കൂട്

0

ചില കൂടുകൾ അണയാൻ ഉള്ള സമയം ആയി. വളച്ചുകെട്ടില്ലാതെ പറയട്ടെ, ആരൊക്കെയോ കാത്തിരിക്കാൻ ഉണ്ട് എന്ന സന്തോഷമാണ് കൂടണയാനുള്ള വേഗത വർദ്ധിപ്പിക്കുന്നത്. എല്ലാറ്റിനും അടിസ്ഥാനമായി വേണ്ടത് ഈ തിരിച്ചറിവാണ്. ഈ തിരിച്ചറിവില്ലാത്തിടത്തോളം കൂടണയുക എന്നത് എളുപ്പമല്ല.

ഓരോ നോമ്പുകാലവും നമ്മെ ക്ഷണിക്കുന്നതും ഇത്തരത്തിലൊരു കൂടണയലാണ്. നോമ്പുകാലത്ത് മാത്രം കൂടണഞ്ഞു കൂടു വിട്ടു പോകുന്ന എൻ്റെ നിലപാടുകൾ എന്നിൽ തന്നെ ചോദ്യം ചെയ്യപ്പെടണം. അതിനുള്ള ഒരു ക്ഷണം കൂടി ഇതിലുണ്ട്. എല്ലാം വെറും കാട്ടിക്കൂട്ടലുകൾ മാത്രം ആയി എന്നിൽ നിലനിൽക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ചിലപ്പോഴെങ്കിലും ഒരു മടുപ്പു എന്നെ പിടികൂടുന്നുണ്ടെങ്കിലും അതൊന്നും നീണ്ടു നിൽക്കുന്ന ഒരു വസ്തുതയല്ല.

സുഖം തേടിയുള്ള യാത്രയിൽ കൂടുകൾ മാറി മാറി ഞാൻ ചേക്കേറി. എവിടെയും ഞാൻ തൃപ്തി അടഞ്ഞിരുന്നില്ല. ഒടുവിൽ ബൈബിളിൽ എവിടെയെങ്കിലും കൂടുകളെ പറ്റി പറയുന്നുണ്ടോ എന്ന് നോക്കിയപ്പോൾ അതിശയം തോന്നാതിരുന്നില്ല. തൻ്റെ ജനത്തിൻ്റെ മധ്യത്തിൽ ദൈവം വസിക്കാൻ തിരഞ്ഞെടുത്തത് ഒരു കൂടു ആയിരുന്നു. ഇന്നും മറ്റൊരു രൂപത്തിൽ ഒരു സക്രാരിക്കുള്ളിൽ ആ കാത്തിരിപ്പ് തുടരുന്നു. 

ദേവാലയത്തിൻ്റെ ഉള്ളിൽ കടന്നപ്പോൾ ഒരു മൂലയോടു ചേർന്ന് മറ്റൊരു കൂടു കിടക്കുന്നതു കണ്ടു. ആ ഒഴിഞ്ഞമൂലയിൽ കിടക്കുന്ന കൂടിൽ  നിന്നും അൾത്താരയിലെ കൂടിലേക്കുള്ള ദൂരമാണ് നോമ്പുകാലം എന്ന് വിശ്വസിക്കാൻ  ആണ് എനിക്കിഷ്ടം. കാരണം എൻ്റെ ഇഷ്ടങ്ങൾ പലതും അവൻ്റെ ഇഷ്ടങ്ങൾ ആയിരുന്നില്ല എന്ന് എന്നെ പഠിപ്പിച്ചത് കുമ്പസാരകൂടായിരുന്നു.

ഈ കാലഘട്ടം ആ കൂടിനെ നോക്കി കല്ലെറിയുന്നുണ്ട്. ആരൊക്കെ എന്തൊക്കെ അതിനു നേരെ തൊടുത്തുവിട്ടാലും ആ കൂട്ടിൽ നിന്നു പടിയിറങ്ങുമ്പോൾ എൻ്റെ ഉള്ളിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം ഇന്ന് വരെ ഈ ഭൂമിയിൽ എവിടെയും എനിക്ക് ലഭിച്ചിട്ടില്ല എന്നത് എൻ്റെ അനുഭവം.   

വിമർശിക്കുന്നവർക്ക് വിമർശിക്കാം. പക്ഷേ മനസറിഞ്ഞു ആ കൂട്ടിൽ അവനോടു എല്ലാം ഏറ്റു പറഞ്ഞു ഇറങ്ങുമ്പോൾ മനസിൽ നിറയുന്ന  ആ സന്തോഷം കുറെ പേരെങ്കിലും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. കുമ്പസാരക്കൂട്ടിൽ ഉള്ളത് ക്രിസ്തു തന്നെ എന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം. എന്റെ ഇഷ്ടമല്ല, സഭ എന്നെ പഠിപ്പിച്ചതും അത് തന്നെ ആണ്. അത് അങ്ങനെ തന്നെ ആണുതാനും.

ഈ കൂട്ടിലുള്ള ക്രിസ്തുവിനെ അറിയാൻ കഴിയാതെ എങ്ങനെ ഒരു ഗോതമ്പപ്പത്തിൽ ഉള്ളവനെ തിരിച്ചറിയാൻ കഴിയും എന്നത് ഒരു ചോദ്യം ആണ്. എന്തൊക്കെയാണെങ്കിലും ഈ കാലഘട്ടം ഈ കൂടുകൾ അണയാനാണ് എന്നെ മാടി വിളിക്കുന്നുണ്ട്. കൂടണയണോ വേണ്ടയോ എന്നത് എൻ്റെ സ്വാതന്ത്ര്യം. ചില സ്വാതന്ത്ര്യങ്ങൾക്കു ഒരു അതിർവരമ്പു   വേണം എന്ന ചിന്തയോടെ, കൂട്ടിലിരിക്കുന്നവൻ നിന്നെ (എന്നെയും) കാത്തിരിക്കുന്നു എന്ന  ഓർമ്മപ്പെടുത്തലോടെ…….                                                                                                                                                   ഫ്രിജോ തറയിൽ.