എന്റെ എഴുത്തിനെ ക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുതിതുടങ്ങിയ ആളാണ്. വേനലവധിക്കാലത്തായിരുന്നു തുടക്കം. അന്നത്തെ നോട്ബുക്കില് എഴുതാതെ ബാക്കിവന്ന പേപ്പറുകള്‍ കീറിയെടുത്ത് തുന്നിക്കെട്ടി അതിലായിരുന്നു എഴുത്തുപരീക്ഷണങ്ങള്‍. ആരെയും കാണിക്കുകയൊന്നുമില്ല. കട്ടിലില്‍ കമിഴ്ന്ന് കിടന്നാണ് അന്ന് എഴുത്ത്. ഓര്‍ക്കുമ്പോള്‍ ഇന്ന് അത്ഭുതം തോന്നും നോവലായിരുന്നു ആദ്യത്തെ എഴുത്ത്. ഒരുപേജിലൊക്കെ ഒതുക്കാവുന്ന വിധത്തിലുള്ള അധ്യായങ്ങള്‍. ഇവന് എന്താണ് എഴുതുന്നതെന്ന ചേട്ടന്റെയും പെങ്ങളുടെയും അന്വേഷണമാണ് ഞാന്‍ കഥയാണ് എഴുതുന്നത് സത്യം വെളിപെടുത്തിയത്. പക്ഷേ വീട്ടില്‍ അന്ന് അതെല്ലാവര്‍ക്കും കളിയാക്കലിനുളള കാരണമായിരുന്നു. കണ്ടില്ലേ എഴുതിവച്ചിരിക്കുന്നത് പ്രേമക്കഥകള്‍. വെറുതെ പേപ്പറും മഷിയും കളയാന്‍. ഇങ്ങനെയൊക്കെ പോയി അവരുടെ പ്രതികരണങ്ങള്‍. അതുകൊണ്ട് വീട്ടുകാരുടെ കണ്ണെത്താത്ത വിധത്തിലായി പിന്നീടുള്ള എഴുത്തുകള്‍. എഴുത്തിനെ പ്രതി വീട്ടുകാര്‍ അന്നൊന്നും അഭിമാനിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല. അന്ന് അതിന്റെ പേരില്‍ അവരോട് മനസില്‍ സങ്കടമൊക്കെ തോന്നിയിരുന്നു. പക്ഷേ പന്നീട് മനസ്സിലായി അതവരുടെ കുറവല്ല. അവര്‍ക്കതിനുള്ള കഴിവേയുള്ളൂ. അല്ലെങ്കില്‍ അവര്‍ ചിന്തിക്കുന്നത് മറ്റൊരുരീതിയിലാണ്. ഒരുപക്ഷേ അന്നുമുതല്ക്കേ പ്രോത്സാഹനം കിട്ടിയിരുന്നുവെങ്കില്‍ രണ്ടു സാധ്യതകളുണ്ടാവുമായിരുന്നു. ഒന്ന് എവിടെ നിന്നെങ്കിലും വിമര്‍്ശനങ്ങള്‍ കേട്ടാല്‍ ഞാന്‍ തളര്‍ന്നുപോകുമായിരുന്നു. കാരണം നമ്മള് എഴുതുന്നത് എല്ലാവര്ക്കും ഇഷ്ടമാകണമെന്നില്ല, എല്ലായ്പ്പോഴും നല്ലതാകണം എന്നുമില്ല. അപ്പോള്‍ ആരെങ്കിലുമൊക്കെ കുറ്റംപറയും മോശം പറയും. അപ്പോള്‍ നമുക്ക് സങ്കടം വരും. നിരാശ വരും.പിന്നെ നമ്മുടെ എഴുത്ത് മുരടിച്ചുപോകും. ഇനി വേറൊരു സാധ്യത നമ്മള് ഭയങ്കര അഹങ്കാരികളായി മാറും എന്നതാണ്. ചെറുപ്പംമുതല്ക്കേ പ്രശംസകളും ട്രോഫികളും ഒക്കെ വാരിക്കൂട്ടിവരുന്ന കുട്ടികള്‍ക്ക് എവിടെയെങ്കിലും പരാജയമുണ്ടായിപ്പോയാല് അവര്‍ ആകെ തകര്്ന്നുപോകും. ഡിപ്രസഡാകും. അവരെ പിന്നെ അവിടെ നിന്ന് കരകയറ്റാന്‍ ബുദ്ധിമുട്ടുണ്ടാകും. ഞാന്‍ എന്നെത്തന്നെ വിലയിരുത്തുന്നത ഒരാള്‍ എന്റെ എഴുത്തിനെക്കുറിച്ച് മോശം പറഞ്ഞാലും നല്ലതു പറഞ്ഞാലും ബാലന്‍സ് ചെയ്ത് നില്ക്കാന് കഴിയും എന്നാണ്. അതൊരു ആത്മപ്രശംസയാണോയെന്ന് അറിയില്ലെങ്കിലും.
