പുതുവര്‍ഷത്തില്‍ മേരിയുടെ സഹായവും സ്‌നേഹവും നേടുക: മാര്‍പാപ്പ

0

വത്തിക്കാന്‍സിറ്റി: ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ ചെയ്യാവുന്ന ഉചിതമായ പ്രവൃത്തി മറിയത്തിലേക്ക് തിരിയുക എന്നതാണെന്നും പുതുവര്‍ഷത്തില്‍ മറിയത്തിന്റെ സ്‌നേഹവും സഹായവും കൂടുതലായി തേടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

മറിയത്തിന് നമ്മെ ഉപേക്ഷിക്കാനാവില്ല കാരണം മറിയം നമ്മെ കാണുന്നത് ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിട്ടാണ്, അതുപോലെ മറ്റുള്ളവരെ ദൈവത്തിന് കാണിച്ചുകൊടുക്കാന്‍ സഹായിക്കുന്നവളുമാണ് മറിയം. ജീവിതത്തില്‍ വിവിധതരം കെട്ടുകളും തടസ്സങ്ങളും ഉയരുമ്പോള്‍ നമുക്ക് മറിയത്തിന്റെ സഹായം ആവശ്യമുണ്ട്.

നാം നമ്മുടെ കണ്ണുകള്‍ മറിയത്തിലേക്ക് ഉയര്‍ത്തണം. ജീവിതത്തിലെ ഇരുണ്ട ഏതു കോണും പ്രകാശപൂരിതമാക്കാന്‍ മേരിയുടെ കണ്ണുകള്‍ക്ക് കഴിവുണ്ട്. പ്രത്യാശ നഷ്ടപ്പെട്ടിരിക്കുന്നവരോട് മറിയം പറയുന്നത്ഇതാണ്, ഹൃദയമുയര്‍ത്തുക എന്റെ പ്രിയപ്പെട്ട മക്കളേ ഇവിടെ ഞാനുണ്ട്, നിങ്ങളുടെ അമ്മ. മാതൃസഹജമായ ആ നോട്ടം നമ്മുക്ക് ആത്മവിശ്വാസവും ശരണവും നല്കുന്നു. നമ്മെ വിശ്വാസത്തില്‍ വളര്‍ത്താന്‍ സഹായിക്കുന്നു.

ദൈവത്തിന്റെ വിശ്വസ്ത ജനമാണ് നമ്മളെന്ന ചിന്ത അത് ഉണര്‍ത്തുന്നു. അമ്മ വളരെ പ്രധാനപ്പെട്ട ആളാണ്. ലോകത്തിലെ എല്ലാ അമ്മമാരും അങ്ങനെ തന്നെ. കാരണം കുടുംബം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് അമ്മമാരിലാണ്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

നമ്മള്‍ അമ്മമാരില്‍ നിന്നാണ് ആത്മത്യാഗം പഠിക്കുന്നത്. ശക്തിയും അനുകമ്പയും പഠിക്കുന്നത്. ജ്ഞാനം പഠിക്കുന്നത്. ദൈവത്തിന് പോലും ഒരമ്മയെ ആവശ്യമുണ്ടായിരുന്നു. അപ്പോള്‍ നമ്മുക്ക് അമ്മ എന്തുമാത്രം ആവശ്യമുണ്ട്! മറിയത്തിന്റെ കൈകളിലേക്ക് നാം നമ്മുടെ കൈകള്‍വച്ചുകൊടുക്കാനും പാപ്പാ നിര്‍ദ്ദേശിച്ചു.