മാത്രം കഷ്ടപ്പാടുകള്‍ അയാള്‍ അനുഭവിച്ചിട്ടുണ്ടാകണം. ഒരു സ്ത്രീ വീട്ടില്‍ ഇല്ലാതാകുമ്പോള്‍ ആ വിടവ് എന്തൊരു കനത്ത ആഘാതമാകും അവിടെയുള്ളവര്‍ക്ക് സമ്മാനിക്കുന്നത്!

സത്യത്തില്‍ അച്ഛനില്ലാതെ വളര്‍ന്നു വരുന്ന മക്കളെക്കാള്‍ എന്നെ എന്നും സങ്കടപ്പെടുത്തുന്നത് അമ്മയില്ലാതെ വളരേണ്ടിവരുന്ന മക്കളാണ്. എത്ര ശൂന്യതകളും എത്ര വിടവുകളുമാണ് അവര്‍ക്ക് പില്ക്കാലജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്നത്!

സ്വര്‍ഗ്ഗത്തിലും ഭൂമിയിലും എനിക്കൊരു അമ്മയുണ്ട് എന്നത് എന്റെ വലിയ സന്തോഷങ്ങളുടെ ഒരു ഭാഗമാണ്. സ്വര്‍ഗ്ഗത്തില്‍ പരിശുദ്ധ അമ്മ.. ഭൂമിയില്‍ എന്നെ പ്രസവിച്ചുവളര്‍ത്തിയ അമ്മ. കത്തോലിക്കരായ എല്ലാവരുടെയും സ്വകാര്യ അഹങ്കാരവും അഭിമാനവും ആവേണ്ടതാണ് നമുക്ക് മേരി എന്നൊരു അമ്മയെ ലഭിച്ചിരിക്കുന്നു എന്നത്.

ഭൂമിയിലെ അമ്മമാര്‍ സൃ,ഷ്ടിക്കുന്ന വിടവുകളും അവര്‍ നല്കുന്ന ആഘാതങ്ങളുമൊക്കെ പരിഹരിച്ചുതരാന്‍ സ്വര്‍ഗ്ഗത്തിലെ അമ്മയ്ക്ക് കഴിയുന്നുണ്ട് എന്നതാണ് അവളെ സര്‍വ്വജനപദങ്ങളുടെയും നാഥയാക്കി മാറ്റുന്നത്.

ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ ദിവംഗതനായ മാര്‍ ജെയിംസ് പഴയാറ്റിലിന് ചെറുപ്രായത്തിലേ അമ്മ നഷ്ടപ്പെട്ടതാണ്. അമ്മയെ നഷ്ടപ്പെട്ട ആ കുഞ്ഞിന് പിന്നീട് അമ്മയായി മാറിയത് പരിശുദ്ധ അമ്മയായിരുന്നു എന്ന് ജീവചരിത്രം പറയുന്നുണ്ട്.

ഓരോ അമ്മമാരുടെയും പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം മക്കളുടെ കുറവുകള്‍ പരിഹരിക്കുക എന്നതാണ്. അമ്മയെന്ന വാക്കിന് കുറവുകള്‍ പരിഹരിക്കുന്നവള്‍ എന്നുകൂടി അര്‍ത്ഥം കല്പിക്കാമെന്ന് തോന്നുന്നു. മക്കളുടെ കുറവുകള്‍ ആദ്യം മനസ്സിലാക്കുന്നതും അവരുടെ പ്രശ്‌നങ്ങള്‍ ആദ്യം മനസ്സിലാക്കുന്നതും അമ്മമാരാണ്.

അല്ലെങ്കില്‍ നോക്കൂ മകളുടെ സ്വഭാവമാറ്റങ്ങള്‍, അവളുടെ പ്രണയം, മകന്റെ ചീത്ത കൂട്ടുകെട്ട്, പഠനത്തില്‍ അവരുടെ അശ്രദ്ധ എല്ലാം ആദ്യം മനസ്സിലാക്കുന്നത് അമ്മമാരല്ലേ?. മാറിയ സാഹചര്യത്തില്‍ അതിന് മാറ്റം വന്നിട്ടുണ്ടോയെന്ന് അറിയില്ല. എങ്കിലും കഴിഞ്ഞ തലമുറയിലെ ഉദ്യോഗസ്ഥകളല്ലാത്ത അമ്മമാര്‍ക്ക് വീടും മക്കളും എന്നതില്‍ കവിഞ്ഞ് മറ്റൊരു ലോകം ഇല്ലാതിരുന്ന സാഹചര്യത്തില്‍ അത് അങ്ങനെ തന്നെയായിരുന്നു.

കുറവുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് അവള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനാവില്ല. അമ്മയെന്ന നിലയില്‍ അ,തവളുടെ കടമയാണ്. സ്വന്തം വീടകങ്ങളിലെ തന്നെ ഉദാഹരണമെടുക്കൂ. മക്കളുടെ മേല്പ്പറഞ്ഞ കുറവുകള്‍ അവള്‍ കുട്ടികളുടെ അപ്പനുമായി പങ്കുവയ്ക്കുന്നു. അപ്പന്‍ വിവേചനാ ശീലമില്ലാത്തവനാണെങ്കില്‍ പ്രണയത്തിന്റെ പേരില്‍ മകളെ അടിക്കുന്നു. മകന്റെ പുകവലിയോ മദ്യപാനമോ പോലെയുള്ള ശീലങ്ങളുടെ പേരില്‍ അവനെ വീടിന് പുറത്താക്കുന്നു.അങ്ങനെ പലതും ചെയ്യുമ്പോള്‍ ഇടയ്ക്ക് കയറിനില്ക്കുന്നതും തടസ്സം പറയുന്നതും ആരാണ് അമ്മ തന്നെ. മക്കള്‍ക്ക് കിട്ടേണ്ടത് ചിലപ്പോഴെങ്കിലും അമ്മയായിരിക്കും ഏറ്റുവാങ്ങുന്നത്.

കാനായിലെ കല്യാണവീട്ടില്‍ വിരുന്നുകാരിയായി എത്തിയ മറിയത്തിന്റെ കണ്ണില്‍ പെട്ടത് ആ വീടിന്റെ നിസ്സഹായതയാണ്. ചില വിരുന്നുകാര്‍ക്ക് മാത്രമേ വിരുന്നിന്റെ പിന്നിലെ സങ്കടങ്ങളും പ്രയാസങ്ങളും മനസ്സിലാവുകയുള്ളൂ. അത്തരക്കാരാണ് സ്റ്റേജില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്ത് സമ്മാനങ്ങള്‍ കൈമാറാത്തത്. അവര്‍ വിരുന്നുവീടിന്റെ ഏതെങ്കിലും ഒരു മൂലയിലേക്ക് വീട്ടുകാരനെ കൂട്ടിക്കൊണ്ടുപോയി കൈയിലുള്ളത് എന്താണെന്നുവച്ചാല്‍ അത് ആരും കാണാതെ കൈയില്‍ വച്ചുപിടിപ്പിക്കും. മറിയം കണ്ടെത്തിയത് കല്യാണവീടിന്റെ കുറവാണെന്ന് പലരും പറയാറുണ്ട്. പക്ഷേ അവള്‍ കണ്ടത് ആ വീടിന്റെ കുറവല്ല സങ്കടമായിരുന്നു എന്നാണ് എന്റെ വിശ്വാസം. മറിയം കണ്ടത് അവരുടെ നിസ്സഹായതയായിരുന്നു.

നിസ്സഹായതകളിലേക്ക് ഇറങ്ങിവരുന്നതും അതില്‍ പങ്കുചേരുന്നതുമാണ് സ്‌നേഹം. കണ്ണീരു തുടയ്ക്കാന്‍ കരം നീട്ടുന്നതും ഒപ്പമുണ്ട് എന്ന് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നതുമാണ് സ്‌നേഹം. കുറവുകള്‍ പരിഹരിക്കുമ്പോള്‍ അവിടെ ഇത്തിരിയെങ്കിലും മേല്‍ക്കോയ്മയുണ്ട്.

എന്നാല്‍ നിസ്സഹായതകളില്‍ പങ്കുചേരുമ്പോള്‍ താദാത്മീകരണമാണ് സംഭവിക്കുന്നത്. മറിയം കാനായിലെ വീടിന്റെ നിസ്സഹായതയില്‍ താദാത്മപ്പെടുകയായിരുന്നു. ലോകത്തിന്റെ മുഴുവന്‍ സങ്കടങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം തേടാനും മധ്യസ്ഥയായിത്തീരാനുമുള്ള മറിയത്തിന്റെ പ്രവേശകപീഠമായിരുന്നു കാനായിലെ കല്യാണവീട്. അത് ഉത്തരവാദിത്തവും കടമയുമായി അവളിലേക്ക് ഭരമേല്പിക്കപ്പെട്ടത് ക്രിസ്തുവിന്റെ കുരിശിന്‍ചുവട്ടില്‍ വച്ചായിരുന്നുവെന്ന് മാത്രം.

