ഒരിക്കൽ കുരിശിൽ നോക്കി ഇരിക്കവേ ക്രിസ്തുവിന്റെ കൈകളിലും, കാലുകളിലും തറച്ചിരിക്കുന്ന അണികളിലും ദൃഷ്ടി പതിഞ്ഞു. പലതവണ കണ്ടു പരിചയം ഉള്ള കുരിശു രൂപം ആയിരുന്നു അത്.
എങ്കിലും ഈ തവണ എന്തോ ഒരു വ്യത്യസ്തത അതിൽ തെളിഞ്ഞു വരും പോലെ… ക്രിസ്തുവിന്റെ തിരുമുറിവുകളെ പലതവണ ധ്യാനിച്ചിട്ടുണ്ട്. എങ്കിലും അവന്റെ കൈകാലുകളിലെ ആണിയെ പറ്റി ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് വ്യത്യസ്തത തോന്നി എന്ന് കുറിച്ചത്.
ഈ ചെറിയ വസ്തു കുരിശിൽ വലിയ പ്രാധാന്യം പങ്കു വഹിച്ചു എന്നു പറഞ്ഞാൽ അതിൽ തെറ്റില്ല എന്നു തോന്നുന്നു. അവന്റെ കൈ കാലുകൾ ആണിപഴുതുകളിലേക്ക് വലിച്ചു നീട്ടി, അവന്റെ കൈകാലുകളിൽ അവർ ആണി തറച്ചു, അവന്റെ ശരീരം മൂന്നു ആണികളിൽ ഭൂമിക്കും ആകാശത്തിനും ഇടയിൽ തൂങ്ങി കിടന്നു.
വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകൾ മറച്ചു നോക്കിയപ്പോഴും ഇവക്കു വലിയ പ്ര സക്തി ഒന്നും കണ്ടില്ല. ദൈവശാസ്ത്ര പരമായി ഈ വസ്തുതക്കു എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നത് ഇതു കുറിക്കുമ്പോൾ എന്നിൽ ആശങ്ക പടർത്തുന്നുണ്ട്. പക്ഷേ സത്യത്തില്‍ ഈ ആണികള്‍ക്ക് ക്രിസ്തുവിന്റെ കുരിശുമരണത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒരു പങ്കുണ്ട്.
ആ ആണികൾ കണക്കെ ഇന്ന് പല ജീവിതങ്ങളും വിസ്മരിക്കപ്പെടുന്നു എന്നുള്ളതാണു ഇതു കുറിക്കാൻ പ്രേരണ. ലോകത്തിന്റെ നെറുകയിൽ പല നേട്ടങ്ങളും ചാർത്തികൊടുത്തവർ ഇന്ന് ചരിത്ര താളുകളിൽ അപ്രത്യക്ഷരരാണ്, അല്ലെങ്കിൽ അവരെ അപ്രത്യക്ഷമാക്കിയത് ആണോ എന്നും അറിയില്ല. എങ്കിലും പരാതികളോ , മുറുമുറുപ്പുകളോ ഇല്ലാതെ മാറി നില്ക്കുന്നു എന്നുള്ളത് ആണ് അവരെ വ്യത്യസ്തരാക്കുന്നത്.
ഇത്തരത്തിൽ മാറി നിൽക്കുന്നവരുടെ, അല്ലെങ്കിൽ മാറ്റി നിർത്തപ്പെട്ടവരുടെ പല കൂട്ടങ്ങളും ഇന്ന് നമ്മുടെ സമൂഹത്തിൽ അന്യം അല്ല. വൈദീക മന്ദിരങ്ങൾ, ദിനം പ്രതി വർധിക്കുന്ന വൃദ്ധമന്ദിരങ്ങൾ…എവിടെയും പരാതികൾ ഇല്ല, മുറുമുറുപ്പുകൾ ഇല്ല.
ഒരു പക്ഷെ ക്രിസ്തുവിന്റെ ശരീരത്തോട് ഇത്ര മാത്രം ചേർന്ന് ഇരിക്കാൻ പറ്റിയ മറ്റെന്തെങ്കിലും ഉണ്ടോ ? സംശയം തോന്നുന്നു. കുരിശിൽ തൂങ്ങി കിടന്ന രക്ഷകനെ താങ്ങാൻ മാലാഖമാരെല്ലാം ഉണ്ടായിരുന്നിരിക്കണം. മാനുഷികമായി നോക്കുമ്പോൾ ക്രിസ്തുവിനെ കുരിശിൽ താങ്ങി നിർത്തിയതിൽ ഈ ആണികൾക്കു വലിയ ഒരു പങ്കുണ്ട്. ഒപ്പം കുരിശിലെ വേദന കൂട്ടിയതിലുo…
എൻ്റെ ജീവിത്തെ താങ്ങി നിർത്തിയ ഇത്തരത്തിലുള്ള കുറെ ജീവിതങ്ങൾ ഇന്നു എനിക്കും അന്യമാണ്. താങ്ങിനിർത്തിയവരെ വിസ്മരിച്ച എനിക്കു വേദനകൾ സമ്മാനിച്ചവരെ ഓർക്കാൻ എന്തു മാത്രം താൽപര്യം കാണുമെന്നു ഇവിടെ കുറിക്കേണ്ടതില്ലല്ലോ.
ക്രിസ്തുവിന്റെ കുരിശിലേക്കു നോക്കുമ്പോൾ ക്രിസ്തു പറയുന്നുണ്ട്, ഇനി മുതൽ ഞാൻ മാത്രം അല്ല, എൻ്റെ കുരിശും, എൻ്റെ തിരുമുറിവുകളും, എൻ്റെ മുൾകിരീടവും…. എല്ലാം നിന്റെ മനസിലൂടെ കടന്നു പോകണം.
നീ പ്രാധാന്യം അർഹിക്കുന്നില്ല എന്ന് കരുതിയ പലതും എനിക്ക് പ്രാധാന്യം ഉള്ളതാണ്.
ഫ്രിജോ തറയിൽ