അതെന്തുമാകട്ടെ എനിക്കൊരു സ്വപ്നമേ ഉണ്ടായിരുന്നുളളൂ. എഴുത്ത് എന്ന സ്വപ്നം. ഒരു കഥ പോലും പ്രസിദ്ധീകരിക്കാതിരുന്നപ്പോഴും അയച്ചുകൊടുത്ത കഥകള്‍ എല്ലാം അതിവേഗത്തില്‍ തിരിച്ചുവന്നപ്പോഴും ജോലി ചെയ്തിരുന്ന ചിലസ്ഥാപനങ്ങളില്‍ നിന്ന് ഒട്ടും പ്രോത്സാഹനജനകമല്ലാത്ത ഇടപെടലുകള്‍ ഉണ്ടായപ്പോഴും ഞാന്‍ സ്വപ്നം കണ്ടത് എഴുത്തിനെ മാത്രമായിരുന്നു. എന്തോ എഴുത്തുകൊണ്ട് ജീവിക്കാന്‍ കഴിയും എന്നൊരു വിശ്വാസം ചെറുപ്പം മുതല്‍ക്കേയുണ്ടായിരുന്നു. ഒപ്പം പഠിച്ചവരൊക്കെ ഓരോരോ പ്രഫഷനല്‍ കോഴ്സുകള്‍ ചെയ്തും വളരെ പ്ലാന്‍ ചെയ്തുമൊക്കെ ജീവിതം കെട്ടിപ്പടുത്തപ്പോള്‍ താരതമ്യേന യാതൊരു ഉറപ്പുമില്ലാത്ത എഴുത്തിന്റെ മേഖലയിേക്കാണ് ഞാന്‍ തിരിഞ്ഞത്. ഒരുപക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ജോലി അതുമാത്രമേയുള്ളൂ എന്ന തിരിച്ചറിവുകൊണ്ടായിരിക്കാം അത്. മാസം ലക്ഷം രൂപ ശമ്പളമായി കിട്ടുന്ന മറ്റേതെങ്കിലും ജോലി തരാമെന്ന് പറഞ്ഞാലും മാസം ആയിരം രൂപ കിട്ടുന്ന എഴുത്തുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ജോലിയേ ഞാന്‍ ചെയ്യുമായിരുന്നുള്ളൂ. കാരണം എനിക്കറിയാവുന്നതാണ് ഞാന്‍ ചെയ്യുന്നത്. എഴുത്ത് എനിക്ക് എന്നും സൗഭാഗ്യങ്ങളേ നല്‍കിയിട്ടുള്ളൂ. എനിക്ക് തന്നതെല്ലാം എഴുത്താണ്. എഴുത്ത് എന്റെ എല്ലാമാണ്. ഒരുപാട് സ്നേഹം,ഒരുപാടു പേരുടെ പ്രാര്‍ത്ഥനകള്‍. മാസത്തില്‍ അഞ്ചോ ആറോ പേരുടെയെങ്കിലും ഈമെയിലുകളോ ഫോണുകളോ എനിക്ക് ഇന്നും ലഭിക്കുന്നു. ഏതെങ്കിലുമൊക്കെ വായിച്ചിട്ടുള്ള സ്നേഹങ്ങളുടെ പേരിലാണത്. ഇപ്പോള്‍ നിങ്ങളോട് ഞാന്‍ സംസാരിക്കുന്നതുപോലും എഴുത്ത് എനിക്ക് നല്കിയ സൗജന്യത്തിന്റെ പേരിലാണ്. ഇതൊന്നും എന്റെ കഴിവല്ല. മഹത്തായ ഏതോ സൃഷ്ടികര്‍മ്മത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍
വിനായക് നിര്‍മ്മല്‍