ഒരു പേരിലെന്തിരിക്കുന്നു?

0


പാപിനിക്ക് മോചനം. (ലൂക്കാ 7 : 36)  ധ്യാനം -2

ഒരു പേര് പ്രതിനിധാനം ചെയ്യുന്നത് ഒരാളുടെ ജീവിതത്തിന്റെ മൂല്യങ്ങളും നിലപാടുകളും നന്മകളും ചൈതന്യവുമൊക്കെയാണ്. മദർ തെരേസയെന്നും പാദ്രേ പിയോ എന്നുമൊക്കെ കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ നന്മ നിറയുന്നത് ആ പേരുകൾ നന്മകൾ ജീവിതമാക്കിയ ഏതൊക്കെയോ മനുഷ്യരെ ഓർമ്മിപ്പിക്കുന്നതുകൊണ്ടാണ്‌.
പാപിനിയായ സ്ത്രീയുടെ പേര് സുവിശേഷത്തിൽ സ്പഷ്ടമല്ല.

മഗ്ദലേനമറിയം, ലാസറിന്റെ സഹോദരി മറിയം എന്നെല്ലാം പലരും സംശയിക്കുന്നുണ്ടെങ്കിലും അതാരാണെന്നു ഉറപ്പിച്ചുപറയാൻ ആർക്കും കഴിഞ്ഞിട്ടില്ല. പേരില്ലാത്ത, അസ്തിത്വമില്ലാത്ത ഒരു കഥാപാത്രമായിട്ടാണ് അവളെ സുവിശേഷകന്മാർ വരച്ചുവച്ചിരിക്കുന്നത്.

പാപിനി – അതാണ് അവർ അവൾക്ക് ഇട്ടിരിക്കുന്ന പേര്.   ജീവിതത്തിൽ ഇതിലും മോശമായ ഒരു പേര് അവൾക്ക് കിട്ടാനുണ്ടോ? അവളുടെ പരിതാപകരമായ അവസ്ഥ ആ പേരിൽ തന്നെ സ്പഷ്ടമാണ്. ആർക്കും നന്മ കാണാനാവാത്ത, ആർക്കും പ്രതീക്ഷ നൽകാത്ത, ആരും പരിഗണിക്കാത്ത ഒരു ജീവിതം – പാപിനിയായ ഒരു സ്ത്രീ. അവളോട്കൂടെ പാപം ചെയ്യുന്ന പുരുഷൻമാരാരും പാപികളല്ല, അവളോട്കൂടെ പാപത്തിന്റെ ഫലം പങ്കുവച്ചവരാരും പാപികളെന്നു വിളിക്കപ്പെടുന്നില്ല. പക്ഷേ അവൾക്കുമാത്രം പാപിനിപ്പട്ടം ചാർത്തിക്കിട്ടുകയാണ്.

നിനക്കും ഒരു പേരുണ്ട്. ആ പേര് കേൾക്കുന്ന മാത്രയിൽ മറ്റുള്ളവരുടെ മനസ്സിലൂടെ കടന്നുപോകുന്ന ഓർമ്മകൾ, ഭാവങ്ങൾ, ചിന്തകൾ എന്തായിരിക്കും? ഹൃദയത്തിൽ നന്മ നിറയ്ക്കുന്ന, മനസ്സിൽ സന്തോഷം തരുന്ന, ജീവിതത്തിന് പ്രതീക്ഷ നൽകുന്ന ഒരുപേരാകാൻ നിനക്ക് സാധിച്ചിട്ടുണ്ടോ? ഒരു പേരിൽ ഒത്തിരിയുണ്ട്.

ശുഭരാത്രി..

🖋

️Fr Sijo Kannampuzha OM