നമ്മുടെയെല്ലാം ജീവിതങ്ങളുടെ നിസ്സഹായതകള്‍ മറ്റാരെക്കാളും മറിയത്തിന് മനസ്സിലാവും. നാം പറയാതെ തന്നെ.എങ്കിലും മറിയം നമ്മുടെ കൂടെയുണ്ടായിരിക്കണം. മറിയത്തോടുള്ള സ്‌നേഹത്തില്‍ നിന്നാണ് അവളുടെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകുന്നത്. കാനായിലെ കല്യാണവീട്ടുകാര്‍ തങ്ങളുടെ വിഷമം മറിയത്തോട് പറഞ്ഞില്ല.

പക്ഷേ മറിയം അത് മനസ്സിലാക്കി. അതിന് കാരണം മറിയത്തെ അവര്‍ വിളിച്ചതുകൊണ്ടാണ്. മറിയത്തിന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നതുകൊണ്ടാണ്. മറിയത്തെ സ്‌നേഹിക്കാനും അവളുടെ സാന്നിധ്യം അനുഭവിക്കാനും കഴിയത്തക്കവിധത്തിലുള്ള ഒരു ആത്മീയത നമ്മില്‍ പ്രബലപ്പെടേണ്ടതുണ്ട്. നമ്മുടെ നിസ്സഹായതകളില്‍ മറിയം നമുക്ക് ആശ്വാസമേകുന്നത് അവളില്‍ തന്നെ എന്തെങ്കിലും പ്രത്യേക ശക്തിയുള്ളതുകൊണ്ടല്ല അവള്‍ ദൈവമകനായ തന്റെ പുത്രനോടാണ് അക്കാര്യം പറയുന്നത്. അവര്‍ക്ക് വീഞ്ഞില്ല. അല്ലെങ്കില്‍ അവരുടെ വീഞ്ഞ് തീര്‍ന്നുപോയിരിക്കുന്നു. അതാണ് കാര്യം.

കേള്‍ക്കുന്ന മാത്രയില്‍ മകനത് ഗൗരവത്തോടെ സ്വീകരിക്കണം എന്നില്ല. അതാണല്ലോ അവന്‍ ചോദിക്കുന്നത് അതിന് നിനക്കും എനിക്കും എന്താണ്.പക്ഷേ അവിടെ വിശദീകരണങ്ങള്‍ നല്കി സാഹചര്യത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താന്‍ മറിയം ശ്രമിക്കുന്നില്ല. മറിയത്തിനറിയാം തന്റെ ഒരുവാക്കില്‍ മകന് കാര്യങ്ങള്‍ മനസ്സിലാവുമെന്ന്.

മകനും അതറിയാം താന്‍ ഇടപെടേണ്ട കാര്യങ്ങളില്‍ മാത്രമേ അമ്മ തന്റെ സഹായം ചോദിക്കുകയുള്ളൂ എന്ന്. പക്ഷേ ഒരുകാര്യം ഉറപ്പുണ്ട്. അമ്മ ചോദിക്കുന്ന ഒരു കാര്യവും മകന്‍ തള്ളിക്കളയില്ല. മറിയം നമ്മുടെ പ്രാര്‍തഥനകളുടെയും നിസ്സഹായതകളുടെയും ബലമുള്ള കോട്ടയായി മാറിയിരിക്കുന്നത് ഇങ്ങനെയാണ്, ഇതുകൊണ്ടാണ്.

മറിയം നമ്മുടെ കൂടെയുണ്ടെങ്കില്‍ നാം കൈവരിക്കുന്ന ദൈവികാനുഗ്രഹങ്ങളുടെ സമൃദ്ധിയെക്കുറിച്ച് മനസ്സിലാക്കാന്‍ ബൈബിളിലെ തന്നെ ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നത് നല്ലതായിരിക്കും. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലേതാണത്. ശ്ലീഹന്മാര്‍ മറിയത്തിനൊപ്പം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ ഇടയിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവരുകയും പരിശുദ്ധാത്മസാന്നിധ്യം അവര്‍ക്ക് അനുഭവവേദ്യമാകുകയും ചെയ്തു എന്നതാണത്.

അതുവരെ ദുര്‍ബലരായിരുന്ന അപ്പസ്‌തോലന്മാര്‍ക്ക് പിന്നീട് സംഭവിക്കുന്ന പരിണാമം അ്ത്ഭുതപ്പെടുത്തുന്നതാണ്. മറിയത്തിന്റെ സാന്നിധ്യത്തില്‍ കൂടിയാണ് അവര്‍ക്ക് പരിശുദ്ധാത്മാവിനെ ലഭിക്കുന്നത്. മറിയം നമ്മുടെ കൂടെയുണ്ടെങ്കില്‍ലഭിക്കുന്ന വലിയ ദൈവാനുഗ്രഹത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം തന്നെ ഇത്.

