അരുത്

0

ഉള്ളിൽ എപ്പോഴു൦ കേൾക്കുന്ന ഒരു സ്വരമാണ് ഇത് . ഞാൻ ഇതിനു ചെവി കൊടുക്കാറില്ല എന്ന് മാത്രം. കൊടുത്താൽ തന്നെ അതനുസരിച്ചു നീങ്ങാൻ എനിക്ക് ഇഷ്ടമില്ല. എല്ലാറ്റിന്‍റെയും അവസാനം ഞാൻ ഓർക്കാറുണ്ട്, ആ സ്വരം കേട്ടിരുന്നെങ്കിൽ എന്ന്. 

അരുത് എന്ന സ്വരം ബൈബിളിന്‍റെ തുടക്കത്തിലേ കാണുന്നുണ്ട്. തോട്ടത്തിന്‍റെ നടുവിലെ വൃക്ഷത്തിലെ ഫലം കഴിക്കരുത്. എന്നാൽ അവർ അത് കഴിച്ചു. ഈ അരുതലുകളോട് പുറം തിരിയൽ ഇന്നു തുടങ്ങിയതല്ലെന്നു ചുരുക്കം.

പത്തു കല്പനകൾ എടുത്തു നോക്കിയാലും കാണുന്നത് അരുത് എന്ന സ്വരം. പുതിയ നിയമത്തിലും ഈ അരുതലുകളുടെ സ്വരം ആവർത്തിക്കപ്പെടുന്നുണ്ട്. സമാധാനത്തോടെ പോകുക, ഞാനും നിന്നെ വിധിക്കുന്നില്ല, മേലിൽ പാപം ചെയ്യരുത്.

അരുത് എന്ന സ്വരം എന്ത് മാത്രം ആവർത്തിക്കുന്നോ അത്ര മാത്രം ഞാൻ അതിനോട് പുറം തിരിയുന്നു. ചില അരുതലുകൾക്കു ഞാൻ ചെവി കൊടുത്തിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആകില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. അനുഭവങ്ങൾ എത്ര തന്നെ ഉണ്ടായാലും ഇന്നും അരുതലുകളോട് ഞാൻ മറുതലിക്കുകയാണ്.

ഇപ്പോഴു൦ ഒരിക്കലും മറക്കാനാകാത്ത മുറിവുകൾ എന്നിൽ അവശേഷിക്കുന്നുണ്ട്. ഒരു ചൊല്ല് കേട്ടിട്ടുള്ളത്  ഇപ്രകാരം ആണ്,”കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും”. ഞാൻ കൊണ്ടാലും  പഠിക്കില്ല എങ്കിൽ അരുത് എന്ന സ്വരത്തിന്‍റെ സ്ഥാനം തന്നെ ഒരു ചോദ്യചിഹ്നം കണക്കെ ബാക്കിയാകുന്നു. ചില നോട്ടങ്ങൾ പോലും അരുത് എന്ന് പറയുന്നുണ്ട്, പ്രകൃതി പറയുന്നുണ്ട്, മൃഗങ്ങൾ പറയുന്നുണ്ട്, മനുഷ്യൻ പറയുന്നുണ്ട്…. ഞാനും പറയുന്നുണ്ട് (എന്നോടല്ലെന്നു മാത്രം). 

എന്‍റെ ഈ മനോഭാവത്തെ വിധിക്കൽ എന്ന് പറഞ്ഞാൽ തെറ്റല്ലെന്ന് കരുതുന്നു. അതുകൊണ്ടാകണം ക്രിസ്തു പറഞ്ഞത്, നിങ്ങൾ വിധിക്കരുത്, നിങ്ങളും വിധിക്കപെടില്ല എന്ന്. അരുത് എന്ന വാക്കു അപരനുള്ള അതിർവരമ്പായി ഞാൻ വരച്ചു വക്കുമ്പോൾ- എനിക്കു വേണ്ടി വരക്കപ്പെട്ട അരുതലുകളുടെ അതിർവരമ്പുകൾ നൂറു തവണ ഞാൻ മറികടന്നിരിക്കും.

അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും എന്ന വചനത്തെ കൂടി ഇതിനോട് കൂടെ കൂട്ടികെട്ടാൻ എനിക്കിഷ്ടമാണ്. കാരണം അരുതലുകളുടെ അതിർവരമ്പുകൾ മറികടന്നാണ് ഞാൻ അപരനോട് വിരൽ ചൂണ്ടുന്നത്. അനുസരിക്കേണ്ടതിന്‍റെ ഗതികേടുകൊണ്ട് എന്‍റെ  അരുതലുകളോട്  ഒരുവൻ വിധേയത്വം കാണിക്കുന്നെങ്കിൽ അത് അവന്‍റെ ബലഹീനത ആണെന്ന് കരുതരുത്. എനിക്ക് കൂടെ ബാധകമായ ചില അരുതലുകൾ മറികടന്നു ഞാൻ മറ്റുള്ളവരെ നയിക്കുമ്പോൾ ഇരുവരും ഇരുട്ടിലാണ്.

ഇന്ന് ഈ പ്രതിഭാസം എവിടെയും പ്രകടമാണ്. ഇനി എൻ്റെ ഊഴമാണ്. എനിക്ക് പിന്നിൽ മറികടന്ന ചില അരുതലുകൾ ഉണ്ടോ എന്ന ഒരു തിരിഞ്ഞുനോട്ടം… ഉണ്ടെങ്കിൽ പിന്നോട്ടു പോകണം. എന്‍റെ കൈകൾ ഒരുവന് നേരെ ഉയരും മുൻപ്‌  ഒരു നിമിഷത്തെ ആലോചന വേണം… പുറം തിരിയുന്ന ചില അരുതലുകളുടെ സ്വരത്തിനപ്പുറം ദുരന്തങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്നു മറക്കരുത്.

“അരുത്” എന്ന സ്വരം എപ്പോഴെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ ഉയരുന്നെങ്കിൽ ഒരു നിമിഷം എന്‍റെ യാത്രയുടെ വേഗത കുറയട്ടെ.                                                                                                                                                    ഫ്രിജോ തറയിൽ