അനുസരണം

0അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.( ഏശയ്യ 1: 19)

എല്ലാവരും മറ്റുള്ളവരെ അനുസരണം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന കാലമാണിത്. അനുസരിക്കാന്‍ ആരും തയ്യാറല്ല. മറ്റുള്ളവരാണ് തന്നെ അനുസരിക്കേണ്ടതെന്ന് വിചാരിക്കുന്നവരുടെ കാലം വര്‍ദ്ധിച്ചുവരുന്നുണ്ട്.

അത് വീട്ടിലായാലും സഭയിലായാലും സമൂഹത്തിലായാലും. ഒരു കുടുംബനാഥന്‍, അല്ലെങ്കില്‍കടുംബനാഥയുടെ വിചാരം വീട്ടില്‍ എല്ലാവരും തന്നെ അനുസരിക്കണമെന്നാണ്. ഒരുസ്‌കൂളിലായാലോ ഹെഡ്മാസ്റ്ററുടെയും അധ്യാപകരുടെയും വിചാരം കുട്ടികള്‍ തന്നെ അനുസരിക്കണമെന്നാണ്. ഇങ്ങനെ പറയാന്‍ വിവിധ ഉദാഹരണങ്ങളുണ്ട്. എവിടെയും നിയമങ്ങളുണ്ട്. നിയമങ്ങളോടുള്ള ബഹുമാനവും ആദരവുമാണ് അനുസരണം. നിയമങ്ങളോടുള്ള സ്‌നേഹമാണ് അനുസരണം.

അനുസരിക്കാതിരിക്കാന്‍ എളുപ്പമാണ്. പക്ഷേ അനുസരിക്കാനോ.. അവിടെ ചില ത്യാഗങ്ങളുണ്ട്. സഹനങ്ങളുണ്ട്. അഹമാണ് പലപ്പോഴും അനുസരണക്കേട് കാണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നോടാണോ ഇത് പറയുന്നത്.. ഞാനാരാണെന്ന് അറിയാമോ..ഞാന്‍ ഇത്രയും വലിയ ആളല്ലേ.. ഇതാണ് പലരുടെയും മട്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിലാണ് ചിലരൊക്കെ അനുസരണത്തോട് മറുതലിക്കുന്നത്.

അനുസരിക്കാനുള്ള മനസ്സ് വ്യക്തിത്വത്തിന്റെ ഭാഗമാണ്. നല്ല വ്യക്തിയാണോ അയാള്‍ അനുസരിക്കാന്‍ സന്നദ്ധനായിരിക്കും. മറ്റുള്ളവര്‍ അനുസരിക്കണമെന്ന് ശഠിക്കുന്ന നമ്മള്‍ എത്രപേരുണ്ടാകും മറ്റുള്ളവരോട് അനുസരണം പ്രകടിപ്പിക്കുന്നവരായിട്ട്? അനുസരണം എന്നത് സ്വയം അനുസരിക്കുന്നതിലേക്ക് മാറണം. ബൈബിളിലെ ചില അനുസരണങ്ങള്‍ അഹത്തെ ബലികഴിക്കുന്നവയാണ്.

അബ്രാഹത്തിന്റെ ബലി അനുസരണത്തിന്റെ ബലി കൂടിയായിരുന്നുവെന്ന് മറക്കരുത്. അനുസരണം ഐശ്വര്യമാണ് നമുക്ക് നല്കുന്നത്. അതുകൊണ്ട് അനുസരിക്കാന്‍ മറക്കരുത്. ആത്മാവിനെ നശിപ്പിക്കാത്തതും മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യാത്തതുമായ അനുസരണം എന്ന് പ്രത്യേകം ഓര്‍മ്മിക്കുകയുംവേണം. അതുകൊണ്ട് ചില കാര്യങ്ങള്‍ അനുസരിക്കുമ്പോള്‍ ത്യാജ്യഗ്രാഹ്യവിവേചന ശക്തി കൂടിയുണ്ടായിരിക്കണം.

സ്‌നേഹത്തോടെ
വിഎന്‍.