ഏതൊരു പുരുഷന്റെയും ബലവും സ്വാധീനവും അവന്റെ സ്ത്രീയാണ്. സ്ത്രീകള്‍ക്ക് സഭയിലും സമൂഹത്തിലും ഉണ്ടാകേണ്ട സ്ഥാനമഹിമയെക്കുറിച്ച് നമ്മെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ മറിയത്തിന് ക്രിസ്തുവിന്റെ ജീവിതത്തിലുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് പാപ്പ ഇപ്രകാരം പറയുന്നത്.

തുടങ്ങിയ ഭാഗത്തേക്ക് തന്നെ നമുക്ക് മടങ്ങിപ്പോകാം. അമ്മയില്ലാത്ത വീട് ജീവിതത്തിലെ ഏറ്റവും വലിയ ശൂന്യത തന്നെയാണ്. ഏതുപാതിരാത്രിയിലും വീട്ടുവാതില്ക്കല്‍ മുട്ടിവിളിക്കുമ്പോള്‍ ഏഴുതിരിയിട്ട നിലവിളക്ക് പോല്‍ അമ്മ വന്ന് വാതില്‍തുറന്ന് തരണമെന്ന് ആഗ്രഹിക്കാത്ത ഒരു മക്കളും ഉണ്ടാവില്ല ഈ ഉലകില്‍. കാരണം അമ്മയുടെ സാന്നിധ്യം അങ്ങനെയാണ്.

ഇഹലോകത്തിലെ മാനുഷികമായ എല്ലാ പരിമിതികളും കുറവുകളുമുള്ള സാധാരണക്കാരിയായ ഒരമ്മയില്‍ പോലും നാം അത്രമേല്‍ ആശ്രയത്വവും സങ്കേതവും സന്തോഷവും കണ്ടെത്തുന്നുവെങ്കില്‍ പരലോകത്തിന്റെ പോലും നാഥയായ മറിയത്തിന് നമുക്ക് നല്കാന്‍കഴിയുന്ന ആശ്വാസം എത്രയോ അധികമായിരിക്കും! അമ്മയുടെ സ്‌നേഹം അനുഭവിച്ചിട്ട് അമ്മയില്ലാത്ത വീട്ടിലേക്ക് ഒരുനേരമെങ്കിലും കടന്നുചെല്ലേണ്ടിവരുമ്പോള്‍ അനുഭവിക്കുന്ന കനത്ത ഭാരം വലുതാണെങ്കില്‍ പരിശുദ്ധ മറിയത്തെകൂടാതെയുള്ള നമ്മുടെ ആത്മീയജീവിതത്തിന്റെ ശൂ്‌ന്യതയും ബലഹീനതയും അതേല്പിക്കുന്ന ആഘാതവും എത്രയോ അധികമായിരിക്കും. !

അതുകൊണ്ട് മറിയത്തെ എപ്പോഴും കൂടെ വിളിക്കുക. മറിയത്തെ സ്‌നേഹിക്കുക. അവളല്ലാതെ മറ്റാരാണ് നമുക്ക് നിത്യസഹായമായിട്ടുള്ളത്?

പക്ഷേ ഒരു കാര്യമുണ്ട് മറിയം നമ്മോട് പറയുന്നത് നാം കേള്‍ക്കണം. അത് മറ്റൊന്നുമല്ല അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നാണ്. അതാണ് മറിയം നമ്മോട് പറയുന്നത്.

ക്രിസ്തു പറയുന്നതുപോലെ ചെയ്യുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും പ്രഥമവും പ്രധാനവുമായ കടമ. അത് മറ്റൊന്നുമാണെന്ന് എനിക്ക് തോന്നുന്നില്ല. നിന്നെപോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നതാണ്. അവന്റെ സങ്കടങ്ങളില്‍ പങ്കുചേരുകയും അവനെ തന്നാലാവുന്നവിധം സഹായിക്കുകയുമാണ്. മറിയം ചെയ്തത് അതായിരുന്നുവല്ലോ.. ക്രിസ്തു ചെയ്തതും അതുതന്നെയായിരുന്നുവല്ലോ..

അപ്പോള്‍ നമുക്ക് മാത്രമെവിടെയാണ് അതിന് ഒഴികഴിവ് കിട്ടുന്നത്?

വിനായക് നിര്‍മ്മല്‍