വത്തിക്കാന്‍ സിറ്റി: ഭൂമിയിലെ സ്നേഹങ്ങളെയോര്‍ത്ത് പരാതിപ്പെടുകയും മാനുഷികമായ സ്നേഹബന്ധങ്ങളില്‍ അസ്വസ്ഥതകള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്നേഹദൂത്.
ദൈവത്തിന് മാത്രമേ നമ്മെ അതിന്റെ പൂര്‍ണ്ണതയില്‍ സ്നേഹിക്കാനാവൂ. ദൈവം നമ്മുടെ പിതാവാണ്. അവിടുന്ന നമ്മെ മക്കളെയെന്നതുപോലെ സ്നേഹിക്കുന്നു. അവിടുന്ന് നമ്മെ സ്നേഹിക്കുന്നു, എന്നെ സ്നേഹിക്കുന്നു, നമുക്ക് അങ്ങനെ പറയാന്‍ കഴിയും. അപ്പനും അമ്മയും നമ്മെ സ്നേഹിക്കാതെ പോകുമ്പോഴും ദൈവം നമ്മെ സ്നേഹിക്കുന്നു.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നാണ് നമ്മള് പ്രാര്‍ത്ഥിക്കുന്നത് ഇതിന്റെ അര്‍ത്ഥം ഭൂമിയില്‍ പൂര്‍ണ്ണതയുള്ള സ്നേഹം കണ്ടെത്താന്‍ വിഷമകരമാണ് എന്നാണ്. അപൂര്‍ണ്ണരായ മനുഷ്യരുടെയിടയില്‍ സ്നേഹത്തിനും അപൂര്ണ്ണതയുണ്ടാകും. സ്വര്‍ഗ്ഗത്തിലുള്ള പിതാവ് എന്നത് നമ്മള് തമ്മിലുള്ള അകലമാണ്. അത് വ്യത്യാസം ചൂണ്ടികാണിക്കുന്നതാണ്. അതൊരിക്കലും അവസാനിക്കാത്ത സ്നേഹമാണ്.
ദൈവം നമ്മുടെ ഓരോരുത്തരുടെയും പേര് ഉള്ളം കയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പരിഷ്ക്കാരം പോലെ ടാറ്റൂവല്ല അത്. അതൊരിക്കലും മായ്ച്ചുകളയാനും കഴിയില്ല. അതുകൊണ്ട് ആരും ഭയപ്പെടരുത്. നാം ആരും തനിച്ചല്ല. ദൈവം നമ്മെ സ്നേഹിക്കുന്നു. പാപ്പ പറഞ്ഞു.