ഒരു തുള്ളി കണ്ണീരാവാം ..

0

“യഹൂദരുടെ ശുദ്‌ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്‌ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്‌ക്കുവിന്‍ എന്ന്‌ യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു.” (യോഹ 2 : 6-7)

ആറു കൽഭരണികൾ !
യഹൂദരുടെ അനുഷ്ഠാനപരമായ ശുദ്ധീകരണത്തിന് വേണ്ടി വെള്ളം സൂക്ഷിച്ച വലിപ്പവും ഭാരവുമുള്ള പാത്രങ്ങൾ. ഏതെങ്കിലും സൗകര്യപ്രദമായ സ്ഥലത്ത് – ഇറയത്തോ മുറ്റത്തിന്റെ വശങ്ങളിലോ – കാലങ്ങളോളം വെള്ളവുമായി ഇരിക്കേണ്ടി വന്ന ഭരണികൾ.
വെയിലേറ്റും പൊടിയടിച്ചും അങ്ങനെയൊരു ഇരിപ്പ് ..
ആ നേരത്താണ് വിവാഹവിരുന്നിന് വീഞ്ഞു തികയാതെ വരുന്നതും ശുദ്ധീകരണത്തിന്റെ ബാക്കിവന്ന പാതിവെള്ളത്തോട് വീണ്ടും വക്കോളം വെള്ളം നിറയുന്നതും..

പിന്നെ സ്വപ്നസമാനമായ സംഭവങ്ങളാണ്. ഉള്ളിലെ പച്ചവെള്ളം അത്രമേൽ രുചിയുള്ള പുതുവീഞ്ഞായി മാറുന്നു..
എല്ലാവരുടെയും അത്ഭുതം നിറഞ്ഞ നോട്ടങ്ങൾ കൽഭരണികളിലേക്ക് !
എവിടെയോ മാറ്റിവയ്ക്കപ്പെട്ട കൽഭരണികൾ ഇന്നെല്ലാവരുടെയും ആരാധനാപാത്രങ്ങളാവുകയാണ് .. !

ദൈവം തമ്പുരാൻ പലപ്പോഴും അങ്ങനെയാണ്. വിലകെട്ടതിനെയും, മാറ്റിവയ്ക്കപ്പെട്ടതിനെയും കൈ പിടിച്ചുയർത്തും, നിനയ്ക്കാത്ത നേരങ്ങളിൽ.

സുഹൃത്തേ, എന്നിലൂടെയും നിന്നിലൂടെയും ഭൂമിയിൽ സംഭവിച്ചതൊക്കെയും നമ്മുടെ കഴിവായിരുന്നു എന്ന്, കിട്ടിയ അനുഗ്രഹങ്ങൾ ഒക്കെ കൈനീട്ടി വാങ്ങാൻ മാത്രം നമ്മൾ യോഗ്യരായിരുന്നുവെന്ന് വിചാരിക്കുന്നുണ്ടോ?
തീർച്ചയായും അങ്ങനെയല്ല.
അവന്റെ കരുണ അതൊന്നു മാത്രം നമ്മെ ഇത്രത്തോളം എത്തിച്ചു..
അനുഗ്രഹത്തിന്റെ പുതുവീഞ്ഞ് കൊണ്ടുനടക്കാനുള്ള നിയോഗം കിട്ടിയെന്നു മാത്രം.

കൽഭരണികളോടാണ് ..
ഒരുതുള്ളി കണ്ണീരാവാം, പക്ഷേ തുള്ളിക്കളിക്കരുത് .. !

കൽഭരണികൾ തുള്ളിക്കളിച്ചാൽ ഉടഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കിട്ടിയ അനുഗ്രഹങ്ങളെ ഓർത്തു ദൈവത്തിന് നന്ദി പറയാം, അല്പവും അഹങ്കരിക്കാതെ.
ചുറ്റുമുള്ളവരുടെ രുചികളെ വാരിയൂട്ടിയ പുതുവീഞ്ഞിന്റെ മധുരം ഓർത്ത്, ആരും നിനയ്ക്കാത്ത ദൈവത്തിന്റെ വഴികളെ ഓർത്ത്‌ ഒരു തുള്ളി കണ്ണീരുമാവാം !

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം ..

ഫാ. അജോ രാമച്ചനാട്ട്