ഉപ്പ് തിന്നവൻ

0

നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? (ലൂക്കാ 6 : 46)

കർത്താവിൻ്റെ ഈ ചോദ്യങ്ങൾ ഫരിസേയരോടോ, പുരോഹിത പ്രമുഖരോടോ അല്ല, ഊണിലും ഉറക്കത്തിലും കൂടെനടക്കുന്ന ശിഷ്യരോടാണ്.ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള അവൻ്റെ യാത്രകളിൽ അവൻ്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അത്ഭുതങ്ങൾ കാണുകയും ചെയ്തവരാണ് ശിഷ്യരെല്ലാം.

കൂടെനടന്നവനോടാണ് കർത്താവ് ചോദിക്കുന്നത് ‘നീയെന്നെ കർത്താവേ എന്ന് വിളിക്കുന്നതല്ലാതെ ഞാൻ പറയുന്നതൊന്നും ജീവിതത്തിൽ പ്രവർത്തികമാക്കുന്നില്ലല്ലോ’ എന്ന്. ദൈവപുത്രനായ ക്രിസ്തുവിന് തൻ്റെ ശുഷ്യന്മാരുടെ ഹൃദയ വികാരങ്ങളും ചിന്തകളും നന്നായറിയാം. തന്നെ അനുഗമിക്കുന്നതിൽ അവർക്കവരുടേതായ പലകാരണങ്ങളും ഉണ്ട് എന്നതും യേശു മനസ്സിലാക്കിയിരിക്കണം.

ഈശോ പറയുകയും അവർ അനുവർത്തിക്കാതിരിക്കുകയും ചെയ്ത കാര്യങ്ങൾ ഏതെല്ലാമാണ്? ഈശോ ഒത്തിരി കാര്യങ്ങൾ അവരോട് പറഞ്ഞതിൽ പ്രധാനമാണ് “നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറ കെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? (.മത്തായി 5 : 13) എന്ന തിരുവചനം.

ഉപ്പ് ഭക്ഷണത്തിനു രുചി കൂട്ടുന്ന ഘടകമാണ്. ഭക്ഷ്യസാധനങ്ങൾ കേടുകൂടാതെ ഇരിക്കാനും ഉപ്പ് സഹായകമാണ്. അതുപോലെ മറ്റൊരു പ്രത്യേകതയാണ് ഉപ്പ് ശരീരത്തിൽ ദാഹം ഉണ്ടാക്കും എന്നത്. ദൈവത്തെക്കുറിച്ചുള്ള ദാഹം എന്നിലും അപരനിലും സൃഷ്ടിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? എൻ്റെ സാമീപ്യവും സാക്ഷ്യവും ചുറ്റുമുള്ളവരിൽ ക്രിസ്തുവിനോടുള്ള അടങ്ങാത്ത ദാഹം ഉണ്ടാക്കുന്നുണ്ടോ?

കൂടെനടക്കുന്നവരോട് അവൻ മടിയില്ലാതെ പിന്നെയും ചോദിക്കുന്നു “നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌”? ഉപ്പാകാൻ വിളിക്കപ്പെട്ടവൻ ദാഹം സൃഷ്ടിക്കട്ടെ. ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ.

ശുഭരാത്രി

Fr Sijo Kannampuzha OM