”വായിക്കാത്തവര്‍ക്ക് ഒരു ജീവിതമേയുള്ളൂ. എന്നാല്‍ വായിക്കുന്നവര്‍ക്ക് ഒരുപാടു ജീവിതങ്ങളുണ്ട്.” ഈ പ്രസ്താവന വായനയെ സ്നേഹിക്കുന്നവര്‍ക്ക് എളുപ്പം മനസിലാവുന്നതാണ്.
എല്ലാ മനുഷ്യര്‍ക്കും ദൈവം ഓരോ ജീവിതം മാത്രമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ വായിക്കുന്നവരാണോ നിങ്ങള്‍ക്ക് ഒന്നിലധികം ജീവിതങ്ങള്‍ സ്വന്തമാകുന്നു. എങ്ങനെയെന്നോ? നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്നു കരുതുക. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ആ ജീവിതം നിങ്ങള്‍ക്കു സ്വന്തമാകുന്നു.
ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നങ്ങള്‍, അതിനായുള്ള പരിശ്രമങ്ങള്‍ എന്നിവയെല്ലാം വായിക്കുന്നയാളുടെ സ്വന്തമായിത്തീരുന്നു. ”ആലീസ് അത്ഭുതലോകത്തില്‍” എന്ന വിശ്വപ്രസിദ്ധമായ നീണ്ടകഥ വായിക്കുമ്പോള്‍, ആലീസ് കണ്ട അത്ഭുതലോകം നിങ്ങള്‍ക്കും കാണാന്‍ കഴിയും. അതിലെ കൗതുകങ്ങളും വിസ്മയങ്ങളും അനുഭവിക്കാന്‍ കഴിയുന്നു.
ആലീസിന്റെ ജീവിതം നിങ്ങളുടേതുമായിത്തീരുന്നു. ”ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍” മറിച്ചുനോക്കുന്ന ഒരാള്‍ക്ക്് ആ പെണ്‍കുട്ടിയുടെ യാതനകളും പ്രതീക്ഷകളും പ്രശ്നങ്ങളും എളുപ്പത്തില്‍ മനസിലാകും. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു ജൂതപ്പെണ്കുട്ടി നേരിട്ട വ്യാകുലതകള്‍ ഈ നൂറ്റാണ്ടിലെ വായനക്കാര്‍ക്ക് ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ സാധിക്കും.
അങ്ങനെയാണ് നിങ്ങള്‍ക്ക് പല ജീവിതങ്ങള്‍ ജീവിക്കാന്‍ കഴിയുമെന്നു പറയുന്നത്. ഒരേയൊരു ജീവിതത്തെ പലമടങ്ങായി അനുഭവിപ്പിക്കാന്‍ വായനയ്ക്കു കഴിയുമെങ്കില്‍ അതെത്ര വലിയ കാര്യമാണ്! ഈ അവധിക്കാലത്ത് അത്തരമൊരു അന്വേഷണമായാലോ?
ഷാജി മാലിപ്പാറ